
കോഴിക്കോട്: തർക്കങ്ങൾക്കിടെ ഐക്യ ആഹ്വാനവുമായി ലീഗ്- സമസ്ത നേതാക്കൾ. ഒരു കുടുംബമാകുമ്പോൾ ഭിന്നസ്വരം സ്വാഭാവികമാണെന്നും എല്ലാ പ്രശ്നങ്ങളും സമസ്ത തന്നെ പരിഹരിക്കുമെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും സമുദായത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കണമെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും മാദ്ധ്യമങ്ങളോട് പറഞ്ഞു. പാണക്കാട് ഖാദി ഫൗണ്ടേഷൻ സമസ്തയ്ക്ക് എതിരല്ല. തങ്ങൾമാരുടെ നേതൃത്വവും പണ്ഡിതരുടെ നേതൃത്വവും ഒരുപോലെ പ്രധാനമാണെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. സമസ്തയുമായുള്ള ബന്ധം സുദൃഢമാണ്. സമസ്തയുടേത് മഹത്തായ നേതൃത്വമാണെന്നും ഭിന്നതയില്ലെന്നും പാണക്കാട് സാദിഖലി തങ്ങളും വ്യക്തമാക്കി. സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം ഉൾപ്പെടെയുള്ളവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രതികരണം.