കോഴിക്കോട്: കാടുവെട്ടി, കളപറിച്ച്, അപ്പമുണ്ടാക്കി ജീവിതം നെയ്തവരാണ് കുടുംബശ്രീ പ്രവർത്തകർ. ഒരിക്കൽ പോലും കടലുകടന്നൊരു സ്വപ്നം കാണാത്തവർ അപ്രതീക്ഷിതമാണെങ്കിലും ഷാർജ ബുക്ക് ഫെസ്റ്റിവൽ വേദിയിൽ എത്തിനിൽക്കുമ്പോൾ ലോകം വെട്ടിപിടിച്ച ആവേശത്തിലാണ് 15 അംഗ സംഘം. സിനിമയിൽ മാത്രം കണ്ട അറബിനാട് കാണാൻ, അവിടുത്തെ രുചിഭേദങ്ങളറിയാൻ, മനുഷ്യരെ കാണാൻ, അവരുടെ ജീവിതമറിയാനാണ് ഈ യാത്ര. കുടുംബത്തെയും കുട്ടികളെയും നോക്കുന്ന തിരക്കിനിടെ സ്വന്തം ഇഷ്ടങ്ങൾ മറന്നുപോയവരാണ് കൂട്ടത്തിലുള്ള മിക്കവരും. ഒരു തവണയെങ്കിലും വിമാനത്തിൽ കയറണമെന്ന് ആഗ്രഹിച്ചവർ... സന്തോഷത്തോടെയും അതിലേറെ അഭിമാനത്തോടെയുമാണ് യാത്രയെന്ന് കോഓർഡിനേറ്റർ കൂടിയായ ശോഭന ടീച്ചർ പറഞ്ഞു. യാത്രയ്ക്ക് തയ്യാറെടുക്കുന്ന സമയത്താണ് ഷാർജയിൽ ബുക്ക് ഫെസ്റ്റ് നടക്കുന്നുണ്ടെന്നറിഞ്ഞത്. എന്നാൽ അതിൽ കൂടി പങ്കെടുക്കാമെന്നായി. കോവൂർ എ.ഡി.എസ് ചെയർപേഴ്സണായ ശോഭന ടീച്ചറുൾപ്പെടെ കോഴിക്കോട് കോർപ്പറേഷന്റെ കുടുംബശ്രീ സെന്റട്രൽ സി.ഡി.എസിലെ അംഗങ്ങളായ പതിനഞ്ച് പേരാണ് കോഴിക്കോട് നിന്ന് ഷാർജയിലേക്ക് ഇന്നലെ പുലർച്ചെ എയർ അറേബ്യ വിമാനത്തിൽ യാത്രതിരിച്ചത്. കേരളത്തിനകത്തും പുറത്തും നിരവധി യാത്രകൾ ഇവർ നടത്തിയിട്ടുണ്ട്. എന്നാൽ ആദ്യമാണ് വിദേശ യാത്ര. അയൽകൂട്ട സമ്പാദ്യവും കുടുംബശ്രീയിൽ നിന്ന് വായ്പയെടുത്തുമാണ് യാത്രാ ചെലവ് കണ്ടെത്തിയത്. പ്രശസ്തമായ ഷാർജ ബുക്ക് ഫെസ്റ്റിവലിൽ പങ്കെടുത്ത് എഴുത്തിന്റെ നവലോകം കണ്ട്, ഷാർജയിലെയും ദുബായിലെയും സംരംഭ സാദ്ധ്യതയുള്ള മേഖലകളും സന്ദർശിച്ച് അഞ്ച് ദിവസത്തെ യാത്ര പൂർത്തിയാക്കി ഈ മാസം15 ന് നാട്ടിൽ തിരിച്ചെത്തും.