 
കൊയിലാണ്ടി: വെള്ളക്കെട്ട് ഒഴിവാക്കാൻ സൗകര്യമൊരുങ്ങിയതോടെ വർഷങ്ങളോളം തരിശായി കിടന്ന മൂടാടി ഗ്രാമപഞ്ചായത്തിലെ ചാക്കര പാടം ഇനി കതിരണിയും. ജില്ലാ പഞ്ചായത്തിന്റെ പാച്ചാക്കൽ തോടും ഗ്രാമപഞ്ചായത്തിന്റെ മൺതോടും വൈകാതെ യാഥാർത്ഥ്യമാവും. കൃഷിയിറക്കുന്നതിന് മുന്നോടിയായി ഗ്രാമപഞ്ചായത്ത് മുൻകൈയെടുത്ത് കർഷകരുടെ യോഗം വിളിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ സ്വീകരിച്ചു. വിത്ത്, വളം എന്നിവ കൃഷിഭവൻ മുഖേന നൽകും. തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തു. ഉത്പാദിപ്പിക്കുന്ന നെല്ല് കാർഷിക കർമസേനയുടെ മിനി റൈസ് മില്ലിലൂടെ സംസ്കരിച്ച് മൂടാടി അരി എന്ന പേരിൽ വിപണനം നടത്തും. കൃഷി ചെയ്യാൻ താത്പര്യമില്ലാത്തവരുടെ ഭൂമി ഗ്രാമപഞ്ചായത്തിലെ മറ്റ് കർഷകർക്കും കർഷക ഗ്രൂപ്പുകൾക്കും നൽകും. അഗ്രികൾച്ചർ എൻജിനിയറിംഗ് വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ള യന്ത്രങ്ങളുപയോഗിച്ചാണ് തോട് നിർമാണവും മറ്റ് ജോലികളും ചെയ്യുന്നത്. കർഷകർക്ക് വിള ഇൻഷ്വറൻസ്, കൂലി ചെലവ് സബ്സിഡി എന്നിവ ലഭ്യമാക്കും. ചാക്കര പാടത്തിൽ കൃഷി ചെയ്തിരുന്ന പഴയ കാലത്ത് നിരവധിയാളുകൾക്ക് കൃഷിപ്പണിക്ക് ഇടം കിട്ടിയതായി കർഷകർ പറയുന്നു. രണ്ട് തവണത്തെ കൊയ്ത്തിന് പോയാൽ കുടുംബത്തിന് ആഹാരത്തിന് നെല്ല് കിട്ടിയിരുന്നതായും പഴയ കർഷകർ പറഞ്ഞു.
' 24 ഹെക്ടർ തരിശു സ്ഥലം ഇത്തവണ തരിശു രഹിതമാക്കാനാവശ്യമായ പ്രവർത്തനങ്ങളാണ് നടക്കുന്നത്. പുതുസംരംഭകർ പാടത്ത് കൃഷിയിറക്കാനുള്ള വലിയ ഉത്സാഹത്തിലാണ്'. സി.കെ ശ്രീകുമാർ, പ്രസിഡന്റ് മൂടാടി ഗ്രാമപഞ്ചായത്ത് .