auto

കോഴിക്കോട്: വിവിധ ആവശ്യങ്ങൾക്കായി കോഴിക്കോട്ടേക്കെത്തുന്നവരെ മിനിമം നിരക്കിൽ പറയുന്ന സ്ഥലത്ത് എത്തിക്കുന്നവരാണ് കോഴിക്കോട്ടെ ഓട്ടോക്കാർ. എന്നാൽ ഇവർക്ക് അൽപനേരം വിശ്രമിക്കാനോ, ഓട്ടോ പാർക്ക് ചെയ്യാനോ നഗരപരിധിയിൽ ഇടമില്ല. ഓട്ടോക്കാരെയും യാത്രക്കാരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്ന ഈ പ്രശ്‌നത്തിൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും ഇതുവരെ പരിഹാരമായില്ല.


7000 ത്തോളം ഓട്ടോകളാണ് നിലവിൽ കോർപ്പറേഷൻ പരിധിയിൽ കോർപ്പറേഷന്റെ സി.സി പെർമിറ്റോടെ ഓടുന്നത്. ഇതിൽ 4000 ത്തോളം വരുന്ന സി.എൻ.ജി, ഇലക്ട്രിക് ഓട്ടോകൾ പുതുതായി പെർമിറ്റ് ലഭിച്ചവയാണ്. ഇവയ്ക്ക് പെർമിറ്റ് നൽകുന്നതിന് മുൻപ് തന്നെ ഇത്രയും വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം കൂടെ ഉറപ്പുവരുത്തണമെന്ന് വിവധ സംഘടനകൾ കോർപ്പറേഷനോടും ട്രാഫിക് പൊലീസിനോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്ന് ഇത് ചെവിക്കൊള്ളാൻ അധികൃതർ തയ്യാറായില്ല. കോർപ്പറേഷൻ പരിധിയിൽ പാവങ്ങാട്, വട്ടക്കിണർ തുടങ്ങിയ പ്രദേശങ്ങളിൽ കാലങ്ങളായി ഓട്ടോ ഓടിക്കുന്ന തൊഴിലാളികളിൽ പലർക്കും സി.സി. പെർമിറ്റില്ല. പുതിയ സി.സി പെർമിറ്റിന് അപേക്ഷിക്കാൻ രണ്ട് ലക്ഷം രൂപവരെയാണ് ചെലവ് വരുന്നത്. ഇത് പലർക്കും താങ്ങാനാവുന്നതല്ല.

നഗരത്തിൽ ഓട്ടോ സ്റ്റാൻഡും പാർക്കിംഗ് സൗകര്യവും വേണ്ട സ്ഥലങ്ങളുടെ പട്ടിക പൊലീസിനും കോർപ്പറേഷനും തൊഴിലാളികൾ കൈമാറിയിട്ടുണ്ട്. ഓട്ടോ തൊഴിലാളികൾക്ക് കംഫർട്ട് സ്റ്റേഷൻ സ്ഥാപിക്കാനായി കോർപ്പറേഷൻ ബജറ്റിൽ തുക അനുവദിച്ചിട്ടുണ്ട്. എന്നാൽ സ്ഥലം കണ്ടെത്താനാവാത്തതാണ് ഇപ്പോൾ നേരിടുന്ന വെല്ലുവിളി.

ചർച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാനൊരുങ്ങി കോർപ്പറേഷനും പൊലീസും

ഓട്ടോ സ്റ്റാൻഡ്, കംഫർട്ട് സ്റ്റേഷൻ തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് നവംബർ രണ്ടിന് ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോർ വർക്കേർസ് യൂണിയൻ കോർപ്പറേഷനിലേക്ക് മാർച്ചിന് ആഹ്വാനം ചെയ്തിരുന്നു. ഈ ഘട്ടത്തിൽ കോർപ്പറേഷൻ ഇടപെട്ട് ചർച്ച നടത്തി. യൂണിയൻ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും മൂന്ന് മാസത്തിനകം പരിഹരിക്കാം എന്നാണ് കോർപ്പറേഷൻ ഉറപ്പുനൽകിയത്. ഇന്നലെ ജില്ലാ ട്രാഫിക് പൊലീസ് ആസ്ഥാനത്തേക്ക് നടത്താനിരുന്ന മാർച്ചും ട്രാഫിക് അസി. കമ്മിഷണറുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം മാറ്റിവച്ചു. ഓട്ടോ സ്റ്റാൻഡിനായി സ്ഥലം നിശ്ചയിക്കാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി (ടി.ആർ.സി) ഉടൻ വിളിച്ചുചേർക്കാമെന്നും ചർച്ചയിൽ തീരുമാനമായി.

ഓട്ടോ തൊഴിലാളികളുടെ ആവശ്യങ്ങൾ

എത്രയും പെട്ടെന്ന് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പാർക്കിങ് സൗകര്യം ഒരുക്കണം.
തൊഴിലാളികൾക്കായി കംഫർട് സ്റ്റേഷൻ സ്ഥാപിക്കണം.
കോർപ്പറേഷനില റൂറൽ പ്രദേശങ്ങളിൽ കാലങ്ങളായി ഓട്ടോ ഓടിക്കുന്നവർക്ക് അതത് പ്രദേശത്തുനിന്നും പെർമിറ്റ് അനുവദിക്കാനുള്ള സംവിധാനം ഉറപ്പാക്കണം.

'' പാർക്കിങ് സൗകര്യമില്ലാത്തതിനാൽ നിലവിൽ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. അനധികൃതമായി നഗരത്തിൽ സർവീസ് നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണം. ഇതിനായി ഓട്ടോ തൊഴിലാളികൾക്ക് ഐ.ഡി കാർഡ് സംവിധാനം ഏർപ്പെടുത്തണം''

എം അനീഷ്, ജില്ലാ പ്രസിഡന്റ്
ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് യൂണിയൻ ( സി.ഐ.ടി.യു)

7000 ത്തോളം ഓട്ടോകൾ കോർപ്പറേഷൻ പരിധിയിൽ സി.സി പെർമിറ്റോടെ ഓടുന്നത്.

4000 ത്തോളം വരുന്ന സി.എൻ.ജി, ഇലക്ട്രിക് ഓട്ടോകൾ പുതുതായി പെർമിറ്റ് ലഭിച്ചവരാണ്.