janaki
കാട്ടാന നശിപ്പിച്ച ജനകിയുടെ നെൽവയൽ

സുൽത്താൻ ബത്തേരി: കൃത്രിമമില്ലാത്ത നെല്ല് കുത്തരിയുടെ കഞ്ഞി കുടിക്കാമെന്ന മോഹം കൊണ്ടാണ് തോരമംഗലം ജാനകി ഒരേക്കർ വയലിൽ നെൽകൃഷിയിറക്കിയത്. നെല്ല് വിളഞ്ഞ് തുടങ്ങിയതോടെ ഈ വർഷമെങ്കിലും നല്ല കുത്തരിയുടെ കഞ്ഞി കുടിക്കാമല്ലോ എന്ന മോഹം ഉണ്ടായി. എന്നാൽ എല്ലാം ഒരു നിമിഷം കൊണ്ട് തകർത്തെറിയപ്പെട്ടു. കാടിറങ്ങി വന്ന കാട്ടാന എല്ലാം നശിപ്പിച്ചു. പതിവ് പോലെ ജനകിയുടെ സ്വപ്നവും ചിറകറ്റു പോയി. ഇത് ഒരു ജാനകിയുടെ മാത്രം അനുഭവമല്ല. വയനാട്ടിൽ വനമേഖലയോട് ചേർന്ന് താമസിക്കുന്ന എല്ലാവരുടെയും അനുഭവമാണ്. വനമേഖലയോട് ചേർന്ന് താമസിക്കുന്ന കർഷകർക്ക് അവരുടെ ഉത്പ്പന്നങ്ങൾ കൃത്യമായി വിളവെടുക്കാൻ കാട്ടാനയുൾപ്പെടെയുള്ള വന്യമൃഗങ്ങൾ അനുവദിക്കുന്നില്ല. കടം വാങ്ങിയും മറ്റുമാണ് കർഷകർ പാട് പെട്ട് കൃഷിയിറക്കുന്നത്. വിളവെടുക്കാറാകുമ്പോഴേക്കും വന്യമൃഗങ്ങൾ തിന്നും ചവിട്ടിയും നശിപ്പിക്കുമെന്നും അറിയാമായിരുന്നിട്ടും ആഗ്രഹം കൊണ്ടു കൃഷിയിറക്കുകയാണ്. വന്യമൃഗങ്ങളിൽ നിന്ന് നെൽകൃഷി രക്ഷപ്പെട്ട് കിട്ടിയാൽ നല്ലരിയുടെ കഞ്ഞിയെങ്കിലും കുടിക്കാമല്ലോ എന്ന ആഗ്രഹവുമാണ് കൃഷിയിറക്കാൻ ഇവരെ നിർബന്ധിതരാക്കുന്നത്. മണ്ണ് വെറുതെ ഇടുക എന്ന് പറഞ്ഞാൽ കൃഷിക്കാരെ സംബന്ധിച്ചിടത്തോളം അത് വേദനജനകവും ഭൂമിയോട് തന്നെ ചെയ്യുന്ന ഒരു അനീതിയുമാണെന്നാണ് പഴയ തലമുറയിലെ കർഷകർ വിശ്വസിച്ചു പോരുന്നത്. അതുകൊണ്ട് തന്നെയാണ് കൃഷിയിറക്കിയാൽ വന്യമൃഗങ്ങളിൽ നിന്ന് കിട്ടുകയില്ലെന്ന് അറിയാമായിരുന്നിട്ടും കൃഷിയിറക്കുന്നത്. പാടശേഖരങ്ങളിൽ നെൽകൃഷി വിളവാകാൻ തുടങ്ങുന്നതോടെ കർഷകരുടെ മനസിലും ആദി കേറാൻ തുടങ്ങും. വന്യമൃഗങ്ങളിൽ നിന്ന് ഇത്തവണയെങ്കിലും കൃഷി സംരക്ഷിച്ചെടുക്കാൻ പറ്റുമോ എന്ന ശങ്കയാണ്. ഓടപ്പള്ളം, വള്ളുവാടി വടക്കനാട്, മേഖലയുള്ള ദിനേശൻ, പാർവ്വതി, ജയപ്രകാശ്, ജയചന്ദ്രൻ ബാലൻ, വാസുദേവൻ തുടങ്ങിയവരുടെ വിളവെടുപ്പിന പാകമായി വന്ന ഏക്കർക്കണക്കിന് നെൽകൃഷിയാണ് കാട്ടാന കഴിഞ്ഞ ദിവസങ്ങളിലായി നശിപ്പിച്ചത്. കാട്ടാനയിൽ നിന്ന് കൃഷി സംരക്ഷിച്ചെടുക്കുന്നതിനായി കാവലിരുന്നെങ്കിലും ഒന്ന് നോട്ടം തെറ്റിയതോടെയാണ് ഇവരുടെയെല്ലാം കൃഷികൾ ആന തിന്നും ചവുട്ടിയും നശിപ്പിച്ചത്. വർഷംത്തോറും കൃഷിയിറക്കുകയും കാട്ടാന തിന്നു പോവുകയും ചെയ്യുമ്പോഴും ഈ കർഷകർ മുടങ്ങാതെ കൊല്ലം തോറും കൃഷിയിറക്കി വരുന്നു.

കാട്ടാന നശിപ്പിച്ച ജനകിയുടെ നെൽവയൽ