കൽപ്പറ്റ: വിൽപ്പനയ്ക്കായി ട്രോളിയിൽ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവ് പിടികൂടി. മേപ്പാടി കള്ളാടി സ്വദേശി നെല്ലിപ്പറമ്പിൽ അനിൽ കുമാർ (അനീസ്) (46)ആണ് പിടിയിലായത്. ജില്ലാ നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ജോഷി ജോസിന് കീഴിലെ ലഹരിവിരുദ്ധ സ്‌ക്വാഡാണ് കഞ്ചാവ് പിടികൂടിയത്. ഇയാൾക്ക് ജില്ലയിലും പുറത്തുമായി നിരവധി മോഷണകേസുകളുണ്ട്.
വ്യാഴാഴ്ച പുലർച്ചയാണ് ഇയാളെ പിടികൂടിയത്. വിവിധ കേസുകളിൽ ദീർഘകാലം ജയിൽ ശിക്ഷ അനുഭവിച്ച ഇയാൾ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതോടെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. കൽപ്പറ്റ പുതിയ സ്റ്റാൻഡിന് സമീപം സംശയാസ്പദമായി കണ്ടതോടെ ഇയാളെ പിന്തുടർന്ന് പരിശോധിക്കുകയായിരുന്നു. ഡാൻസാഫ് എസ്.ഐ എൻ.വി ഹരീഷ് കുമാറിന്റെയും കൽപ്പറ്റ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ എം. സജി ഷിനോബിന്റെയും നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കർണാടകയിൽ നിന്നും എത്തിച്ച കഞ്ചാവാണ് ഇതെന്നാണ് സൂചന. പ്രതിയെ കൂടുതൽ ചോദ്യംചെയ്ത്
കഞ്ചാവിന്റെ ഉറവിടം കണ്ടെത്തും. ചില്ലറ വില്പനക്കാർക്ക് കൈമാറാനാണ് ഇത്രയും കൂടിയ അളവിൽ കഞ്ചാവ് എത്തിച്ചത് എന്നാണ് സൂചന. ജില്ലയിൽ ലഹരി ഉപയോഗവും വിൽപ്പനയും ശക്തമായി തടയുമെന്ന് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി അറിയിച്ചു.
അനിൽ കുമാർ