 
കോഴിക്കോട്: നഗര തിരക്കിനും ബഹളത്തിനുമിടയിൽ കോഴിക്കോട്ടുകാർക്ക് തണലാകുന്നയിടമാണ് സരോവരം ബയോപാർക്ക്. കണ്ടൽകാടും ബോട്ടിംഗും പക്ഷി സങ്കേതവുമാണ് ഇവിടുത്തെ മുഖ്യ ആകർഷണങ്ങൾ. പാർക്കിലെ കളിപൊയ്കയിലൂടെയുള്ള ബോട്ട് യാത്ര സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. മുടങ്ങിപ്പോയ ആ ബോട്ട് യാത്ര ഏറെ നാളയ്ക്കുശേഷം ഇന്നലെ മുതൽ പുനരാരംഭിച്ചു. ഒന്നരവർഷത്തിനുശേഷമാണ് സരോവരം ബയോപാർക്കിൽ ഡി.ടി.പി.സിയുടെ പെഡൽ ബോട്ടുകൾ നീരണിയുന്നത്.
താനൂർ ബോട്ടപകടത്തിനുശേഷം ടൂറിസം വകുപ്പ് വിനോദസഞ്ചാര മേഖലയിൽ ബോട്ടുകൾ ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വകുപ്പിൽ നിന്ന് വീണ്ടും ലൈസൻസും അനുമതിയും വാങ്ങിയ ശേഷമാണ് പെഡൽ ബോട്ടിംഗ് പുനരാരംഭിച്ചത്. കനോലി കനാലിൽ നിന്ന് പാർക്കിലെ തടാകത്തിലേക്ക് അനിയന്ത്രിതമായി മാലിന്യം കയറുന്നത് ബോട്ട് സർവീസിന് വെല്ലുവിളിയായിരുന്നു. തടയണകൾ കെട്ടി തടാകത്തിലേക്കുള്ള മാലിന്യം തടഞ്ഞാണ് ബോട്ട് യാത്ര സുഖമമാക്കിയത്.
 സർവീസ് ഇങ്ങനെ
രണ്ട് പേർക്കും നാലുപേർക്കും കയറാവുന്ന അഞ്ച് പെഡൽ ബോട്ടുകളാണ് സർവീസ് നടത്തുന്നത്.
രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെയാണ് സമയം.
20 മിനിറ്റിന് കുട്ടികൾക്ക് 40 രൂപയും മുതിർന്നവർക്ക് 70 രൂപയുമാണ് ടിക്കറ്റ് നിരക്ക്
സഞ്ചാരികളുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് ടൂറിസം വകുപ്പ് ഇടപെട്ട് ബോട്ട് സർവീസ് പുനരാരംഭിച്ചത്. പാർക്കിന്റെ നവീകരണത്തിനായി രണ്ടരകോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഈ പ്രവൃത്തികൾ ഉടൻ ആരംഭിക്കും. നന്ദുലാൽ , സരോവരം ബയോപാർക്ക് മാനേജർ, ഡി.ടി.പി.സി