1
പദ്ധതി ലോഗോ കോർപറേഷൻ ഹാളിൽ മേയർ ബീന ഫിലിപ്പ് പ്രകാശനം ചെയ്യുന്നു.

കോഴിക്കോട്: കുട്ടി ശാസ്ത്രഞ്ജന്മാരെ കണ്ടെത്താൻ പദ്ധതിയുമായി കോർപറേഷൻ. കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്രാവബോധം സൃഷ്ടിച്ച് അവരെ ഭാവിയി ശാസ്ത്രജ്ഞന്മാരാക്കുന്നതിന് സഹായം നൽകുന്ന 'നോബൽ ( നോവൽ ഓറിയന്റേഷൻ ഫോർ ബിഗിനേഴ്സ് ത്രൂ എക്സ്പിരിമെന്റൽ ലേണിംഗ്) പദ്ധതിയ്ക്ക് ഉടൻ തുടക്കമാവും. പൊതു വിദ്യാഭ്യാസ വകുപ്പ്, എസ്.എസ്.ജെ, ഡയറ്റ് എന്നിവരുടെ സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്. പദ്ധതിയുടെ ലോഗോ മേയർ ബീന ഫിലിപ്പ് പ്രകാശനം ചെയ്തു. കോർപറേഷൻ തലത്തിൽ നടക്കുന്ന പദ്ധതി ജില്ലയിലെ മറ്റ് സ്കൂളുകളിലേക്കും വ്യാപിപ്പിക്കമെന്ന് കോർപറേഷൻ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.രേഖ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പദ്ധതി ഇങ്ങനെ

കോർപ്പറേഷൻ പരിധിയിലെ സർക്കാർ/ എയ്‌ഡഡ് വിദ്യാലയങ്ങളിൽ പഠിക്കുന്ന 7, 8, 9 ക്ലാസിലെ കുട്ടികളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുക. ഗൂഗിൾ ഫോം, അഭിരുചി നിർണയ പരിശോധന എന്നിവ നടത്തി ഒരു വിദ്യാലയത്തിൽ നിന്ന് മൂന്ന് കുട്ടികളെന്ന ക്രമത്തിൽ 300 കുട്ടികളെ ആദ്യ ഘട്ടത്തിൽ തിര‌ഞ്ഞെടുക്കും. നന്നായി പഠിക്കുന്ന കട്ടികൾ എന്നതിൽ ഉപരിയായി ശാസ്ത്രത്തോട് ആഭിമുഖ്യമുള്ള കുട്ടികളെയാണ് തിരഞ്ഞെടുക്കുക. അസൈൻമെന്റ് പരീക്ഷകൾ മറ്റു വിലയിരുത്തൽ എന്നിവ വഴി ഇവരിൽ നിന്ന് രണ്ടാം ഘട്ടത്തിൽ 90 കുട്ടികളെയും പിന്നീട് 45 കുട്ടികളായും പരിമിതപ്പെടുത്തും. പിന്നീട് പ്രമുഖരുടെ ശാസ്ത്ര ക്ലാസുകൾ, ശാസ്ത്ര സാങ്കേതിക വിദ്യയിലൂടെ പുതിയ കണ്ടെത്തലുകൾ, ശാസ്ത്രജ്ഞരെ പരിചയപ്പെടൽ, ശാസ്ത്ര കേന്ദ്രങ്ങൾ പരിചയപ്പെടൽ. സെമിനാർ, പ്രോജക്ട്, പരീക്ഷണങ്ങൾ, ഗ്രൂപ്പ് ചർച്ചകൾ തുടങ്ങിയവ നൽകും. നാസ,ബാർക്ക്, ഐ.എസ് ആർ ഒ എന്നിവിടങ്ങളിലെ പ്രഗൽഭരുമായി ഓൺലൈനിലും ഓഫ് ലൈൻ ആയും ബന്ധപ്പെടാനുള്ള അവസരം ലഭ്യമാക്കും.ഗണിതം, ഭൗതികം. രസതന്ത്രം, സാമൂഹ്യ ശാസ്ത്രം, ജ്യോതിശാസ്ത്രം, ജീവശാസ്ത്രം, പരിസ്ഥിതി - കാലാവസ്ഥ. നാനോ ടെക്നോളജി, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ജനിറ്റിക്സ് തുടങ്ങിയ മേഖലകൾ ഉൾപ്പെടുത്തി വ്യത്യസ്ത ഗ്രൂപ്പുകൾ രൂപീകരിച്ച് മുന്നോട്ടുപോകാനാണ് പ്രോജക്ട് ലക്ഷ്യമാക്കുന്നത്.

ഏകദിന ശാസ്ത്രസെമിനാർ ഏഴിന്

പദ്ധതിയുമായി ബന്ധപ്പെട്ട ഏകദിന ശാസ്ത്രസെമിനാർ ഏഴിന് മുഹമ്മദ് അബ്ദു റഹ്‌മാൻ സ്മാരക ജൂബിലി ഹാളിൽ മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. പദ്ധതിയിലേക്ക് തിര‌ഞ്ഞെടുക്കപ്പെട്ട 300 വിദ്യാർത്ഥികൾ പങ്കെടുക്കും.

'' ക്ളാസ് മുറികളിലെ പഠനത്തിൽ മാത്രമൊതുങ്ങുന്നതല്ല ഇന്നത്തെ വിദ്യാഭ്യാസമെന്നും മുഴുവൻ സമയവും ഫോണിലും മറ്റുംജീവിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് ദിശ അറിയാൻ സാധിക്കുന്നില്ല. പുതിയ ലോകം അവർ അറിയണം. കുട്ടികളുടെ ബഹുമുഖ കഴിവുകൾ പരിപോഷിപ്പിക്കാനും വേണ്ടുന്ന പരിശീലനം നൽകാനും ഉതകുന്നതാണ് ഈ പദ്ധതി. കുട്ടികളിലെ കഴിവുകൾ നമ്മുടെ നാട്ടിൽ തന്നെ പ്രയോജനപ്പെടുത്തണം

''- ബീന ഫിലിപ്പ്, മേയർ