a

ഇന്ത്യയിലെ ആദ്യത്തെ സാഹിത്യനഗരമെന്ന ഖ്യാതി നേടിയെടുത്ത കോഴിക്കോട് ഈ പദവിലെത്തിയതിന് പിന്നിൽ ഒട്ടനവധി കാരണങ്ങളുണ്ട്. സാഹിത്യവും പൈതൃകവും സജീവമായി നിലനിറുത്തുന്നതിൽ വളരെയധികം മുന്നിലായിരുന്നു കോഴിക്കോട്. ചരിത്രത്തിൽ തന്നെ പുറം ലോകവുമായി ആദ്യമായി ബന്ധം പുലർത്തിയതും കോഴിക്കോടാണ്. പോർച്ചുഗീസിൽ നിന്നെത്തിയ വാസ്കോഡഗാമ ആദ്യമായി കാലുകുത്തിയത് കോഴിക്കോടിന്റെ മണ്ണിലായിരുന്നു. ഇങ്ങനെ തുടങ്ങുന്നതാണ് കോഴിക്കോടിന്റെ ചരിത്ര പാരമ്പര്യം. പിന്നീട് നിരവധി സാഹിത്യകാരന്മാരും സാഹിത്യ രചനയും കോഴിക്കോടിനെ ചുറ്റിപ്പറ്റിയുണ്ടായി. ഇങ്ങനെ നേട്ടങ്ങളുടെ നെറുകയിൽ നിൽക്കുമ്പോഴും നൂറ്റാണ്ടുകൾക്കു മുമ്പു തുടങ്ങിയ പല ആചാരനുഷ്ഠാനങ്ങളും മുടക്കംകൂടാതെ അതേപടി നിലനിന്നു പോരുന്നതിലും ഇന്നാട്ടുകാർ ശ്രദ്ധപുലർത്തിയിരുന്നു. യുനസ്കോയുടെ സാഹിത്യനഗര പദവി നേടിയെടുത്ത കോഴിക്കോടിന്റെ മണ്ണിൽ ഇത്തവണത്ത കവിത്വവും ജ്ഞാനവും വിളിച്ചോതുന്ന രേവതി പട്ടത്താനം എന്ന വിദ്വൽസദസും ഏറെ പ്രധാന്യമർഹിക്കുന്നതാണ്. ഇത്തവണത്തെ വിഖ്യാതമായ രേവതി പട്ടത്താനം തളി ക്ഷേത്രത്തിലും സാമൂതിരി ഹാളിലുമായി നടന്നു. യുനെസ്‌കോ സാഹിത്യ നഗരമായി അംഗീകരിച്ച കോഴിക്കോടിനുവേണ്ടി മേയർ ബീന ഫിലിപ്പിനെ ഇത്തവണത്തെ രേവതി പട്ടത്താനത്തിൽ വെച്ച് ആദരിക്കുകയും ചെയ്തു.

സാഹിത്യ വിദ്വൽ സദസ്

കോഴിക്കോട് സാമൂതിരിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന സംസ‌്കൃത പണ്ഡിതൻമാരുടെ ഏഴുദിവസത്തെ ഉത്സവമാണ് രേവതി പട്ടത്താനം. തുലാം മാസത്തിലെ രേവതി നാളിൽ തുടങ്ങി തിരുവാതിര നാൾ വരെ നിലനിന്നിരുന്ന ഏഴു ദിവസത്തെ പാണ്ഡിത്യ പരീക്ഷയും തുടർന്നുള്ള പട്ടം ദാനംചെയ്യലുമാണ്. സാമൂതിരി രാജാക്കൻമാരുടെ ഭരണകാലം തൊട്ട് നടത്തിവരുന്ന ശ്രേഷ്ഠമായ ഒരാചാരമാണിത്. സംസ്‌കൃത പണ്ഡിതൻമാർ തങ്ങളുടെ അറിവും കഴിവും മാറ്റുരയ്ക്കുന്ന വിഖ്യാതമായ സാഹിത്യ വിദ്വൽ സദസ് ഇന്നലെ നടന്നു. പണ്ട് ഉയർന്ന ജാതിയിൽപ്പെട്ട മഹത്‌വ്യക്തിത്വങ്ങൾക്കാണ് ഈ വേദിയിൽ അംഗീകാരം ലഭിച്ചിരുന്നതെങ്കിലും ഇന്ന് എല്ലാ മതസ്ഥരെയും ഒരേപോലെ ഉൾക്കൊള്ളുന്ന കോഴിക്കോടിന്റെ സാംസ്‌കാരികോത്സവമാണ്. പണ്ഡിതന്മാർക്ക് പണക്കിഴിയോടൊപ്പം 'ഭട്ട' എന്ന സ്ഥാനപ്പേരുകൂടി നൽകുന്നതോടെയാണ് ഒരു വർഷത്തെ രേവതി പട്ടത്താനം ചടങ്ങുകൾ പൂർത്തിയാകുന്നത്. രേവതി നാളിൽ നടത്തുന്ന ചടങ്ങായതിനാളാണ് രേവതി പട്ടത്താനം എന്ന പേര് വന്നത്.

