photo
മുൻ മൂടാടി പഞ്ചായത്ത് പ്രസിഡന്റ് വി.പി ഭാസ്കരനോടൊപ്പം മന്ത്രി എം.ടി. പത്മ ഫ്രയൽ)

കൊയിലാണ്ടി: അന്തരിച്ച മുൻ മന്ത്രി എം.ടി പത്മ കൊയിലാണ്ടിക്കാർക്ക് സ്വന്തം നേതാവാണ്. 1987ലും 1991ലും കൊയിലാണ്ടിയെ പ്രതിനീധികരിച്ചാണ് അവർ എം.എൽഎയും മന്ത്രിയുമാകുന്നത്. 1987-ൽ ലീഡർ കെ. കരുണാകരൻ എം.ടി. പത്മയെ കൊയിലാണ്ടിയിലേക്ക് അയച്ചപ്പോൾ സി. പി.എം നേരിട്ടത് ജില്ലയിലെ ഏറ്റവും ശക്തയായ ടി. ദേവിയെ സ്ഥാനാർത്ഥിയാക്കിയായിരുന്നു. പക്ഷേ, തുടക്കക്കാരിയെങ്കിലും പത്മയുടെ ജനപിന്തുണയ്ക്കു മുന്നിൽ ടി. ദേവിയ്ക്ക് തോൽവി അറിയേണ്ടി വന്നു. 1991ൽ പത്മ വീണ്ടും കൊയിലാണ്ടിയിലെത്തിയപ്പോൾ സി.പി.എം നിയോഗിച്ചത് സി.കുഞ്ഞമ്മദ് എന്ന പ്രാദേശിക നേതാവിനെയായിരുന്നു. അവിടെയും പത്മ വിജയകിരീടം ചൂടി ലീഡർ കെ. കരുണാകരന്റെ മന്ത്രിസഭയിൽ ഗ്രാമവികസന- ഫിഷറീസ് മന്ത്രിയായി.

കൊയിലാണ്ടിയുടെ വികസനത്തിന്റെ ബ്ലൂപ്രിന്റ് തയ്യാറാക്കിയത് എം.ടി പത്മയാണന്ന് പറയാം. കൊയിലാണ്ടി പഞ്ചായത്ത് മുനിസിപ്പാലിറ്റിയായി ഉയർത്തി. ഫിഷറീസ് ടെക്നിക്കൽ സ്കൂൾ, സംസ്കൃത കോളേജ് , എം.എസ്.പി ക്യാമ്പ് ഓഫീസ്, ആവിക്കൽ പാലം, ഒറോക്കുന്നിൽ ഭവന പദ്ധതി, ഹാർബറിന് വേണ്ടിയുള്ള ശ്രമം ഇങ്ങനെ ഒട്ടേറെ പദ്ധതികൾ കൊയിലാണ്ടിയ്ക്ക് സമ്മാനിച്ചത് പത്മയായിരുന്നുവെന്ന് സഹപ്രവർത്തകനും മുൻമൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ വി.പി ഭാസ്കരൻ ഓർത്തെടുക്കുന്നു. മത്സ്യ തൊഴിലാളികൾക്ക് വീട്, കുടിവെള്ളം, ശൗചാലയം തുടങ്ങിയ പദ്ധതികൾ പത്മയുടെ വികസന നേട്ടങ്ങളായിരുന്നു. ഗ്രാമീണ മേഖലയിൽ ഗതാഗത സൗകര്യം, പട്ടികജാതി കോളനികളിൽ അടിസ്ഥാന സൗകര്യം തുടങ്ങിവെച്ചത് പത്മയുടെ കാലത്തായിരുന്നു. കൊയിലാണ്ടിയിലെ കടലാക്രമണത്തെ തടയാൻ കടൽഭിത്തി നിർമ്മാണത്തിനായി കേന്ദ്ര ഫണ്ട് ലഭ്യമാക്കിയതും ഇക്കാലത്താണ്. അഴിമതി രഹിത പൊതുജീവിതമായിരുന്നു പത്മയുടേതെന്ന് രാഷ്ട്രീയ എതിരാളികൾ പോലും സമ്മതിക്കും. മണ്ഡലത്തിലെ പ്രദേശിക കോൺഗ്രസ് നേതാക്കളെ പേരെടുത്ത് വിളിക്കാൻ കഴിയുന്ന മട്ടിലുള്ളതായിരുന്നു പത്മയുടെ സൗഹൃദം.