വിഷയത്തിൽ രാഷ്ട്രീയക്കാരും ഗൗനിക്കുന്നില്ല

സുൽത്താൻ ബത്തേരി: വനമേഖലയോട്‌ ചേർന്നുള്ള ജനവാസ കേന്ദ്രങ്ങൾ ഇക്കോ സെൻസിറ്റീവ്‌ സോണിൽ ഉൾപ്പെട്ടുവെന്ന പ്രചരണം കൊടുമ്പിരികൊണ്ടിരിക്കുമ്പോഴും ഇത് സംബന്ധിച്ച് വ്യക്തത വരാത്തത് ജനങ്ങളെ ആശങ്കയിലാക്കുന്നു. പുറത്തു പ്രചരിക്കുന്ന മാപ്പുകളിൽ സോൺ മേഖല അടയാളപ്പെടുത്തി വന്നത് ക്ലറിക്കൽ മിസ്റ്റേക്കാണന്നാണ് വനം വകുപ്പ് അന്വേഷിച്ചെത്തുന്ന കർഷകരോട് വ്യക്തമാക്കുന്നത്. വന്യജീവി സങ്കേതത്തിനകത്തെ ജനവാസകേന്ദ്രങ്ങൾ മാത്രമാണ് ഇക്കോ സെൻസിറ്റീവ്‌ സോണിൽ ഉൾപ്പെട്ടിട്ടുള്ളതെന്ന് വനം വകുപ്പ് പറയുമ്പോഴും ഇതിന്റെ വിശ്വാസ്യത ജനങ്ങൾ കാര്യമായി എടുത്തിട്ടില്ല. വനം വകുപ്പിൽ നിന്ന് ഇത് സംബന്ധിച്ച് വ്യക്തമായ ഒരു ഉറപ്പ് ലഭിക്കാത്തതാണ് കാരണം. സൗത്ത് വയനാട്‌ ഫോറസ്റ്റ് ഡിവിഷനിൽപ്പെട്ട പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ എട്ട് വാർഡുകളിലെ ജനവാസകേന്ദ്രങ്ങളും, വയനാട് വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് കിടക്കുന്ന ചെതലയം, വള്ളുവാടി, വടക്കനാട്, കരിപ്പൂര്, മുത്തങ്ങ, നൂൽപ്പുഴ തുടങ്ങിയ പ്രദേശങ്ങളും ഇക്കോ സെൻസിറ്റീവ്‌ സോണിലും, വന്യജീവി സങ്കേതത്തിലും ഉൾപ്പെട്ടുവെന്ന തരത്തിൽ പുറത്ത് വന്ന മാപ്പുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതാണ് ജനങ്ങളിൽ ആശങ്കക്കിടയാക്കുന്നത്. സംഭവത്തിന്റെ നിജസ്ഥിതി അറിയുന്നതിനും, ഇക്കോ സെൻസിറ്റീവ്‌ സോണിൽ നിന്ന് ജനവാസമേഖലയെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് വയനാട് വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിലേയ്ക്ക് ദിവസേന എത്തി കൊണ്ടിരിക്കുന്ന ജനങ്ങളുടെ എണ്ണവും അനുദിനം വർദ്ധിച്ചു വരുകയാണ്. തിരഞ്ഞെടുപ്പ് പ്രചരണം കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴും പ്രശ്നം രാഷ്ട്രീയ പാർട്ടികൾ ഒഴുക്കൻ മട്ടിൽ പറഞ്ഞുപോവുക മാത്രമാണ് ചെയ്യുന്നത്. അതെസമയം സംഭവത്തിന്റെ നിജസ്ഥിതി ജനങ്ങൾക്ക് മുമ്പാകെ ബന്ധപ്പെട്ടവർ വ്യക്തമാക്കിയില്ലെങ്കിൽ വോട്ട് ബഹിഷ്‌കരണമുൾപ്പെടെയുള്ള നടപടികളുമായി രംഗത്തിറങ്ങുമെന്നാണ് പുൽപ്പള്ളി മുള്ളൻകൊല്ലി മേഖലയിലെ ജനങ്ങൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ പാർട്ടികൾ പ്രശ്നത്തിൽ കാര്യമായി ഇടപെട്ടിട്ടില്ല. രാഷ്ട്രിയ പാർട്ടികളുടെ നിഷോധാത്മക നിലപാടിൽ കക്ഷിരാഷ്ട്രീയത്തിനധിതമായി ജനങ്ങൾ പ്രതികരിക്കാനും തുടങ്ങിയിട്ടുണ്ട്. പ്രശ്നത്തിൽ ഇടപെടുന്ന കക്ഷികൾക്ക്‌ വോട്ട് ചെയ്താൽ മതിയെന്ന തീരുമാനവുമായി ചിലമേഖലയിൽ ഇതിനോടകം കർഷകർ രംഗത്തിറങ്ങുകയും ചെയ്തു കഴിഞ്ഞു. പുൽപ്പള്ളി, മുള്ളൻകൊല്ലി എന്നി രണ്ട് പഞ്ചായത്തുകളിലുമായി 350നും 500 നുമിടയിൽ കുടുംബങ്ങളാണ്‌ സോൺ ഭീഷണിയിൽ ആശങ്കയിലുള്ളത്. സുൽത്താൻ ബത്തേരി നഗരസഭ പരിധിയിലും നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലുമായി മുവ്വായിരത്തോളം കുടുംബങ്ങളിലായി പതിനായിരത്തോളം ആളുകളാണ് താമസിക്കുന്നത്. ആയിരക്കണക്കിന് ഹെക്ടർ കൃഷിഭൂമിയും ഈമേഖലയിലുണ്ട്. പുറത്തുവന്ന മാപ്പിൽ ഈ മേഖലകൾ വന്യജീവി സങ്കേതമായാണ് കാണിച്ചിരിക്കുന്നതെന്നാണ് ആരോപണം. ഈ പ്രദേശങ്ങളെല്ലാം ഇക്കോ സെൻസിറ്റിവ്‌ സോണിൽ നിന്നും, വന്യജീവി സങ്കേത പരിധിയിൽ നിന്നും ഒഴിവാക്കി ജനവാസ കേന്ദ്രങ്ങളായി തന്നെ നിലനിർത്തണമെന്ന ആവശ്യമാണ് ജനങ്ങൾ ഉന്നയിക്കുന്നത്.
ഇക്കാര്യങ്ങളുടെ നിജസ്ഥിതി വനം വകുപ്പ് കൃത്യമായി ജനങ്ങളെ ബോധ്യപ്പെടുത്തി ആശങ്കയകറ്റണമെന്ന ആവശ്യമാണ് ഉയരുന്നത്.