അമ്പലവയൽ: ചില നേരങ്ങളിൽ നൂൽമഴ... ചിലപ്പോൾ മനോഹരമായ കോട മഞ്ഞിനാൽ കുളിച്ചു നിൽക്കുന്ന കാഴ്ച. ഇനി ഇതൊന്നുമില്ലെങ്കിലോ അസ്തമയത്തിന്റെ അരുണാഭമായ കാഴ്ച്ചകളായിരിക്കും നിങ്ങളെ വരവേൽക്കുക. പറഞ്ഞുവരുന്നത് വയനാട്ടിലെ കിടിലൻ ഒരു ടൂറിസ്റ്റ് സ്‌പോട്ടിനെ കുറിച്ചാണ്. ഔദ്യോഗിക ടൂറിസം കേന്ദ്രമല്ലെങ്കിലും അമ്പലവയലിനടുത്ത നെല്ലാറച്ചാൽ സന്ദർശകരുടെ ഇഷ്ടഇടമായി മാറിയിരിക്കുകയാണ്. വയനാട്ടിലെ തണുപ്പും മഴയും കോടമഞ്ഞും ആസ്വദിക്കാനെത്തുന്നവരുടെ യാത്ര ഇവിടേക്ക് കൂടി നീണ്ടുതുടങ്ങിയിട്ടുണ്ടെങ്കിലും ടൂറിസം വകുപ്പിന് ഇതുവരെ ഈ സ്ഥലം കണ്ണിൽപ്പിടിച്ചിട്ടില്ലെന്ന പരിഭവം സഞ്ചാരികൾ പങ്കുവെക്കുന്നു. കാരാപ്പുഴ ഡാം റിസർവോയറും പച്ചപ്പ് നിറഞ്ഞ കുന്നുകളുമെല്ലാം സന്ദർശകരുടെ മനം നിറക്കുന്ന കാഴ്ച്ചകളൊണ്. സൂര്യാസ്തമയ കാഴ്ച്ചക്കും പ്രശസ്തമാണ് നെല്ലാറച്ചാൽ വ്യൂ പോയിന്റ്. വേണ്ടത്ര വിവരങ്ങൾ ഈ സ്ഥലത്തെ പറ്റി സഞ്ചാരികൾക്ക് ലഭിക്കാത്തതിനാൽ തന്നെ വയനാട്ടിൽ താരതമ്യേന തിരക്ക് കുറവുള്ള സ്ഥലം കൂടിയാണ് നെല്ലാറാച്ചാൽ. സമീപ പ്രദേശങ്ങളിലെ ഹോംസ്‌റ്റേകളിലും റിസോർട്ടുകളിലും താമസിക്കാനെത്തുന്നവർ മാത്രാണ് നിലവിൽ ഇവിടെ സന്ദർശകരായി എത്തുന്നത്. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും വന്നിരിക്കാനും സമയം ചിലവഴിക്കാനും പറ്റിയ സ്വസ്ഥത നിറഞ്ഞ ഇടം കൂടിയാണിവിടം. താടകത്തിലെ മത്സ്യബന്ധനവും പച്ചപരവതാനി വിരിച്ച കുന്നുകളുടെ ഭംഗിയും എത്ര കണ്ടാലും മതിവരാത്തതാണ്. തടാകക്കരയിൽ നല്ല ശുദ്ധജല മത്സ്യവും വാങ്ങാൻ കിട്ടും. മേപ്പാടിയിൽ നിന്ന് ഒമ്പത് കിലോമീറ്റർ മാത്രം അകലെയാണ് നെല്ലാറച്ചാൽ. നെടുമ്പാല വഴി ഇവിടേക്കെത്താം. മേപ്പാടിയിൽ നിന്ന് നെല്ലറച്ചാലിലേക്കുള്ള വഴിയിൽ ഇരുവശവും വിശാലമായ തേയിലത്തോട്ടങ്ങളാണെന്നതും മറ്റൊരു കാഴ്ച്ചയാണ്. സുൽത്താൻ ബത്തേരിയിൽ നിന്നാണെങ്കിൽ അമ്പലവയൽ ടൗൺ വഴി വടുവൻ ചാൽ റോഡിലേക്ക് പ്രവേശിച്ച് അൽപ്പദൂരം പിന്നിട്ട് വലത്തോട്ട് തിരിഞ്ഞാൽ നെല്ലാറച്ചാൽ വ്യൂ പോയിന്റ് എത്താം. അമ്പലവയൽ മുതൽ നെല്ലറച്ചൽ വരെ ലോക്കൽ ബസ് സർവീസുകൾ ഉണ്ട്. എടക്കൽ ഗുഹ, ഹെറിറ്റേജ് മ്യൂസിയം, മഞ്ഞപ്പാറ വ്യൂ പോയിന്റ്, ഫാന്റം റോക്ക്, കാന്തൻ പാറ വെള്ളച്ചാട്ടം, ചെമ്പ്ര പീക്ക് തുടങ്ങിയ മനോഹരമായ വിനോദ സഞ്ചാര സ്‌പോട്ടുകളും നിങ്ങൾക്ക് നെല്ലാറാച്ചാലിനടുത്തായി ഉണ്ട്. നിലവിൽ ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റാണ് നെല്ലാറച്ചാലിലെത്തുന്ന സഞ്ചാരികൾക്കുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. അണക്കെട്ടായതിനാൽ തന്നെ ഒരു കാരണവശാലും പ്ലാസ്റ്റിക് കവറുകൾ വ്യൂപോയിന്റിൽ തള്ളരുത്.
നെല്ലാറച്ചാൽ