hfgbv
കോഴിക്കോട് ബീച്ചിൽ റോഡ് അരികിൽ പാർക്ക് ചെയ്ത വാഹനങ്ങൾ

 200 കാറുകളും 50 ഇരുചക്രവാഹനങ്ങളും പാർക്ക് ചെയ്യാം

കോഴിക്കോട്: നഗരത്തിരക്കിന്റെ പറുദീസയായ ബീച്ചിൽ തുറമുഖ വകുപ്പിന്റെ പാർക്കിംഗ് പ്ലാസ വരുന്നു. എവിടെ വാഹനമിടുമെന്ന സഞ്ചാരികളുടെ ആശങ്കയ്ക്കു ഉടൻ പരിഹാരമാവും. കോർപറേഷൻപോലും എതിർപ്പുകാരണം മാറ്റിവെച്ച പദ്ധതി കേരള മാരിടൈം ബോർഡ് (കെ.എം.ബി). ആണ് പദ്ധതി നടപ്പിലാക്കുന്നത്. വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും ബീച്ചിലെത്തുന്നവർ ഏറ്റവുമധികം ബുദ്ധിമുട്ടുന്നത് വണ്ടി പാർക്ക് ചെയ്യാനുള്ള സ്ഥലത്തിന് വേണ്ടിയാണ്. നിലവിൽ ബീച്ചിലെത്തുന്നവർ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് സമീപത്തെ റോഡരികിലാണ്. വലിയ ഗതാഗതക്കുരുക്കാണ് ഇത് കാരണം ബീച്ചിൽ അനുഭവപ്പെടുന്നത്. തുറമുഖ വകുപ്പിന്റെ കീഴിലുള്ള സ്ഥലത്ത് സ്വകാര്യ നിക്ഷേപകരെ ഉൾപ്പെടുത്തി ബീച്ചിൽ വിശാലമായ പാർക്കിംഗ് സൗകര്യം ഒരുക്കാനാണ് മാരിടൈം ബോർഡ് ലക്ഷ്യമിടുന്നത്. ഇതിനായി ബോർഡ് സ്വകാര്യ വ്യക്തികളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. ഡിസംബർ 16 വരെയാണ് താത്പര്യപത്രങ്ങൾ സ്വീകരിക്കുക.

വരുന്നത് കോർപ്പറേഷനുമായി ചേർന്ന് നടത്താനിരുന്ന പദ്ധതി

മുൻപ് കോർപ്പറേഷനും കേരള മാരിടൈം ബോർഡും സംയുക്തമായി ബീച്ചിൽ പാർക്കിംഗ് സൗകര്യത്തിന്റെ വികസനത്തിനായി ധാരണാപത്രം ഒപ്പിട്ടിരുന്നു. മന്ത്രിയായിരുന്ന അഹമ്മദ് ദേവർകോവിലും മേയർ ബീന ഫിലിപ്പും മുൻകൈയെടുത്താണ് അന്ന് ധാരണാപത്രം ഒപ്പുവെച്ചത്. 700 വാഹനങ്ങൾക്കുള്ള പാർക്കിംഗ് സൗകര്യവും, ഭിന്നശേഷിക്കാർക്ക് പാർക്ക് ചെയ്യാനുള്ള സംവിധാനങ്ങളും ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനുമുൾപ്പെടെയായിരുന്നു പദ്ധതി വിഭാവനം ചെയ്തത്. 30 വർഷ കാലാവധിയിൽ കരാറിൽ ഏർപ്പെടാനായിരുന്നു ധാരണ. ഹാർബർ എൻജിനിയറിംഗ് വകുപ്പ് വിശദമായ ഡി.പി.ആർ തയ്യാറാക്കിയശേഷം കരാറിൽ ഒപ്പിടാനായിരുന്നു തീരുമാനം. എന്നാൽ പദ്ധതിക്കെതിരെ കടുത്ത എതിർപ്പാണ് പ്രദേശവാസികൾ ഉയർത്തിയത്.


എതിർപ്പുമായി പ്രദേശവാസികൾ

പ്രദേശവാസികളുടെ എതിർപ്പ് അവഗണിച്ചാണ് ഇപ്പോൾ മാരിടൈം ബോർഡ് പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. വരയ്ക്കൽ കടപ്പുറത്ത് ബലിതർപ്പണം നടത്തുന്ന സ്ഥലത്തിന് സമീപത്താണ് നിർദിഷ്ട പാർക്കിംഗ് കേന്ദ്രം. ഈ മാസം 29 ന് നിക്ഷേപകർക്ക് സ്ഥലം സന്ദർശിക്കാനുള്ള അവസരമൊരുക്കുമെന്ന് കെ.എം.ബി അധികൃതർ അറിയിച്ചത്.

പദ്ധതി ഇങ്ങനെ

200 ഓളം കാറുകൾക്കും 50 ഇരുചക്രവാഹനത്തിനും പാർക്കിംഗ് സൗകര്യവും വാട്ടർ ടൂറിസം പദ്ധതികളും ഉൾക്കൊള്ളുന്നതാണ് പദ്ധതി. ഫുഡ് സ്ട്രീറ്റ് ഉൾപ്പെടെ വിൽപ്പനശാലകളും ഇവിടെ ക്രമീകരിക്കും. നോർത്ത് ബീച്ചിൽ ലയൺസ് പാർക്കിന് സമീപത്തെ തുറമുഖ വകുപ്പിനുകീഴിലുള്ള നാലേക്കർ സ്ഥലമാണ് പദ്ധതിക്കായി നീക്കിവെച്ചിരിക്കുന്നത്.

" കോഴിക്കോടിന് ഏറെ ആവശ്യമുള്ള പദ്ധതിയാണിത്. ദിനം പ്രതി നൂറുകണക്കിനാളുകളാണ് ബീച്ചിലെത്തുന്നത്. ഇവർക്ക് ആവശ്യത്തിന് പാർക്കിങ് സൗകര്യം ഏർപ്പെടുത്തണമെന്നാണ് കോർപ്പറേഷന്റെയും താത്പര്യം."

പി.സി രാജൻ
പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