ഐതീഹ്യം
ഏറനാടിന്റെ കൂടി അധിപനായിരുന്ന സാമൂതിരി രാജാവ് 14-ാം നൂറ്റാണ്ടിൽ കോഴിക്കോട് തളി ശിവക്ഷേത്രം പിടിച്ചെടുക്കുകയും പരമ്പരാഗതമായി തളി ക്ഷേത്രത്തെ സേവിച്ചിരുന്ന ബ്രാഹ്മണരെ അടിച്ചമർത്തുകയും വധിക്കുകയും ചെയ്തു. തളി ക്ഷേത്രത്തിന്റെ അധികാരം പിടിച്ചടക്കിയതോടെ സാമൂതിരി കുടുംബത്തിൽ വിനാശങ്ങൾ നിത്യസംഭവങ്ങളായി തീർന്നുവെന്നും അകാലത്തിൽ കുഞ്ഞുങ്ങൾ മരണമടയുന്നതും ദമ്പതിമാർക്ക് സന്താനഭാഗ്യമില്ലാതെ പോകുന്നതും ബ്രാഹ്മണശാപമായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. കവി രാഘവാനന്ദയുടെ സമകാലികനും സന്യാസിയുമായിരുന്ന കോൽക്കുന്നത്ത് സ്വാമിയാണ് പരിഹാരമായി തുലാമാസത്തിലെ രേവതി നക്ഷത്രത്തിൽ രേവതി പട്ടത്താനമെന്ന വിദ്വൽ സദസ് നടത്താൻ ഉപദേശം സാമൂതിരിക്ക് നൽകുന്നത്. ബ്രാഹ്മണ വധം ധർമശാസ്ത്രത്തിലെ മഹാപാപങ്ങളിൽ ഒന്നായതിനാൽ സാമൂതിരി രാജാവിന്റെ പ്രായശ്ചിത്ത നടപടികളുടെ ഭാഗമായി രേവതി പട്ടത്താനത്തെ രാജാവ് അംഗീകരിച്ചു. തിരുന്നാവായ യോഗക്കാരുടെ നിർദേശമനുസരിച്ചാണ് പട്ടത്താനം തുടങ്ങിയെന്നും കഥയയുണ്ട്. മാനവിക്രമൻ രാജാവിന്റെ സദസിലെ പതിനെട്ടരകവികളിലേറെയും പട്ടത്താനത്തിന് അർഹരായിരുന്നു. കോൽക്കുന്നത്ത് ശിവാങ്കൾ എന്ന യോഗിവര്യന്റെ ഉപദേശപ്രകാരമാണ് 101 പണത്തിന്റെ കിഴി നൽകുന്ന സമ്പ്രദായം ആരംഭിച്ചത്.

പാരമ്പര്യ

തനിമയിൽ വീണ്ടും

പതിനഞ്ച്, പതിനാറ് നൂറ്റാണ്ടുകളിൽ പ്രൗഢിയോടെ നടന്നു പോന്നിരുന്ന ചടങ്ങ് പിന്നീട് പല കാരണങ്ങളാൽ മുടങ്ങിപ്പോയി. രണ്ടായിരത്തിനു ശേഷമാണ് ഇപ്പോഴത്തെ പട്ടത്താനം ചടങ്ങുകൾ ആരംഭിച്ചത്. കൊവിഡ് നിയന്ത്രണങ്ങൾ കാരണം ചുരുങ്ങിപ്പോയ ഈ ചടങ്ങ് കഴിഞ്ഞ വർഷം മുതലാണ് വീണ്ടും സജീവമായി പുനരാരംഭിച്ചത്. ഋഗ്വേദ സദസ്, വാക്യാർത്ഥസദസ്, അക്ഷരശ്ലോക സദസ് തുടങ്ങിയ പണ്ഡിത മത്സരങ്ങളാണ് പതിവായി രേവതി പട്ടത്താനത്തിൽ നടക്കുന്നത്. കൈകാട്ടി കളി, കൃഷ്ണനാട്ടം തുടങ്ങിയ കലാരൂപങ്ങളും പതിവായി പട്ടത്താനത്തിൽ അരങ്ങേറാറുണ്ട്.
ക്ഷേത്രത്തിലെ വൈദികച്ചടങ്ങുകൾക്ക് ശേഷം പട്ടത്താന ശാലയിലേക്ക് ഘോഷയാത്രയും നടന്നു.