 
@ കളയാംവെള്ളി പാലത്തിന് 32 കോടി അനുവദിച്ചു
നാദാപുരം: മാഹി കനാലിന് കുറുകെ എടച്ചേരി കളയാംവെള്ളിയിൽ ആർച്ച് പാലത്തിന് തുക അനുവദിച്ചതോടെ നിർമ്മാണം അന്തിമഘട്ടത്തിലെത്തി നിൽക്കുന്ന മാഹി കനാലിലൂടെയുള്ള ഗതാഗതം വേഗത്തിലാകും. മാഹി കനാലിന് കുറുകെ പാലം പുനർനിർമ്മിക്കുന്നതിന് സംസ്ഥാന സർക്കാറിന്റെ ഇൻലാന്റ് നാവിഗേഷൻ വകുപ്പ് 32.86 കോടി രൂപ അനുവദിച്ചു. നേരത്തെ കിഫ്ബി ഫണ്ടിലെ 42 കോടി രൂപ ഉപയോഗിച്ച് നാദാപുരം മുതൽ മുട്ടുങ്ങൽ വരെയുള്ള റോഡ് 12 മീറ്റർ വീതിയിൽ ആധുനിക രീതിയിൽ നവീകരിച്ചിരുന്നു. എന്നാൽ ഈ റോഡിലെ ബലക്ഷയം നേരിടുന്ന പാലം പുനർനിർമ്മിച്ചിരുന്നില്ല. പഴയ പാലം പുതുക്കി നിർമ്മിക്കുക എന്നത് ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു. കനാലിലൂടെയുള്ള ഗതാഗതത്തിന് നാദാപുരം മുട്ടുങ്ങൾ റോഡിൽ നിലവിലെ പാലം പൊളിച്ചു മാറ്റിയാണ് പുതിയ ആർച്ച് പാലം നിർമ്മിക്കുന്നത്. മാഹി കനാലിലൂടെ ബോട്ടുകൾക്ക് കടന്ന് പോകണമെങ്കിൽ പാലം പുതുക്കി പണിയേണ്ടത് അനിവാര്യമായിരുന്നു. പാലം പുനർ നിർമ്മിക്കുന്നതോടെ റോഡ് ഗതാഗതത്തിനും ബോട്ട് സർവീസിനും അനുഗ്രഹമാകും.
പാലത്തിന്റെ വീതി
11.30 മീറ്റർ
നീളം (അപ്രോച്ച് റോഡ് ഉൾപ്പെടെ)
53 മീറ്റർ
'കളയാംവെള്ളി പാലത്തിന്റെ ടെൻഡർ നടപടികൾ പൂർത്തിയാക്കി അടിയന്തര പ്രാധാന്യത്തോടെ പ്രവൃത്തി ആരംഭിക്കും'. ഇ.കെ.വിജയൻ എം.എൽ.എ