
സി.പി.എം - കോൺഗ്രസ് വിമത സഖ്യം ഭരണം പിടിച്ചു
കോഴിക്കോട്ട് ഇന്ന് കോൺഗ്രസ് ഹർത്താൽ
കോഴിക്കോട്: ഒരുപകൽ നീണ്ട സംഘർഷത്തിനിടെ നടന്ന തിരഞ്ഞെടുപ്പിൽ സി.പി.എം - കോൺഗ്രസ് വിമത സഖ്യം ചേവായൂർ സർവീസ് സഹകരണ ബാങ്ക് ഭരണം പിടിച്ചെടുത്തു. ഏറ്റുമുട്ടലിനിടെ കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം.നിയാസ്, കെ.എസ്.യു ജില്ലാപ്രസിഡന്റ് വി.പി.സൂരജ്, സി.പി.എം കുന്ദമംഗലം ഏരിയാസെക്രട്ടറി പി. െെഷപു അടക്കം നിരവധി പേർക്ക് പരിക്കേറ്റു.
തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നാരോപിച്ച് കോഴിക്കോട് ജില്ലയിൽ ഇന്ന് ഹർത്താലിന് കോൺഗ്രസ് ആഹ്വാനം ചെയ്തു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.
വിമതരുടെ ചേവായൂർ ബാങ്ക് സഹകരണ ജനാധിപത്യ സംരക്ഷണസമിതി സമ്പൂർണ വിജയമാണ് നേടിയത്. 11 അംഗ പാനൽ എല്ലാ സീറ്റിലും ജയിച്ചു. നാല് പേർ സി.പി.എമ്മുകാരും ഏഴുപേർ കോൺഗ്രസ് വിമതരുമാണ്. കോൺഗ്രസ് വിട്ട് വിമത സംഖ്യത്തിന് നേതൃത്വം നൽകിയ ജി.സി. പ്രശാന്ത്കുമാറിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്റും പ്രശാന്താണ്. വർഷങ്ങളായി കോൺഗ്രസിനായിരുന്നു ഭരണം. ജില്ലയിൽ അഞ്ച് ബ്രാഞ്ചുകളുള്ള, സാമ്പത്തികമായി മുൻനിരയിൽ നിൽക്കുന്ന ബാങ്കാണ്. എന്നാൽ, കോൺഗ്രസിൽ നിന്ന് പിടിച്ചെടുക്കാൻ ഡി.സി.സി അംഗം കൂടിയായ പ്രശാന്തിനെ കൂട്ടുപിടിച്ച് സഹകരണ ജനാധിപത്യ സംരക്ഷണ സമിതിയുണ്ടാക്കിയാണ് സി.പി.എം രംഗത്തിറങ്ങിയത്. ഇതിനിടെ യു.ഡി.എഫ് കൺവെൻഷനിൽ കെ.പി.സി.സി പ്രസിഡന്റ് സുധാകരൻ നടത്തിയ പ്രകോപന പ്രസംഗം വലിയ വിവാദമായിരുന്നു. കോൺഗ്രസിനെ ഒറ്റുകൊടുക്കുന്നവരെ വീട്ടിൽ ജീവിക്കാനനുവദിക്കില്ലെന്നായിരുന്നു സുധാകരന്റെ പ്രസംഗം.
കള്ളവോട്ട് ആരോപണം;
റോഡിൽ തമ്മിലടി
ഇന്നലെ രാവിലെ എട്ടോടെയാണ് വോട്ടെടുപ്പ് തുടങ്ങിയത്. ഒപ്പം സംഘർഷവും. 35, 000 വോട്ടർമാരുണ്ടെങ്കിലും 8,500 പേർക്കാണ് വോട്ട് ചെയ്യാനായത്. 5000ത്തിലേറെ പേർ കള്ളവോട്ട് ചെയ്തെന്നും വോട്ടർമാരല്ലാത്ത 1000 സി.പി.എമ്മുകാരാണ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചതെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. എം.കെ.രാഘവൻ എം.പി, ടി.സിദ്ദീഖ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് പ്രവീൺകുമാർ, പി.എം.നിയാസ് എന്നിവർ റോഡിൽ കുത്തിയിരുന്നു. തുടർന്നുണ്ടായ തമ്മിലടിയിലാണ് നിയാസടക്കം ഒട്ടേറേ പേർക്ക് പരിക്കേറ്റത്. ഇരുവിഭാഗവും പലതവണ ഏറ്റുമുട്ടി.
തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കും. സംരക്ഷണം ഒരുക്കുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കും പൊലീസിനുമെതിരെ കോടതി അലക്ഷ്യത്തിന് കേസ് നൽകും
- എം.കെ.രാഘവൻ എം.പി
സംഘർഷത്തിന് ചുക്കാൻ പിടിച്ചത് എം.കെ. രാഘവന്റെ നേതൃത്വത്തിലാണ്. യു.ഡി.എഫ് കള്ളവോട്ട് ചെയ്തത് സി.പി.എം പ്രവർത്തകർ പിടികൂടിയതാണ് സംഘർഷത്തിനിടയാക്കിയത്. വിജയമൊരുക്കിത്തന്ന കെ.സുധാകരന് നന്ദി
- ജി.സി. പ്രശാന്ത്കുമാർ