കോഴിക്കോട്: ആരോഗ്യ വകുപ്പ് പ്രതിരോധം ശക്തമാക്കിയിട്ടും പിടിവിട്ട് ജില്ലയിൽ മഞ്ഞപ്പിത്ത വ്യാപനം. രണ്ടു മാസത്തിലേറെയായി നഗരത്തിലും പരിസര പഞ്ചായത്തുകളിലും പടർന്നുപിടിച്ച രോഗബാധയ്ക്ക് ഇതുവരെ ശമനമായിട്ടില്ല. ഈ മാസം 12 വരെയുള്ള കണക്കുപ്രകാരം 70 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. രണ്ട് പേർ മരിച്ചു. ഒക്ടോബറിൽ 240 പേരാണ് രോഗബാധിതരായത്.
മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗത്തിൽ ദിവസവും അഞ്ചും ആറും പേർ ചികിത്സ തേടിയെത്തുന്നു. ലാബ് പരിശോധനയില്ലാതെ രോഗലക്ഷണങ്ങളുമായി എത്തുന്നവർ ഇതിന്റെ ഇരട്ടിയോളം വരും. സ്വകാര്യ ആശുപത്രികളിലും നിരവധി പേരാണ് ചികിത്സ തേടിയെത്തുന്നത്. ജലസ്രോതസുകളുടെ സാംപിൾ പരിശോധന നടക്കുന്നുണ്ടെങ്കിലും പലയിടത്തും രോഗം നിയന്ത്രിക്കാനാവാത്ത സ്ഥിതിയാണ്. ഭക്ഷണ പാനീയങ്ങൾ വിൽക്കുന്ന കടകളിൽ ആരോഗ്യ വിഭാഗം നടത്തുന്ന പരിശോധന ഫലം കാണുന്നില്ലെന്നാണ് രോഗ വ്യാപനം നൽകുന്ന സൂചന. മഞ്ഞപ്പിത്തത്തിനൊപ്പം ചിക്കൻ പോക്സ്, ഡെങ്കിപ്പനി, എലിപ്പനി എന്നിവയും കൂടിവന്നതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.
രോഗ തീവ്രത കൂടുതൽ
മുൻകാലങ്ങളെ അപേക്ഷിച്ച് രോഗതീവ്രത കൂടിയതായാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്. രോഗമുക്തി നേരത്തെ എളുപ്പമായിരുന്നുവെങ്കിൽ ഇപ്പോൾ പലതരം സങ്കീർണതകൾ കാരണം രോഗികൾ ഗുരുതരാവസ്ഥയിലേക്ക് മാറുകയും മരണം വരെ സംഭവിക്കുകയും ചെയ്യുന്നു.
കാരണങ്ങൾ
കുടിവെള്ളവും ഭക്ഷണവും വഴിയാണ് രോഗപ്പകർച്ചയുണ്ടാകുന്നത്. വിവാഹം പോലുള്ള ചടങ്ങുകൾ, പൊതു കുടിവെള്ള സ്രോതസുകൾ എന്നിവ വഴിയും രോഗബാധയുണ്ടാകുന്നു. ശുചിത്വമില്ലാത്ത വെള്ളത്തിൽ ഐസ്, ശീതളപാനീയങ്ങൾ, സംഭാരം, ഐസ്‌ക്രീം എന്നിവ തയ്യാറാക്കുന്നതും മഞ്ഞപ്പിത്ത ബാധയ്ക്ക് കാരണമാകുന്നു. ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിൽ കിണറും ശൗചാലയങ്ങളും തമ്മിലുള്ള അകലം കുറഞ്ഞുവരുന്നതും പ്രശ്‌നമാണ്. ഐ.ഐ.എസ്.ആർ, സി.ഡെബ്ല്യു.ആർ.ഡി.എം തുടങ്ങി സ്ഥാപനങ്ങൾ നടത്തിയ പരിശോധനയിൽ കോളിഫോം ബാക്ടീരിയ ഉൾപ്പെടെയുള്ളവയുടെ സാന്നിദ്ധ്യം കുടിവെള്ളത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ശ്രദ്ധിക്കേണ്ടത്
1. തിളപ്പിച്ചാറിയ വെള്ളമോ വാട്ടർ പ്യൂരിഫയറിൽ നിന്നുള്ള വെള്ളമോ ഉപയോഗിക്കുക
2.ജ്യൂസ് കടകളിൽ തിളപ്പിച്ചാറിയതോ വിശ്വസിക്കാവുന്ന പ്യൂരിഫയറിൽ നിന്ന് എടുത്തതോ ആയ വെള്ളം ഉപയോഗിക്കുക
3. പകുതി തിളപ്പിച്ച വെള്ളത്തിൽ പച്ചവെള്ളം ഒഴിച്ചു തണുപ്പിക്കാതിരിക്കുക
4. മഞ്ഞപ്പിത്തത്തിന് എതിരെയുള്ള വാക്സീൻ എടുക്കുക.
5. പുറത്തു നിന്നുള്ള വെള്ളം ഒഴിവാക്കി കുപ്പികളിൽ കരുതുക
രോഗ ബാധ കണക്ക്-(നവംബർ 12 വരെ)-ഒക്ടോബർ
1. മഞ്ഞപ്പിത്തം- 70- 240
2. ചിക്കൻ പോക്സ്-32-129
3.ഡെങ്കിപ്പനി-37-130
4.എലിപ്പനി-27-27
മഞ്ഞപ്പിത്ത മരണം-2( നവംബർ)