മേപ്പാടി:മഹാദുരന്തം സംഹാരതാണ്ഡവമാടിയിട്ട് ഇന്നത്തേക്ക് നൂറു ദിനം പിന്നിടുന്നു. മേപ്പാടി പഞ്ചായത്തിലെ 10, 11 ,12 വാർഡുകളിൽ ഉൾപ്പെട്ട 254 പേർ മരണപ്പെടുകയും 47പേരെ കാണാതാവുകയും ചെയ്ത ദുരന്തത്തിന് നടുക്കം ഇതുവരെയും വിട്ടു മാറിയിട്ടില്ല. ജൂലൈ 30ന് പുലർച്ചയാണ് മുണ്ടക്കൈ പുഞ്ചിരിമട്ടം ഭാഗത്ത് ഉരുൾപൊട്ടുകയും മൂന്നു ഗ്രാമങ്ങൾ തുടച്ചുനീക്കുകയും ചെയ്തത്. നൂറോളംപേർക്ക് പരിക്കേൽക്കുകയും ആയിരത്തോളം വീടുകൾ തകരുകയും ചെയ്തു. ദുരന്തം നടന്ന 100 ദിവസം പിന്നിടുമ്പോൾ പുനരധിവാസ പദ്ധതി ഉൾപ്പെടെ പ്രതിസന്ധിയിലാണ്. ഭൂമി ഏറ്റെടുക്കലിനെതിരെ ഭൂ ഉടമകൾ ഹൈക്കോടതിയെ സമീപിച്ചതോടെ ഭൂമി ഏറ്റെടുക്കകോടതി താത്ക്കാലിക സ്റ്റേ നൽകിയിരിക്കുകയാണ്. കോടതിയിൽ കേസ് നാളെ പരിഗണിക്കുന്നുണ്ട്. ഹൈക്കോടതി സ്വീകരിക്കുന്ന നിലപാടും പുനരധിവാസത്തിൽ നിർണായകമാകും. ഭൂമി ഏറ്റെടുക്കലിന് അനുകൂലമായ നടപടി ആണെങ്കിൽ വൈകാതെ ഭൂമി ഏറ്റെടുത്ത് നിർമ്മാണ പ്രവർത്തികൾ ആരംഭിക്കാനാകും. മറിച്ചാണ് വിധിയെങ്കിൽ അനുയോജ്യമായ മറ്റ് ഭൂമികൾ കണ്ടെത്തേണ്ടിവരും. ഉരുൾപൊട്ടലിനുശേഷം പുനരധിവാസത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ഡോ. ജോൺ മത്തായി കമ്മിറ്റിയെ പഠിച്ച റിപ്പോർട്ട് സമർപ്പിക്കുന്നതിന് നിയമിച്ചിരുന്നു. 50 ദിവസങ്ങൾക്കകം ജോൺ മത്തായി കമ്മിറ്റി സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ഈ റിപ്പോർട്ട് പ്രകാരം ചൂരൽമല, മുണ്ടക്കൈ മേഖലയിൽ നിശ്ചിത സ്ഥലം ഒഴികെ ജനവാസത്തിന് അനുയോജ്യമാണ്. ഇത് ദുരന്തബാധിതരിൽ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ദുരന്തഭൂമിയിലേക്ക് വീണ്ടും തിരികെപോകേണ്ടി വരുമോ എന്ന ആശങ്കയിലാണ് ദുരന്തബാധിതർ.
ദുരന്തബാധിതരുടെ മുഴുവൻ ആശങ്കകളും പരിഹരിക്കും. 1024 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനാണ് സർക്കാർ തീരുമാനം. ആയിരം സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിലുള്ള വീടുകളാണ് നിർമ്മിക്കുക. സ്ഥലം ഏറ്റെടുപ്പിലെ പ്രതിസന്ധി മാറിയാൽ വളരെവേഗം തന്നെ വീടുകളുടെ നിർമ്മാണം ആരംഭിക്കും. ഒരു മാസത്തിനകം തന്നെ താത്ക്കാലിക പുനരുധിവാസം പൂർത്തിയാക്കിയിരുന്നു. സ്ഥിരം പുനരധിവാസം ആകുന്നതുവരെ സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ നൽകുമെന്ന് കഴിഞ്ഞദിവസം റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചിരുന്നു. 10, 11, 12 വാർഡുകൾ ദുരന്തമേഖലയായി പ്രഖ്യാപിച്ച് മുഴുവനാളുകൾക്കും ആനുകൂല്യങ്ങൾ നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഈയിനത്തിൽ 140 ഓളംപേർക്ക് ഇനിയും സർക്കാർ അടിയന്തര ധനസഹായം നൽകാനുണ്ട്. ആയിരത്തോളം വീടുകൾ തകർന്നതിനു പുറമേ ചൂരൽമല,​ മുണ്ടക്കൈ ടൗണുകളിലെ വ്യാപാരസ്ഥാപനങ്ങളും തകർന്നിരുന്നു. മുണ്ടക്കൈ വെള്ളാർമല സ്‌കൂളുകളും ഇല്ലാതായി. ഈ സ്‌കൂളുകൾ താത്ക്കാലികമായി മേപ്പാടിയിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര- സംസ്ഥാന സർക്കാറുകൾ തങ്ങളുടെ പുനരധിവാസം എത്രയും വേഗം പൂർത്തീകരിക്കണമെന്നാണ് ദുരന്തബാധിതർ ആവശ്യപ്പെടുന്നത്.