rffff
റേഷൻ വ്യാപാരികൾ

കോഴിക്കോട്: ഒരു ഭാഗത്ത് നാട്ടുകാരുടെ ആവലാതികൾ, മറുഭാഗത്ത് അർഹതപ്പെട്ട ആനുകൂല്യങ്ങൾ തടഞ്ഞ് സർക്കാർ. രണ്ടിനും നടുവിൽ റേഷൻകട നടത്തി പൊറുതിമുട്ടിയ റേഷൻ വ്യാപാരികൾ കടകളടച്ച് പ്രതിഷേധത്തിലേക്ക്. 19 ന് സംസ്ഥാനത്തെ റേഷൻകടകൾ അടച്ചിട്ടുകൊണ്ട് താലൂക്ക് കേന്ദ്രങ്ങളിൽ ധർണാ സമരം നടത്തും. കഴിഞ്ഞ രണ്ടുമാസമായി ജോലി ചെയ്ത കൂലി വ്യാപാരികൾക്ക് ഇതുവരെ ലഭിച്ചിട്ടില്ല. സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും കിറ്റ് കമ്മിഷന്റെ പകുതി മാത്രമാണ് ലഭിച്ചത്. ഒരാഴ്ചയായി വാതിൽപ്പടി കരാറുകാർ സമരത്തിലായതിനാൽ ഈ മാസം വിതരണം ചെയ്യാനുള്ള അരി ഉൾപ്പെടെ റേഷൻ വസ്തുക്കൾ കടകളിലില്ലാത്ത സ്ഥിതിയാണ്. കരാറുകാർക്ക് ആഗസ്റ്റ് മുതലുള്ള വേതനം ലഭിക്കാത്തിനാലാണ് സമരം ആരംഭിച്ചത്. സമരം അവസാനിപ്പിച്ചില്ലെങ്കിൽ റേഷൻ വിതരണം അവതാളത്തിലാവും. കോംബിനേഷന്‍ ബില്ലിംഗ് സാദ്ധ്യമല്ലാത്തതിനാൽ പകരം അരി സ്റ്റോക്കുണ്ടായിട്ടും നൽകാൻ കഴിയാത്ത അവസ്ഥയിലാണ് റേഷൻ വ്യാപാരികൾ. ഇതറിയാതെ കടകളിലെത്തുന്ന ഉപഭോക്താക്കൾ നിരാശയോടെ മടങ്ങേണ്ടിവരികയാണ്. റേഷന്‍ മേഖലയിലെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്നാണ് വ്യാപാരികൾ മുന്നോട്ട് വെക്കുന്ന ആവശ്യം.

പ്രശ്നപരിഹാരമില്ലെങ്കിൽ അനിശ്ചിതകാല കടയടപ്പ് സമരം

നിരവധി ആവശ്യങ്ങൾക്ക് പരിഹാരം ഉണ്ടായില്ലെങ്കിൽ നിശ്ചയിച്ച പ്രകാരം ജനുവരി ആറാം തിയതി മുതൽ അനിശ്ചിതകാല കടയടപ്പ് സമരവുമായി മുന്നോട്ടു പോകുവാനും പ്രചരണ പരിപാടികൾ ആരംഭിക്കുവാനും റേഷൻ വ്യാപാരി കോഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു.അഡ്വ. ജോണി നെല്ലൂർ അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് ചെയർമാൻ അഡ്വ.ജി കൃഷ്ണപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ജി ശശിധരൻ (സി.ഐ.ടിയു),എ.കെ..ആർ.ആർ.ഡി.എ സംസ്ഥാന ജനറൽ സെക്രട്ടറി ടി മുഹമ്മദാലി എന്നിവ‌ർ പ്രസംഗിച്ചു.

ആവശ്യങ്ങൾ

1.ഓണത്തിന് സർക്കാർ പ്രഖ്യാപിച്ച ആയിരം രൂപ ഓണറേറിയം വിതരണം ചെയ്യുക

2.വേതന പാക്കേജ് വർദ്ധനവ്

3.ക്ഷേമനിധി, കെ.ടി.പി.ഡി.എസ് ഓർഡർ പരിഷ്കരണം

4. ശമ്പളം കൃത്യമായി നൽകുക

5. കിറ്റ് കമ്മിഷൻ പൂർണമായി വിതരണം ചെയ്യുക