കൽപ്പറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ വ്യാപക പ്രതിഷേധം. സംസ്ഥാന സർക്കാറിന്റെ ഡൽഹിയിലെ പ്രതിനിധി പ്രൊ. കെ.വി തോമസിന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി നൽകിയ മറുപടിയിലാണ് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് അറിയിച്ചത്. കെ.വി തോമസ് വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് അയച്ച കത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. വയനാട് പാക്കേജ് ഉണ്ടാകില്ലെന്ന് വ്യക്തമായി പറയുന്നില്ലെങ്കിലും കൂടുതൽ സഹായങ്ങൾ പ്രഖ്യാപിക്കില്ലെന്ന സൂചന നൽകുന്ന വാക്കുകളും കത്തിൽ ഉണ്ട്. സംസ്ഥാന ദുരന്തനിവാരണത്തിനായി 388 കോടി രൂപ കേന്ദ്രസർക്കാർ കേരളത്തിന് കൈമാറിയിട്ടുണ്ട്. എസ്.ടി.ആർ.എഫിൽ 394 കോടി രൂപ ബാക്കിയുണ്ടെന്നും കത്തിൽ സൂചിപ്പിക്കുന്നുണ്ട്. ഇത് എന്തുകൊണ്ട് സംസ്ഥാന സർക്കാർ ചെലവഴിക്കുന്നില്ല എന്നാണ് കേന്ദ്രസർക്കാറിന്റെ ചോദ്യം കേന്ദ്രസർക്കാർ ദുരന്ത മേഖലയിൽ നടത്തിയ കാര്യങ്ങളും കത്തിൽ സൂചിപ്പിക്കുന്നുണ്ട്. ബെയ്ലി പാലം ഉൾപ്പെടെ സൈന്യത്തെ ഉപയോഗിച്ച് നിർമ്മിച്ചതടക്കമുള്ള കാര്യങ്ങളാണ് പരാമർശിക്കുന്നത്. ജൂലൈ 30നാണ് 300 ലേറെ പേർ മരണപ്പെടുകയും മേപ്പാടി പഞ്ചായത്തിലെ മൂന്നു വാർഡുകൾ പൂർണമായും അപ്രത്യക്ഷമാകുന്ന തരത്തിൽ വലിയ ദുരന്തം നടന്നത്. ഓഗസ്റ്റ് 10ന് ദുരന്തഭൂമിയിൽ പ്രധാനമന്ത്രി നേരിട്ട് എത്തി സന്ദർശനം നടത്തുകയും ചെയ്തിരുന്നു. ദുരന്തബാധിതരെ കണ്ട് പ്രധാനമന്ത്രി ആശ്വസിപ്പിക്കുകയും പണം ഒന്നിനും തടസ്സമാകില്ലെന്ന് ജനപ്രതിനിധികളെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ അതിനുശേഷം കാര്യമായ സഹായം ചെയ്യാൻ കേന്ദ്രസർക്കാർ തയ്യാറായിരുന്നില്ല. സർക്കാർ കൃത്യമായ മെമ്മോറാണ്ടം നൽകാൻ തയ്യാറാകാത്തതാണ് കേന്ദ്രസർ സഹായം വൈകാൻ കാരണമെന്നായിരുന്നു ഇതുവരെ പറഞ്ഞിരുന്നത്. എന്നാൽ കേന്ദ്രസർക്കാർ മറുപടി കൂടുതൽ സഹായങ്ങൾ പ്രതീക്ഷിക്കേണ്ട എന്ന സൂചന നൽകുന്നതാണ്. എൽ ത്രീ വിഭാഗത്തിൽ ഉൾപ്പെടുന്ന ദുരന്തമായി പ്രഖ്യാപിച്ചാൽ കേരളത്തിന് കൂടുതൽ സഹായങ്ങൾ ലഭ്യമാകും. എന്നാൽ അത്തരം ഒരു നടപടി കേന്ദ്രസർക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. ഇതാണ് പ്രതിഷേധങ്ങൾക്ക് കാരണമാകുന്നത്.
ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം