കോഴിക്കോട്: മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്ന മാനാഞ്ചിറ സ്‌ക്വയറിനെ കൈപ്പിടിയിലൊതുക്കാൻ കോർപറേഷൻ. രാപ്പകലില്ലാതെ നഗരമധ്യത്തിലെ മാനാഞ്ചിറ സ്‌ക്വയർ മയക്കുമരുന്ന് മാഫിയ കൈയടക്കുന്നത് സംബന്ധിച്ച് കേരളകൗമുദി കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് കോർപറേഷനും പൊലീസ് കർശന നടപയിലേക്ക് തിരിഞ്ഞത്. ഇന്നലെ രാവിലെ മുതൽ മേയറുടെ നിർദ്ദേശത്തെ തുടർന്ന് മൂന്നുപൊലീസുകാരെ സിറ്റിപൊലീസ് കമ്മിഷ്ണർ ഡ്യൂട്ടിക്കിട്ടു. സ്‌ക്വയർ തുറക്കുന്ന 2.30 ന് മുമ്പ് അവിടെ താവളമാക്കിയവരെ തുരത്തിയോടിച്ചു. 2.30 ന് തുറക്കുന്നത് മുതൽ രാത്രി 8.30ന് അടക്കുന്നതുവരെ പരിസരങ്ങളും പൊലീസ് നിയന്ത്രണത്തിലായിരിക്കും.
വേണ്ടിവന്നാൽ സ്‌ക്വയർ രാവിലെ പത്തുമുതൽ തുറന്നിടും: മേയർ
മാനാഞ്ചിറ സ്‌ക്വയറും പരിസരങ്ങളും മയക്കുമരുന്ന് മാഫിയ കൈയടക്കുന്നത് തടയാൻ വേണ്ടി വന്നാൽ രാവിലെ മുതൽ സ്‌ക്വയർ തുറന്നിടുന്നത് ആലോചിക്കുമെന്ന് മേയർ ബീന ഫിലിപ്പ്. ഇപ്പോൾ ഉച്ചയ്ക്കാണ് തുറക്കുന്നത്. പക്ഷെ അതിനുമുമ്പേ സംഘങ്ങൾ മതിൽച്ചാടിക്കടന്ന് ഇവിടെ എത്തുന്നു. കുട്ടികളെവരെ കാരിയർമാരാക്കുന്നു. രാവിലെ മുതൽ തുറന്നിട്ടാൽ ആളുകൾ എത്തുന്നത് ഇവരുടെ സ്വൈര്യ വ്യവഹാരത്തിന് തടസമാവും. അതാണ് നല്ലതെങ്കിൽ അത്തരമൊരു തീരുമാനത്തിലേക്കും കോർപറേഷൻ കടക്കും. മതിലു ചാടിക്കടക്കുന്നത് തടയാൻ സ്‌ക്വയറിന്റെ മതിൽ ഉയരം കൂട്ടുന്നത് സൗന്ദര്യം കെടുത്തും. ഗ്രീൻ നെറ്റ് അടിച്ചാലും അതും മുറിച്ച് വിൽക്കാൻ ആളുണ്ടാവും. അവിടുത്തെ മതിലിനിടയിലെ കാസ്റ്റയേൺ കമ്പികൾ മുറിച്ച് വിറ്റവരുടെ നാട്ടിൽ ഇതൊക്കെ എത്രമാത്രം പ്രായോഗികമാവും എന്നത് പരിശോധിക്കേണ്ടിയിരിക്കുന്നു. കോർപറേഷന്റെ നിർദ്ദേശത്തെ തുടർന്ന് പൊലീസ് നിരീക്ഷണം തുടങ്ങിയെന്നത് ആശ്വാസകരമാണ്.