 
കോഴിക്കോട്: തമ്മിൽ തല്ലിയും ചേരി തിരിഞ്ഞ് അക്രമം അഴിച്ച് വിട്ടും ജില്ലയെ സംഘർഷഭരിതമാക്കി ചേവായൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്. രാവിലെ എട്ട് മുതൽ ആരംഭിച്ച പോളിംഗ് മുതൽ വെെകീട്ട് നാലിന് അവസാനിക്കും വരെ നഗരം സംഘർഷമുനയിലായി. തിരഞ്ഞെടുപ്പ് നടന്ന പറയഞ്ചേരി ഹയർസെക്കൻഡറി സ്കൂളിന് മുന്നിലൂടെയുള്ള പുതിയറ കുതിരവട്ടം റോഡ് പൂർണമായും സ്തംഭിച്ചു. സംഘർഷ പശ്ചാത്തലത്തിൽ ഇന്ന് യു.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചതോടെ ജില്ല നിശ്ചലമാകും. അവശ്യ സർവീസുകളെ ഒഴിവാക്കിയ ഹർത്താൽ രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ്.
കോൺഗ്രസ് ഔദ്യോഗിക വിഭാഗവും സി.പി.എം പിന്തുണയ്ക്കുന്ന ചേവായൂർ ബാങ്ക് സഹകരണ ജനാധിപത്യ സംരക്ഷണ സമിതിയും പരസ്പരം ഏറ്റുമുട്ടുന്ന തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ കള്ളവോട്ട് ആരോപിച്ചാണ് പ്രവർത്തകർ തമ്മിൽത്തല്ലിയത്. പൊലീസ് ഇടപെട്ടെങ്കിലും സംഘർഷം നിയന്ത്രിക്കാനായില്ല. ഇതോടെ വോട്ട് ചെയ്യാതെ വോട്ടർമാർ മടങ്ങി. നൂറുകോടി ആസ്തിയുള്ള ബാങ്കിൽ മുപ്പത്തി ആറായിരത്തോളം മെമ്പർമാരാണുള്ളത്.
രാവിലെ എട്ടിന് പോളിംഗ് തുടങ്ങിപ്പോൾ തന്നെ ജില്ലയുടെ വിദൂരഭാഗങ്ങളിൽ നിന്ന് ഇരുവിഭാഗം പ്രവർത്തകരും സംഘടിച്ച് വോട്ടെടുപ്പ് നടക്കുന്ന പറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് മുൻവശം എത്തിയിരുന്നു. പോളിംഗിന്റെ ആദ്യമണിക്കൂറിൽ തന്നെ കള്ളവോട്ട് ആരോപണമായി ഇരുവിഭാഗവും രംഗത്തെത്തി. ക്യൂവിൽ നിന്നവരോട് തട്ടിക്കയറിയും ഐഡി കാർഡുകൾ വലിച്ചെറിഞ്ഞും സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ ഉച്ചയോടെ സംഘർഷാവസ്ഥ കനത്തു. ഇരു വിഭാഗം പ്രവർത്തകരും ചേരി തിരിഞ്ഞ് തിരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലത്തെ റോഡിൽ ഏറ്റുമുട്ടി. ഏറെ നേരം നിലനിന്ന സംഘർഷത്തിനൊടുവിൽ കോൺഗ്രസ് നേതാക്കളായ എം.കെ രാഘവൻ എം.പി, ഡി.സി.സി പ്രസിഡന്റ് അഡ്വ. പ്രവീൺ കുമാർ തുടങ്ങിയവർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇതിനിടെ മഴ കനത്തെങ്കിലും പ്രവർത്തകർ സംഘർഷം അവസാനിപ്പിച്ചില്ല. ഇതോടെ വോട്ട് ചെയ്യാനാവാതെ പലരും മടങ്ങി. സംഘർഷം വർദ്ധിച്ചതോടെ പൊലീസ് സേനയിലും അഭിപ്രായ വ്യത്യാസമുണ്ടായി. ഒടുവിൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റും ഇടപെട്ടു. സംഘർഷ മേഖലയിലെ പ്രവർത്തകരെ മാറ്റാൻ പൊലീസിന് നിർദേശം നൽകി. തുടർന്ന് ലാത്തിചാർജ് നടത്തി പ്രവർത്തകരെ ഒഴിപ്പിച്ചു. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ആരംഭിച്ച സംഘർഷം വെെകീട്ട് നാലിന് വോട്ടെണ്ണൽ കഴിഞ്ഞിട്ടും തുടർന്നു.അതേ സമയം രാവിലെ വോട്ടെടുപ്പിനായി വോട്ടർമാരെ എത്തിക്കുന്ന വാഹനത്തിന് നേരെ കല്ലേറും ഉണ്ടായി. ഔദ്യോഗിക പാനൽ ഏർപ്പെടുത്തിയ വാഹനങ്ങൾക്ക് നേരെയാണ് കല്ലേറുണ്ടായത്. ഏതാനും കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനമേറ്റു. ബാങ്ക് തിരഞ്ഞെടുപ്പ് നടക്കുന്ന ഹാളിലേക്ക് പ്രവേശിക്കാൻ സി.പി.എം ജില്ലാ കമ്മിറ്റി അംഗം എം ഗിരീഷിനെ പൊലീസ് തടഞ്ഞിരുന്നു.