
കോഴിക്കോട്: കഞ്ചാവുമായി പിടി കൂടിയ പ്രതിയുടെ താമസസ്ഥലത്തു നിന്നും 7.315 കിലോ കഞ്ചാവ് കണ്ടെടുത്തു. കാസർകോട് ബദിയടുക്ക കോബ്രാജ ഹൗസിൽ ശ്രീജിത്ത് ജി.സി (30)യുടെ കുറ്റിക്കാട്ടൂരിലെ വാടക കെട്ടിടത്തിലെ മുറിയിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. കഴിഞ്ഞ ദിവസം രാമാനാട്ടുകര മേൽപാലത്തിന് താഴെ രണ്ടു കിലോ കഞ്ചാവുമായി ഇയാളെ സിറ്റി നാർക്കോടിക്ക് സെൽ അസി കമ്മിഷണർ കെ.എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ഫറോക്ക് എസ്.ഐ വിനയൻ ആർ.എസി ന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പൊലീസും പിടികൂടിയിരുന്നു.
പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് താമസസ്ഥലത്ത് കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്നറിഞ്ഞത്. കാസർകോഡ് ഭാഗത്ത് നിന്നും വലിയ തോതിൽ കഞ്ചാവ് കൊണ്ട് വന്ന് ജില്ലയിലെ പല ഭാഗങ്ങളിലും വാടകയ്ക്ക് റൂം എടുത്ത് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നതാണ് ഇയാളുടെ രീതിെയന്ന് പൊലീസ് പറഞ്ഞു. മാഫിയ സംഘത്തിലെ മുഖ്യ കണ്ണിയും കൂടിയാണ്. ആർഭാടജീവിതം നയിക്കാൻ പണം കണ്ടെത്താനാണ് ഇയാൾ ലഹരി കച്ചവടം തുടങ്ങിയത്.