kalari
കളരിപ്പയറ്റ്

കോഴിക്കോട്: കേരളത്തിന്റെ തനത് ആയോധന കലയായ കളരിപ്പയറ്റിനെ സംസ്ഥാന സ്‌കൂൾ ഗെയിംസിൽ ഉൾപ്പെടുത്തണമെന്ന് ഭാരതീയ പാരമ്പര്യ സ്‌പോർട്സ് കളരിപ്പയറ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മനയടത്ത് പ്രകാശൻ ഗുരുക്കൾ. ദേശീയ ഗെയിംസിലും ദേശീയ സ്‌കൂൾ ഗെയിംസിലും കളരിപ്പയറ്റിനെ ഉൾപ്പെടുത്തണമെന്ന് പ്രധാനമന്ത്രിക്കും കേന്ദ്ര സ്‌പോർട്സ് മന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകിയതിനെ തുടർന്ന് 2023 ൽ കേന്ദ്ര സർക്കാർ കളരിപ്പയറ്റ് ദേശീയ ഗെയിംസിൽ ഉൾപ്പെടുത്തി. എന്നാൽ കളരിപ്പയറ്റിന്റെ ഈറ്റില്ലമായ കേരളത്തിൽ ഇപ്പോഴും കടുത്ത അവഗണനയാണ് നേരിടുന്നത്. കേരള സ്‌കൂൾ ഗെയിംസിൽ കളരിപ്പയറ്റിനെ ഉൾപ്പെടുത്താത്തതിനാൽ ആയിരക്കണക്കിന് താരങ്ങൾക്കാണ് ദേശീയ തലത്തിൽ അവസരം നഷ്ടമാകുന്നത്. വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും ഭാരതീയ പാരമ്പര്യ സ്‌പോർട്സ് കളരിപ്പയറ്റ് അസോസിയേഷൻ ആവശ്യപ്പെട്ടു.