കോഴിക്കോട്: ഉൾനാടൻ മത്സ്യോത്പാദനം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2024 -25 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ഫിഷറീസ് വകുപ്പ് ആരംഭിച്ച ജനകീയ മത്സ്യകൃഷിയ്ക്ക് ധനകാര്യ വകുപ്പിന്റെ ഉടക്ക്. ഫെബ്രുവരിയിൽ സമർപ്പിച്ച റിപ്പോർട്ട് ഫണ്ടില്ലെന്ന് പറഞ്ഞ് ധനകാര്യ വകുപ്പ് മടക്കിയതോടെയാണ് പദ്ധതി അവതാളത്തിലായത്. ചൂട് ആരംഭിക്കുന്നതിന് മുമ്പ് മത്സ്യകൃഷി ആരംഭിക്കണമെന്നിരിക്കെ പദ്ധതി വെെകുന്നതിൽ അപേക്ഷ നൽകിയ കർഷകരും ആശങ്കയിലാണ്. യഥാസമയം മീൻ കുഞ്ഞുങ്ങളെ ലഭിക്കാതെ എന്തു ചെയ്യുമെന്നാണ് കർഷകരുടെ ചോദ്യം. അനുമതി വെെകുന്നത് ജില്ലയിലെ ഉൾനാടൻ മത്സ്യകൃഷ്യയെ സാരമായി ബാധിക്കും. സാധാരണ ഏപ്രിൽ മുതൽ നടപ്പാക്കേണ്ട പദ്ധതി 2025 മാർച്ചിനകം പൂർത്തിയാക്കുകയും വേണം.
ജില്ലയിൽ അപേക്ഷ നൽകിയവർ 6000
ജില്ലയിൽ ആറായിരം മത്സ്യകർഷകരാണ് അപേക്ഷ നൽകി മീൻ കുഞ്ഞുങ്ങൾക്കായി കാത്തിരിക്കുന്നത്. ഇവരിൽ 200 പേരാണ് മത്സ്യകൃഷി വിപുലമായി കൃഷി ചെയ്യുന്നത് ( അഞ്ച് ഏക്കറിൽ കൂടുതൽ). ജില്ലയിൽ കൂടുതൽ പേർ കൃഷി ചെയ്യുന്ന കാർപ്പ് പോലുള്ള മത്സ്യം കൃഷിചെയ്യേണ്ട സമയമാണിത്. ജില്ലാ ഹാച്ചറികളിൽ മത്സ്യകുഞ്ഞുങ്ങളെ സ്റ്റോക്ക് ചെയ്തിട്ടുണ്ടെങ്കിലും പദ്ധതിയ്ക്ക് ധന വകുപ്പിന്റെ അനുമതിയില്ലാത്തതിനാൽ വിതരണം നടന്നില്ല. മാത്രമല്ല, ഹാച്ചറികളിൽ സംഭരിച്ച ഗൃണനിലവാരമുള മത്സ്യകഞ്ഞുങ്ങൾ താരതമ്യേന പ്രാധാന്യം കുറഞ്ഞ റാഞ്ചിംഗ് ( പുഴകളിൽ കൂട്ടമായി മത്സ്യകുഞ്ഞുകളെ നിക്ഷേപിക്കൽ ), പാടശേഖരങ്ങളിലെ കാർപ്പ് കൃഷി എന്നിവയിലേക്ക് മാറ്റേണ്ടിവന്നു. അതുവഴി കർഷകർക്ക് ലഭിക്കേണ്ടിയിരുന്ന ഗുണനിലവാരമുള മത്സ്യവിത്തുകളും നഷ്ടമായി. മറ്റു കൃഷി രീതികളായ പടുത, ബയോഫ്ലോക്ക്, എന്നിവയുടെ സ്ഥിതിയും സമാനമാണ്. അതേസമയം പദ്ധതി അവസാനിച്ചിട്ടില്ലെന്നും അനുമതി ഉടൻ ലഭിക്കുമെന്നുമാണ് ഫിഷറീസ് വകുപ്പ് പറയുന്നത്.
സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലെ മത്സ്യ കർഷകർക്ക് വിവിധ രീതികൾ വഴി മത്സ്യകൃഷി ചെയ്യാനുള്ള അവസരമാണ് ജനകീയ മത്സ്യകൃഷി പദ്ധതി.
പ്രതിസന്ധിയിലായി അക്വാ കൾച്ചർ പ്രമോട്ടർമാർ
പദ്ധതി ജനങ്ങളിലേക്കെത്തിക്കുകയും കൃഷിയ്ക്കാവശ്യമായ സഹായങ്ങൾ ചെയ്യുകയും ചെയ്യുന്ന ഫിഷറീസ് വകുപ്പിന് കീഴിലെ ദിവസ വേതനക്കാരായ അക്വാ കൾച്ചർ പ്രമോട്ടർമാരുടെ ജോലി പ്രതിസന്ധിയിലായി. ജില്ലയിൽ 38 പ്രമോട്ടർമാരും 6 കോ ഓർഡിനേറ്റർമാരുമാണുള്ളത്. 2023 മാർച്ച് വരെ പ്രതിമാസം 25 തൊഴിൽ ദിനങ്ങളുണ്ടായിരുന്നത് നിലവിൽ വെട്ടിക്കുറച്ച് 18 ആക്കി . കൂടാതെ നാല് മാസത്തെ ശമ്പളം കുടിശ്ശികയാണ്. വർഷങ്ങളായി ഈ മേഖലയിൽ ജോലി ചെയ്തവർ പദ്ധതി മുടങ്ങിയതോടെ മാസങ്ങളായി ശമ്പളമില്ലാതെ തുടരുകയാണ്. ഇതിനിടെ പ്രമോട്ടർമാരെ പിരിച്ചു വിടാൻ ശ്രമവുമുണ്ടായി. പദ്ധതിയ്ക്ക് അംഗീകാരം നൽകുക, പ്രമോട്ടർമാരുടെ വേതന കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള അക്വാ കൾച്ചർ പ്രമോട്ടേഴ്സ് യൂണിയൻ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരത്തിലാണ് .
ജില്ലയിലെ മത്സ്യകൃഷികൾ
കാർപ്പ്, കരിമീൻ, കളാഞ്ചി, കല്ലുമ്മക്കായ, വരാൽ, തിലോപ്പിയ, ആസം വാള, കാരി, രോഹു, കട്‌ല, ഹൈബ്രീഡ് ഗിഫ്റ്റ് തിലാപിയ
ജില്ലയിൽ വിപുലമായി കൃഷിചെയ്യുന്ന മത്സ്യ കർഷകർ
200