കോഴിക്കോട്: കൗമാരകലയുടെ കേളീവിഹാരമാകാൻ ജില്ല ഒരുങ്ങി. ഒപ്പനയും തിരുവാതിരയും മാർഗംകളിയും നാടകുവുമൊക്കെയായി കുട്ടികൾ അരങ്ങിലാടുമ്പോൾ നഗരവും കണ്ണുംകാതും തുറന്ന് അഞ്ചുനാൾ കൂടെ.19 മുതൽ 23 വരെ നഗരത്തിലെ 20 വേദികളിലായിട്ടാണ് റവന്യൂ ജില്ലാ കലോത്സവം നടക്കുകയെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സി. മനോജ് കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മലബാർ ക്രിസ്ത്യൻ കോളജ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടാണ് പ്രധാന വേദി.19 ന് നടക്കാവ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സ്റ്റേജിതര മത്സരങ്ങളോടുകൂടി കലോത്സവം ആരംഭിക്കും. 20 മുതൽ 23 വരെ സ്റ്റേജ് മത്സരങ്ങൾ നടക്കും. മേളയ്ക്ക് തുടക്കം കുറിച്ച് 20ന് രാവിലെ 8.30ന് മലബാർ ക്രിസ്ത്യൻ കോളേജ് എച്ച്.എച്ച്.എസ് ഗ്രൗണ്ടിലെ പ്രധാന വേദിയിൽ പതാക ഉയർത്തും. ജില്ലയിലെ അദ്ധ്യാപികമാരുടെ കൂട്ടായ്മ ഒരുക്കുന്ന നൃത്തത്തോടെ ഉദ്ഘാടന പരിപാടിക്ക് തുടക്കമാവും. മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാനം നിർവഹിക്കും. സാഹിത്യകാരൻ ബെന്യാമിൻ മുഖ്യാതിഥിയാവും. 319 ഇനങ്ങളിലായി 8000 ത്തോളം മത്സരാർത്ഥികളാണ് മേളയിൽ പങ്കെടുക്കുന്നത്. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ചെയർമാനായും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സി.മനോജ് കുമാർ ജനറൽ കൺവീനറായുമുള്ള 501 അംഗ സംഘാടകസമിതിയാണ് നേതൃത്വം നൽകുന്നത്. ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലാണ് ഭക്ഷണസംവിധാനം. മീഡിയ സെന്റർ ഉദ്ഘാടനം 18ന് മൂന്നു മണിക്ക് പോൾ കല്ലാനോട് നിർവഹിക്കും. 23 ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം എം.കെ മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി. ഗിരീഷ് കുമാർ, മീഡിയ കമ്മിറ്റി ചെയർമാൻ ഇ.പി മുഹമ്മദ്, കൺവീനർ പി.കെ അബ്ദുൽ സത്താർ, ഡി.ഡി.ഇ ഓഫിസ് സൂപ്രണ്ട് കെ. എൻ ദീപ തുടങ്ങിയവർ പങ്കെടുത്തു.
ഈ വർഷം മുതൽ
മാന്വൽ പരിഷ്‌കരണത്തിന്റെ ഭാഗമായി ഈ വർഷം പുതുതായി ഉൾപ്പെടുത്തിയ ആദിവാസി ഗോത്ര കലകളായ ഇരുള നൃത്തം, പാലിയ നൃത്തം, പണിയ നൃത്തം, മംഗലം കളി, മലപുലയ ആട്ടം എന്നീ ഇനങ്ങൾ ബി.ഇ.എം ഹയർ സെക്കൻഡറി സ്‌കൂളിലെ വേദിയിൽ അരങ്ങേറും.
വേദികളുടെ പേര് ;സാഹിത്യകാരന്മാർക്കുള്ള ആദരവ്
കോഴിക്കോടൻ മണ്ണിൽ സാഹിത്യത്തിന്റെ വേരുകൾ പടർത്തിയ എഴുത്തുകാർക്ക് ആദരവുമായി റവന്യു ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ വേദികൾ.കഥകളുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിന്റെ പേരാണ് വേദി ഒന്നായ എം.സി.സി എച്ച്.എസ്.എസിന് (ക്രിസ്ത്യൻ കോളേജ്). എ.ശാന്തകുമാർ, എസ്.കെ പൊറ്റക്കാട്, പി വത്സല, യു .എ ഖാദർ, പുനത്തിൽ കുഞ്ഞബ്ദുള്ള, എൻ.എൻ കക്കാട്, എം.പി വീരേന്ദ്രകുമാർ, കെ.ടി മുഹമ്മദ്, എൻ.പി മുഹമ്മദ്, കുഞ്ഞുണ്ണി മാസ്റ്റർ, ഗിരീഷ് പുത്തഞ്ചേരി, കടത്തനാട്ട് മാധവിയമ്മ, പ്രദീപൻ പാമ്പിരിക്കുന്ന്, എം.എസ് ബാബുരാജ്, തിക്കോടിയൻ, പി.എം താജ്, കെ.എ കൊടുങ്ങല്ലൂർ, ടി.എ റസാഖ് തുടങ്ങിയവരുടെ പേരുകളാണ് മറ്റ് വേദികൾക്കുള്ളത്.
വേദികൾ ഇവിടെ
സാമൂതിരി സ്‌കൂൾ ഗ്രൗണ്ട്, അച്യുതൻ ഗേൾസ് എച്ച്.എസ്.എസ്, ഗണപത് ബോയ്സ് എച്ച്.എസ്.എസ്, സാമൂതിരി എച്ച്.എസ്.എസ് ഹാൾ, ആഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്.എസ്.എസ്, ബി.എം.എച്ച്.എസ്.എസ്, പ്രൊവിഡൻസ് എച്ച്.എസ്.എസ്, പ്രൊവിഡൻസ് എൽ.പി.എസ്, സെന്റ് ആഞ്ചലോസ് യു.പി.എസ്, ഗണപത് ബോയ്സ് ഹാൾ, ജി.എച്ച്.എസ്.എസ് നടക്കാവ്, സെന്റ് ആന്റണീസ് യു.പി.എസ്, ഹിമായത്തുൽ എച്ച്.എസ്.എസ്, ഗവ. അച്യുതൻ എൽ.പി.എസ്, എം.എം.എച്ച്.എസ്.എസ് പരപ്പിൽ ഓഡിറ്റോറിയം, എം.എം.എച്ച് .എസ്.എസ് പരപ്പിൽ ഹാൾ, ഫിസിക്കൽ എജ്യുക്കേഷൻ കോളേജ് ഗ്രൗണ്ട്, ബി.എം.എച്ച്.എസ്.എസ് ഗ്രൗണ്ട്