 
പുൽപ്പള്ളി: കബനി കടന്ന് കേരളഅതിർത്തി ഗ്രാമങ്ങളിലേക്ക് കാട്ടനക്കൂട്ടം എത്തുന്നത് കർഷകരെ ആശങ്കയിലാക്കുന്നു. അതിർത്തി പ്രദേശങ്ങളായ കൊളവള്ളി മുതൽ പെരിക്കല്ലൂർ വരെയുള്ള പ്രദേശങ്ങളിൽ നെൽകൃഷിയിറക്കിയ കർഷകരാണ് ആശങ്കയിലായിക്കുന്നത്. സമീപ കാലത്ത് പുഴയോരം കേന്ദ്രീകരിച്ച് വന്യജീവി പ്രതിരോധ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. തൂക്ക് ഫെൻസിംഗാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. വയൽ കൃഷിആരംഭിക്കുന്നതോടെ കർണാടകയിൽ നിന്ന് കാട്ടാനകൾ കൂട്ടത്തോടെ കേരള അതിർത്തി ഗ്രാമങ്ങളിലേക്ക് എത്താറുണ്ട്. പലയിടങ്ങളിലും തൂക്ക് ഫെൻസിംഗ് തകർത്താണ് ആനകൾ കൃഷിയിടത്തിലിറങ്ങി നാശംവിതക്കുന്നത്. മുൻ വർഷങ്ങളിൽ ഇത്തരം നിരവധി സംഭവങ്ങൾ ഉണ്ടായി. പാടങ്ങളിലെല്ലാം നെൽ ചെടികൾ കതിരണിഞ്ഞ് നിൽക്കുകയാണ്. ഇനി വിളവെടുപ്പ്കാലംവരെ കർഷകർ കാവലിരുന്നും മറ്റുമാണ് കൃഷിസംരക്ഷിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കബനിയും കന്നാരം പുഴയും കടന്ന് കൊളവള്ളിയിലെ പാടങ്ങൾക്കടുത്തുവരെ കാട്ടാനകൾ എത്തിയിരുന്നു. കർണാടക വനത്തിൽ നിന്നും ആനയിറങ്ങികൃഷി നശിപ്പിച്ചാൽ നഷ്ടപരിഹാരവും കർഷകർക്ക് ലഭിക്കാറില്ല. ഫെൻസിംഗിന് മുകളിലേക്ക് കാട്ടുചെടികൾ പടർന്നുകിടക്കുന്നതുകാരണം വൈദ്യുതി പ്രവാഹം നിലക്കാൻ കാരണമാകുന്നുണ്ട്. ഫെൻസിംഗിന്റെ സംരക്ഷണത്തിന് നടപടി ഉണ്ടായില്ലെങ്കിൽ ഇത്തവണയും വന്യജീവിശല്യം രൂക്ഷമാകുമെന്നാണ് കർഷകർ പറയുന്നത്.
കൊളവള്ളി പാടത്ത് ഇറങ്ങിയ കാട്ടാനയുടെ പാദങ്ങൾ