vinoda
ഇറ്റലിയിൽ നിന്നെത്തിയ വിനോദ സഞ്ചാരികൾ എൽ.ഡി.എഫ് കൊട്ടികലാശത്തിൽ നൃത്തം വെക്കുന്നു

കൽപ്പറ്റ: കൊട്ടിക്കലാശയത്തിൽ എൽ.ഡി.എഫ് പ്രവർത്തകർക്ക് ആവേശം പകർന്ന് വിനോദസഞ്ചാരികൾ. ഇറ്റലിയിൽ നിന്നും വയനാട് കാണാൻ എത്തിയ ഒരു കൂട്ടം വിനോദസഞ്ചാരികളാണ് കൽപ്പറ്റയിൽ നടന്ന എൽ.ഡി.എഫ് റാലിയിൽ പ്രവർത്തകരുടെ ആവേശം ഇരട്ടിയാക്കി നൃത്തം വച്ചത്. ഗതാഗത തടസത്തിനെ തുടർന്ന് കൽപ്പറ്റ നഗരത്തിലൂടെ നടക്കുമ്പോഴാണ് എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് റാലി ഇറ്റലി സ്വദേശികളുടെ ശ്രദ്ധയിൽപ്പെടുന്നത്. നാസിക്‌ ഡോളിന്റെ മുഴക്കമുള്ള ശബ്ദത്തിനൊപ്പം നൃത്തം വയ്ക്കുന്ന പ്രവർത്തകരെ കണ്ടതോടെ ഇറ്റലി സ്വദേശി പൗലോയും സംഘവും അവരോടൊപ്പം കൂടി. പിന്നെ ചുവടുകൾ മാറിമാറി വന്നു. വിദേശികളുടെ സാന്നിധ്യം പ്രവർത്തകരുടെ ആവേശം ഇരട്ടിയായി. കൽപ്പറ്റ സർവീസ് സഹകരണ ബാങ്ക് മുതൽ ചുങ്കം ജംഗ്ഷൻ വരെയാണ് നൃത്ത ചുവടുകളുമായി ഇവർ പങ്കുചേർന്നത്. ദൃശ്യങ്ങളെല്ലാം അവർ തന്നെ മൊബൈലിൽ പകർത്തിയെടുക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് ആണെന്നോ കൊട്ടിക്കലാശം ആണെന്നോ ഒന്നും തന്നെ ഇവർക്ക് മനസിലായിരുന്നില്ല. എന്നാൽ ആവേശത്തോടെ ഒരു കൂട്ടം ആളുകൾ നൃത്തം വെച്ച് മുന്നേറുന്നത് കണ്ടപ്പോൾ ഇറ്റലിക്കാരും ചുവടുകളുമായി റാലിയിൽ പങ്കെടുക്കുകയായിരുന്നു. മനോഹരമായ അനുഭവമെന്ന് സംഘത്തിൽപ്പെട്ട പൗലോ പറഞ്ഞു. സ്ഥാനാർത്ഥി സത്യൻ മൊകേരി ഉൾപ്പെടെയുള്ള വരും വിനോദസഞ്ചാരികളെ അഭിവാദ്യം ചെയ്തു. പൊതുയോഗത്തിൽ സംസാരിച്ച സി.പി.എം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ വിനോദസഞ്ചാരികൾക്ക് പ്രത്യേക നന്ദിയും പറഞ്ഞു. റാലിക്ക്‌ ശേഷം പ്രവർത്തകരോടൊപ്പംഫോട്ടോ എടുത്താണ് മടങ്ങിയത്. ഇന്ത്യയിലെ തിരഞ്ഞെടുപ്പിനെ കുറിച്ചും നാസിക്‌ഡോളിനെ കുറച്ചുമെല്ലാം അവർചോദിച്ചറിഞ്ഞു.

ഇറ്റലിയിൽ നിന്നെത്തിയ വിനോദ സഞ്ചാരികൾ എൽ.ഡി.എഫ് കൊട്ടികലാശത്തിൽ നൃത്തം വെക്കുന്നു