@ ഒന്നാം നമ്പർ പ്ലാറ്റ് ഫോം പൂർണമായും പൊളിച്ചുപണിയും
@ റിസർവേഷൻ, ഇൻഫർമേഷൻ സെന്ററുകൾ നാലാം പ്ലാറ്റ് ഫോമിലേക്ക് മാറ്റി
കോഴിക്കോട്: മുഖം മിനുക്കി രാജ്യാന്തര നിലവാരത്തിലേക്കുയരാൻ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ. നവീകരണ പ്രവർത്തനങ്ങളുടെ ആദ്യഘട്ടമെന്നനിലയിൽ ഒന്നാം നമ്പർ പ്ലാറ്റ് ഫോം പൂർണമായും പൊളിച്ചുപണിയും. പ്ലാറ്റ്‌ഫോമിലെ സിഗ്‌നലുകളും പൈപ്പ്‌ലൈനുകളും മാറ്റി സ്ഥാപിക്കൽ തുടങ്ങി. ഇത് പൂർത്തിയായാലുടൻ പ്ലാറ്റ്‌ഫോം പൊളിച്ചുനീക്കും. ഒന്നാം പ്ലാറ്റ്‌ഫോം പൊളിക്കുന്നതിന്റെ ഭാഗമായി ടിക്കറ്റ് റിസർവേഷൻ സെന്റർ നാലാം പ്ലാറ്റ്‌ഫോമിലേക്ക് മാറ്റി. നാലാം പ്ലാറ്റ്‌ഫോമിലെ പാർസൽ സർവീസ് ഓഫീസിലാണ് താത്കാലിക റിസർവേഷൻ കേന്ദ്രം പ്രവർത്തിക്കുക. ഇൻഫർമേഷൻ സെന്ററിന്റെ പ്രവർത്തനവും ഇന്നലെ മുതൽ നാലാം പ്ലാറ്റ്‌ഫോമിലേക്ക് മാറ്റി. ഒന്നും നാലും പ്ലാറ്റ്‌ഫോമുകളുടെ സമീപത്തായി മൾട്ടിലെവൽ കാർപാർക്കിംഗ്, ഹെൽത്ത് സർവീസ് യൂണിറ്റ്, പുതിയ ക്വാർട്ടേഴ്സ് കെട്ടിടം എന്നിവയുടെ പണിയാണ് നടക്കുന്നത്. നാലാം പ്ലാറ്റ്‌ഫോമിന് സമീപത്തെ ജീവനക്കാരുടെ പഴയ ക്വാർട്ടേഴ്സ് പൂർണമായും പൊളിച്ചുമാറ്റി.
അഞ്ച് നില കെട്ടിടം, വിശാലമായ പാർക്കിംഗ് സൗകര്യം
46 ഏക്കർ സ്ഥലത്ത്, 445.92 കോടി രൂപയുടെ നവീകരണപ്രവർത്തനങ്ങളാണ് സ്റ്റേഷനിൽ നടക്കുന്നത്. ഒന്നും നാലും പ്ലാറ്റ്‌ഫോമുകളിൽ അഞ്ചുനില കെട്ടിടം ഉയരും. ഇതിൽ രണ്ട് നില യാത്രക്കാരുടെ ആവശ്യങ്ങൾക്കും ബാക്കി വാണിജ്യാവശ്യങ്ങൾക്കും ഉപയോഗിക്കും. ഒന്നിലും നാലിലും നിലവിലെ പ്ലാറ്റ്‌ഫോമുകൾക്ക് പകരം രണ്ടിരട്ടി വലിപ്പമുള്ള പ്ലാറ്റ്‌ഫോമുകൾ വരും. ഒന്നാം പ്ലാറ്റ്‌ഫോമിൽ അഞ്ചുനിലകളിലും നാലിൽ ഏഴുനിലകളിലുമായാണ് പാർക്കിംഗ് സൗകര്യം ഒരുക്കുക. 1100 കാറുകൾ, 2500 ഇരുചക്രവാഹനങ്ങൾ, 100 ബസുകൾ എന്നിങ്ങനെ പാർക്കിങ് സൗകര്യമുണ്ടാവും. പാർക്കിങ് പ്ലാസയിൽ നിന്നും ആകാശപാതയിലൂടെ നേരിട്ട് റെയിൽവേ സ്റ്റേഷനിലേക്ക് എത്താൻ സാധിക്കും. 144 ക്വാട്ടേഴ്‌സുകളാണ് ജീവനക്കാർക്കായി തയ്യാറാക്കുന്നത്. 1.5 എം.എൽ.ഡി യുടെ സീവേജ് പ്ലാന്റും സ്റ്റേഷനിൽ ഒരുക്കുന്നുണ്ട്. റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ട്, ഗസ്റ്റ് ഹൗസ്, റെയിൽവേ പൊലീസ് സ്‌റ്റേഷൻ, ആർ.ആർ.ഐ കാബിൻ എന്നീ കെട്ടിടങ്ങൾ പൊളിക്കാതെ നിലനിർത്തും. കഴിഞ്ഞ വർഷം നവംബറിലാണ് റെയിൽവേ സ്റ്റേഷനെ രാജ്യാന്തര നിലവാരത്തിലേക്കുയർത്താനുള്ള നവീകരണ പ്രവൃത്തികൾ ആരംഭിച്ചത്. 2026 ഡിസംബറിൽ പദ്ധതി പൂർത്തിയാക്കും. മുംബയ് അന്ധേരിയിലെ ഗൊരേഗാവ് നിന്നുള്ള വൈ.എഫ്.സി കൺസോർഷ്യത്തിനാണ് നിർമ്മാണ കരാർ.
ഒന്നിലും നാലിലും താത്കാലിക
പാർക്കിംഗ് സൗകര്യം
ഒന്നാമത്തെ പ്ലാറ്റ്‌ഫോമിന്റെ കിഴക്ക് ഭാഗത്തും നാലാമത്തെ പ്ലാറ്റ്‌ഫോമിന് സമീപത്തും താത്കാലിക പാർക്കിംഗ് സൗകര്യം ഒരുക്കും.
ഒന്നാം പ്ലാറ്റ്ഫോമിൽ പ്രവർത്തിച്ച ഇൻഫർമേഷൻ സെന്റർ നാലാമത്തെ പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കും.
ചെലവ്
445 കോടി
'കഴിഞ്ഞ വർഷം നവംബറിലാണ് റെയിൽവേ സ്റ്റേഷനെ രാജ്യാന്തര നിലവാരത്തിലേക്കുയർത്താനുള്ള നവീകരണം ആരംഭിച്ചത്. 2026 ഡിസംബറിൽ പദ്ധതി പൂർത്തിയാക്കും'. പ്രദീപ്, പ്രോജക്ട് മാനേജർ, വൈ.എഫ്.സി കൺസോർഷ്യം.