കോഴിക്കോട്: ബീച്ച് ആശുപത്രിയും പരിസരവും വീണ്ടും മയക്കുമരുന്ന് സംഘങ്ങളുടെ കേന്ദ്രം. വെള്ളപൂശിയ ചുമരുകളിൽ ചോരക്കറ പടർന്നിട്ടും മിണ്ടാട്ടമില്ലാതെ പൊലീസും ആശുപത്രി അധികൃതരും. സമീപത്തെങ്ങും മദ്യകുപ്പികളും സിറിഞ്ചും വെള്ളക്കുപ്പികളും നിറയുകയാണ്. ജില്ലയ്ക്കകത്തും പുറത്തുനിന്നുമായി നിരവധി വിനോദ സഞ്ചാരികളെത്തുന്ന ബീച്ചിനോട് ചേർന്നുള്ള ആശുപത്രി പരിസരം ലഹരി സംഘം കൈയടക്കിയിട്ടും തങ്ങൾക്കൊന്നുമറിയില്ലെന്ന ഭാവത്തിൽ അധികൃതർ കൈമലർത്തുകയാണ്. ബീച്ച് ആശുപത്രിയുടെ പ്രധാന കവാടം കടന്നാൽ വലതുവശത്തുകൂടിയാണ് 'വിമുക്തി' കേന്ദ്രത്തിലേക്കുള്ള വഴി. മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെട്ടവരെ ചികിത്സിച്ച് ജീവിതത്തിലേക്ക് തിരിച്ച് നടത്താനുള്ള കേന്ദ്രം. അതിനോട് ചേർന്ന് പിറകിലായുള്ള ചുവരിനരികെയാണ് രാപ്പകൽ ഭേദമില്ലാതെ മയക്കുമരുന്ന് സംഘം താവളമാക്കുന്നത്. മാസങ്ങൾക്ക് മുമ്പ് ചുമരിലെ ചോരപ്പാട് മാദ്ധ്യമങ്ങൾ വാർത്തയാക്കിയപ്പോൾ പെയിന്റടിച്ച് നീക്കുകയും മതിൽച്ചാടുന്ന വഴിയിലെ പൊട്ടിപ്പോയ ഭാഗങ്ങൾ ഷീറ്റുകൾ വെച്ച് മറക്കുകയും ചെയ്തിരുന്നു. എന്നാൽ ബീച്ചാശുപത്രിയുടെ അരമതിൽ മണിച്ചിത്രത്താഴിട്ട് പൂട്ടിയാലും ചാടിക്കയറുമെന്ന വാശിയിലാണ് മയക്കുമരുന്ന് സംഘം.
കോഴിക്കോട് നഗരത്തിലെ സാധാരണക്കാരുടെ ഏക ആശ്രയമാണ് ബീച്ച് ഗവ.ആശുപത്രി. ആയിരങ്ങളാണ് ഇവിടെ ദിനംപ്രതി ചികിത്സ തേടുന്നത്. ഒ.പി.ടിക്കറ്റെടുക്കാൻ റോഡിലേക്ക് നീളുന്ന ഇവിടുത്തെ ക്യൂ നിത്യ സംഭവമാകുമ്പോഴാണ് മയക്കുമരുന്ന് സംഘത്തിന്റെ വിളയാട്ടം. ആശുപത്രിയിൽ നിന്ന് നാനൂറ് മീറ്ററിനപ്പുറം പൊലീസ് കമ്മിഷണറുടെ ഓഫീസടക്കം ഉണ്ടായിട്ടും ബീച്ച് ആശുപത്രി പരിസരത്തെ മയക്കുമരുന്ന് സംഘത്തെ അമർച്ച ചെയ്യാൻ കഴിയാത്തത് അഴകുള്ള നഗരത്തിന് അപമാനമാണ്.
ആശുപത്രിക്കുള്ളിലും മയക്കുമരുന്ന് വിതരണം !
ചെറിയ അസുഖത്തിന് ചികിത്സതേടി സ്ഥിരതാമസക്കാരാവുന്ന നിരവധി പേരുണ്ട് ഇന്ന് ബീച്ച് ആശുപത്രി വാർഡുകളിൽ. ഇവരിൽ പലരും കാരിയർമാരാണെന്നാണ് ആശുപത്രി ജീവനക്കാരുടെ അടക്കംപറച്ചിൽ. അസുഖം ഭേദമായില്ലേ, എന്തേ പോകാത്തതെന്ന് ചോദിച്ചാൽ വേണ്ടാത്ത ചോദ്യം വേണ്ടെന്നാണ് ഭീഷണി. നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ മദ്ധ്യവയസ്‌കയായിരുന്നു കഴിഞ്ഞ കുറേക്കാലമായി ഇവിടുത്തെ പ്രധാന കാരിയർ. ഇവർക്കെതിരെ പരാതികൾ പലവഴി വന്നപ്പോൾ നിർബന്ധിച്ച് ഡിസ് ചാർജ് ചെയ്യിച്ചു. പക്ഷേ, അവരും പുതിയ നിരവധി കണ്ണികളും ആശുപത്രിയെ വലയം ചെയ്യുന്നുണ്ടെന്നാണ് ജീവനക്കാർ തന്നെ സമ്മതിക്കുന്ന കാര്യം.