കോഴിക്കോട്: സൂപ്പർലീഗ് കേരളയുടെ ഫൈനൽ എല്ലാ അർഥത്തിലും കോഴിക്കോടിന് വെടിക്കെട്ട് പൂരം തന്നെയായിരുന്നു. കളിയുടെ ഒടുക്കം കാലിക്കറ്റിന്റെ കിരീട ധാരണം നടന്നപ്പോൾ ഗ്യാലരി ഒന്നായിട്ടിളകി. 2-1 നാണ് കാലിക്കറ്റ് എഫ്.സി ഫോഴ്‌സ കൊച്ചിയെ അടിയറവ് പറയിച്ചത്. ഇന്നലെ രാത്രി എട്ടിനായിരുന്നു കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ മിന്നൽപിണറായ ഫൈനൽമത്സരം. എങ്കിലും രാവിലെ മുതൽ വിവിധ ജില്ലകളിൽ നിന്നായി കളിപ്രേമികൾ എത്തിയിരുന്നു. പതിവായി കോഴിക്കോട്ടേക്ക് കളിപ്രേമികളുടെ ഒഴുക്ക് ജില്ലയ്ക്ക് പുറമേ മലപ്പുറത്ത് നിന്നും കണ്ണൂരിൽ നിന്നുമായിരുന്നെങ്കിൽ ഇത്തവണം കൊച്ചി അരങ്ങേറുന്ന ഫൈനൽമത്സരത്തിനായി അവിടെ നിന്നും നൂറുകണക്കിനാളുകളെത്തി. ആരവമുയർത്താനുള്ള എല്ലാ സന്നാഹങ്ങളുമായിട്ടായിരുന്നു വരവ്. കളിയുടെ കിക്കോഫ് മുതൽ ഇരുപക്ഷത്തുമായി നിലയുറച്ച് കായികപ്രേമികൾ ഓരോ നിമിഷത്തിലും കളിക്കാർക്കൊപ്പം ആരവങ്ങളുമായി ചേർന്നപ്പോൾ കോർപറേഷൻ സ്റ്റേഡിയം ആവശേത്തിലറാടി. കോഴിക്കോടിന്റെ സെമിഫൈനൽ ദിവസം ഗ്യാലറി നിറഞ്ഞത് 18,000 കാണികളാമെങ്കിൽ ഇന്നലെ അത് 30,000 കടന്നു. അത്രമാത്രം ആവേശം നിറഞ്ഞ കളിരാവ്.
ഫൈനലിന് കിക്കോഫിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ നഗരം ഫുട്‌ബോൾ ആരാധകരാൽ നിറഞ്ഞിരുന്നു. മത്സരം നടക്കുന്ന കോർപറേഷൻ ഇ.എം.എസ് സ്‌റ്റേഡിയത്തിനും അകത്തും പുറത്തും നീലക്കടൽ തീർത്ത് ബീക്കൺസ് ബ്രിഗേഡ് സംഘവും പർപ്പിൾ ആർമിയും ആവേശം വാനോളം ഉയർത്തി. രാത്രി എട്ടിനാണ് മത്സരം ആരംഭിച്ചത്.
ഏഴരകിലോ വെള്ളിയിൽ തീർത്ത കപ്പ് കാലിക്കറ്റ് എഫ്.സി ഏറ്റുവാങ്ങുമ്പോൾ ആവേശം അണപൊട്ടി. സൂപ്പർലീഗിൽ 32 മത്സരങ്ങൾക്ക് ശേഷം അരങ്ങേറിയ ഗ്രാൻഡ് ഫിനാലെ കാണികളെല്ലാം നെഞ്ചേറ്റി. ഇത്തവണത്തെ സൂപ്പർ ലീഗ് കാണാൻ ഇതുവരെ ഗ്യാലറിയിലെത്തിയത് 4,70,000 ലധികം കാണികളാണ്. എല്ലാ അർത്ഥത്തിലും കാൽപന്ത് കളിയുടെ പൂരമായിരുന്നു. സൂപ്പർ ലീഗിൽ ഇതുവരെ ഇരുടീമുകളും രണ്ടുതവണ ഏറ്റുമുട്ടിയപ്പോൾ ഒരു കളി സമനിലയിൽ കലാശിക്കുകയും രണ്ടാം കളിയിൽ ജയം കാലിക്കറ്റിനൊപ്പവുമായിരുന്നു. ഇന്നലത്തെ ജയം കൂടിയാവുമ്പോൾ അത് രണ്ടാം ജയമായി. സ്വന്തം തട്ടകത്തിൽ കീരിടമുയർത്തുകയെന്ന കാലിക്കറ്റിന്റെ സ്വപ്‌നസാഫല്യം കൂടിയായി ജയം.