കൽപ്പറ്റ/ സുൽത്താൻ ബത്തേരി: വയനാട് ലോക്സഭ മണ്ഡലം ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് അവസാനം കുറിച്ച് നാടെങ്ങും ആവേശകരമായ കൊട്ടിക്കലാശം. മൂന്നു മുന്നണികളുടെയും പ്രവർത്തകർ നഗരങ്ങളിൽ ഒത്തു ചേർന്ന് ശക്തി പ്രകടനം നടത്തി. വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു പരിപാടി. മണ്ഡലത്തിന്റെ പ്രധാന നഗരം എന്ന നിലക്ക് കൽപ്പറ്റയിലാണ് എൽ.ഡി.എഫ് കൊട്ടിക്കലാശം സംഘടിപ്പിച്ചത്. സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ നേതൃത്വത്തിൽ രണ്ടു മണിക്കൂർനേരം കൽപ്പറ്റയിൽ റോഡ്‌ഷോയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. സ്ഥാനാർത്ഥിയുടെ ചിത്രവും ചിഹ്നവും പതിച്ച ചുവന്ന വസ്ത്രങ്ങൾ അണിഞ്ഞ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധിപേരാണ് പരിപാടിയിൽ പങ്കെടുത്തത്.
കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. വയനാട്ടിൽ യു.ഡി.എഫ് പണം ഒഴുക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പി. സന്തോഷ് കുമാർ എം.പി മുഖ്യപ്രഭാഷണം നടത്തി. കൊടകരേക്കാൾ വലിയ കള്ളപ്പണമാണ് വയനാട്ടിലേക്ക് ഒഴുകിയതെന്ന് അദ്ദേഹം ആരോപിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. പ്രചാരണത്തിനിടയിൽ പരമാവധിവോട്ടർമാരെ കണ്ടിട്ടുണ്ട്. വോട്ടർമാരുടെ മുഖത്തുള്ള ചിരിയാണ് തന്റെ ആത്മവിശ്വാസം. 2014 ൽനേരിയവോട്ടിന് കൈവിട്ട വയനാട് മണ്ഡലം മികച്ച ഭൂരിപക്ഷത്തോടെ തിരിച്ചുപിടിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, എൽ.ഡി.എഫ് കൺവീനർ സി.കെ ശശീന്ദ്രൻ, സി.പി.ഐ ജില്ലാ സെക്രട്ടറി ഇ.ജെ ബാബു, എൻ.സി.പി ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാൻ, ലോക്താന്ത്രിക് ജനതാദൾ ജില്ലാ പ്രസിഡന്റ് ഡി. രാജൻ തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു. യു.ഡി.എഫ് സുൽത്താൻ ബത്തേരിയിലായിരുന്നു പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ പരിപാടികൾ സംഘടിപ്പിച്ചത്. സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും നടത്തിയ റോഡ്‌ഷോയിൽ ആയിരങ്ങൾ അണിനിരന്നു. അവസാനം മണിക്കൂർ പ്രചാരണത്തിന് രാഹുലും പ്രിയങ്കയും എത്തിയത് പ്രവർത്തകർക്ക് ആവേശമായി. 11.30തോട് കുടിയായിരുന്നു പരിപാടി. ഐ ലവ് വയനാട് എന്ന് എഴുതിയ വെളുത്ത ബനിയൻ ധരിച്ചെത്തിയ രാഹുൽഗാന്ധി വയനാടിന്റെ സ്‌നേഹം കവർന്നു. കൊട്ടികലാശത്തിന്റെ അവസാന മണിക്കൂറുകളിലും ജില്ലയിൽ ഉടനീളം യു.ഡി.എഫ് റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചിരുന്നു. ലോക സഭ പ്രതിപക്ഷ നേതാവും പ്രിയങ്കഗാന്ധിയുടെ സഹോദരനുമായ രാഹുൽ ഗാന്ധിയും സ്ഥാനാർത്ഥിയായ പ്രിയങ്കയോടൊപ്പം കലാശക്കൊട്ടിലെ റോഡ് ഷോയിൽ അണിനിരന്നു. എ.ഐ.സി സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ദീപ ദാസ് മുൻഷി, ഡീൻകുര്യാക്കോസ് എം.പി, എം.എൽ.എ മാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ, പി.സി. വിഷ്ണുനാഥ്, ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ എന്നിവരും സ്ഥാനാർത്ഥിയോടൊപ്പം അണിനിരന്നു. അസംപ്ഷൻ ജംഗ്ഷനിൽ നിന്നും പ്രകടനവുമായി മുന്നോട്ട് നിങ്ങിയ റോഡ് ഷോ വീക്ഷിക്കുന്നതിനായി റോഡിനിരുവശവും നിരവധി ആളുകളാണ് തിങ്ങി കൂടിയത്. താളമേളങ്ങളുടെയും പ്രവർത്തകരുടെ മുദ്രവാക്യം വിളികളാലും മുന്നോട്ട് നീങ്ങിയ റോഡ്‌ഷോ ചുങ്കം ജംഗ്ഷന് സമീപം സമാപിച്ചു. സ്ഥാനാർത്ഥി പ്രിയങ്കാ ഗാന്ധിയും ലോകസഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. 15 മിനിറ്റ് നേരത്തെ സംസാരത്തിന് ശേഷം ഉച്ചയ്ക്ക് 12.15 ഓടെ ഇരുവരും അടുത്ത കലാശക്കൊട്ട് കേന്ദ്രമായ തിരുവമ്പാടിയിലേയ്ക്ക് തിരിച്ചു. എൻ.ഡി.എ അവരുടെ വയനാട് പാർലമെന്റ് മണ്ഡലത്തിലെ ഏറ്റവും വലിയ ശക്തികേന്ദ്രമായ ബത്തേരിയിലാണ് കൊട്ടിക്കലാശം സംഘടിപ്പിച്ചത്. ഭീമൻ ക്രൈനിൽ സ്ഥാനാർത്ഥി പാർട്ടി പതാകയുമേന്തി വാനിലേക്ക് ഉയർന്നായിരുന്നു പ്രചാരണം. ഇത് പ്രവർത്തകർക്ക് വലിയ ആവേശം ഉണ്ടാക്കി. ബത്തേരി നിയമസഭാ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് പ്രവർത്തകരാണ് കൊട്ടിക്കലാശത്തിൽ പങ്കെടുത്തത്. സുൽത്താൻ ബത്തേരി ചുങ്കത്തുള്ള ബിജെ.പി ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം സ്വതന്ത്ര മൈതാനിയിലെത്തി തിരിച്ച് ചുങ്കം ജംഗ്ഷനിൽ സമാപിക്കുകയായിരുന്നു. തുറന്ന വാഹനത്തിൽ സ്ഥാനാർത്ഥിയേയും കൊണ്ട് നടന്ന പ്രകടനത്തിന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് മുൻ അദ്ധ്യക്ഷൻ പി.കെ.കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ, നിയോജകമണ്ഡലം പ്രസിഡന്റ് എ.എസ്. കവിത, പി.സി.ഗോപിനാഥ് ,മോഹനൻ കൽപ്പറ്റ സദാനന്ദൻ, എ സുരേന്ദ്രൻ എന്നിവർനേതൃത്വം നൽകി.
താളമേളങ്ങളുടെ അകമ്പടിയോടെ നടന്ന പ്രകടനം ചുങ്കം ജംഗ്ഷനിൽ സമാപിച്ചു.