cen
സുഗന്ധവിള ഗവേഷണ കേന്ദ്രം

കോഴിക്കോട്: സുഗന്ധ വ്യഞ്ജനങ്ങളുടെ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള പരിശോധനകൾക്കും വിശകലനത്തിനും ഇനി പൊതുജനങ്ങൾക്ക് ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തെ (ഐ.ഐ.എസ്.ആർ)സമീപിക്കാം. നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസിന്റെ (എൻ.എ.ബി.എൽ) അന്താരാഷ്ട്ര അംഗീകാരം ( ഐ.എസ്.ഒ / ഐ.ഇ.സി 17025:2017) ലഭിച്ചതോടെയാണ് ഈ നേട്ടം. സുഗന്ധവ്യഞ്ജനങ്ങളും ജൈവവളങ്ങളും പരിശോധിക്കുന്ന ലബോറട്ടറികൾക്കാണ് അംഗീകാരം.

രാജ്യത്തെ സുഗന്ധവിള ഉത്പാദന വ്യവസായത്തിന് ആവശ്യമായ പരിശോധന സേവനങ്ങൾ നൽകുന്നതിനായി ഐ.സി.എ.ആർ- ഐ.ഐ.എസ്.ആർ സേവനം ഉപയോഗപ്പെടുത്താം. ഇത് സുഗന്ധവ്യഞ്ജനങ്ങളുടെ ഗുണനിലവാരത്തിൽ ഉപഭോക്തൃ വിശ്വാസം വർദ്ധിപ്പിക്കുകയും വിപണിയിൽ ലഭ്യമായ ഉത്പ്പന്നങ്ങളുടെ നിലവാര പരിശോധനയ്ക്കുള്ള സാദ്ധ്യതകളും വിപുലപ്പെടുത്തും. ജൈവവള പരിശോധന നടത്തുന്നതിനും സ്ഥാപനത്തിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതുവഴി വിപണിയിൽ ലഭ്യമായ ജൈവ ഉപാധികളുടെ ഗുണനിലവാരം ഉറപ്പുവരുത്താനും സഹായകമാകും. ഈ നേട്ടത്തിന്റെ പശ്ചാത്തലത്തിൽ, കൂടുതൽ പരിശോധനാ ഘടകങ്ങൾക്ക് എൻ.എ.ബി.എൽ അംഗീകാരം നേടുന്നതിനുള്ള നടപടികളും ഐ.ഐ.എസ്ആർ ആരംഭിച്ചു. ഡോ. വി ശ്രീനിവാസൻ, ഡോ. ഷംസുദ്ധീൻ എം, ഡോ. ശിവരഞ്ജനി ആർ, ടെക്നിക്കൽ അസിസ്റ്റന്റുമാരായ കാർത്തിക എൻ, ഷജിന ഒ എന്നിവരുൾപ്പെടുന്ന സംഘമാണ് അക്രഡിറ്റേഷൻ നേടിയെടുക്കുന്നതിൽ പങ്കാളികളായത്.