കോഴിക്കോട്: വെളിച്ചം കുറഞ്ഞ, കാറ്റു കടക്കാത്ത ചെറിയ മുറികൾ. വർഷങ്ങളായി നവീകരണം നടക്കാത്ത വീഴാറായ കെട്ടിടങ്ങൾ... പൊലീസ് ക്വാർട്ടേഴ്സുകളുടെ സങ്കടകരമായ കാഴ്ചയാണിത്. പൊലീസിന്റെ മനോവീര്യം ചോർന്നുപോകാതെ നോക്കണമെന്ന് പൊലീസ് മന്ത്രി പറയുമ്പോഴാണ് താമസിക്കാൻ സൗകര്യങ്ങൾ പോലുമില്ലാതെ പൊലീസുകാരുടെ ഈ ഗതികേട്.
എച്ച്.ആർ.എ ഇനത്തിൽ മാസം തോറും പതിനായിരം രൂപയോളം പൊലീസുകാരിൽ ഡിപ്പാർട്‌മെന്റ് ഈടാക്കുന്നുണ്ട്. എന്നിട്ടും അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കുന്നതിൽ തികഞ്ഞ അലംഭാവമാണ് അധികൃതരിൽ നിന്ന് ഉണ്ടാകുന്നത്. പലപ്പോഴും പൊലീസുകാർ കൈയിൽ നിന്ന് പണമെടുത്താണ് ക്വാർട്ടേഴ്സുകളിലെ അത്യാവശ്യമായ ജോലികൾ ചെയ്യിക്കുന്നത്.
പൊലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് ക്വാർട്ടേഴ്സുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. കോർപ്പറേഷന്റെ തലപ്പത്തിരിക്കുന്നത് എ.ഡി.ജി.പി, ഐ.ജി തുടങ്ങി ഉന്നത സ്ഥാനങ്ങളിലുള്ള ഉദ്യോഗസ്ഥരും. അതിനാൽ നിർമ്മാണ പ്രവൃത്തികളുടെ പുരോഗതിയെക്കുറിച്ച് ഉദ്യോഗസ്ഥ തലത്തിൽ കൃത്യമായ അന്വേഷണങ്ങൾ നടക്കാറില്ലെന്ന് പൊലീസുകാർ തന്നെ സമ്മതിക്കുന്നു. പുറത്ത് വാടകയ്ക്ക് വീടെടുക്കാൻ മാസം 15,000 രൂപയോളം വേണം. ഇതുണ്ടാക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് ജീവൻ പണയം വെച്ച് ഇപ്പോഴും ഇവിടെ തുടരുന്നതെന്നാണ് പൊലീസുകാർ പറഞ്ഞു.
ക്വാർട്ടേഴ്സുകൾ ഇവിടെ
ഫറോക്ക്, ചേവായൂർ, നടക്കാവ്, പാവമണി റോഡ്, ചിന്താവളപ്പ് എന്നീ സ്ഥലങ്ങളിലാണ് നഗരത്തിൽ പൊലീസ് ക്വാട്ടേർസുകൾ സ്ഥിതിചെയ്യുന്നത്. ഈ കെട്ടിടങ്ങൾക്കെല്ലാം 20 ലധികം വർഷത്തെ പഴക്കമുണ്ട്. ഫറോക്കിലെ ക്വാർട്ടേഴ്സ് ഉദ്ഘാടനം ചെയ്തത് 2001 ലാണ്. ഈയിടെയാണ് ഫറോക്കിലെ ക്വാർട്ടേഴ്സുകളിൽ ആദ്യമായി നവീകരണ പ്രവൃത്തികൾ നടത്തിയത്. 16 വീടുകൾ വീതമുള്ള നാല് ബ്ലോക്കുകളാണ് ഇവിടെയുള്ളത്. മറ്റിടങ്ങളിലാവട്ടെ കാര്യമായ ഒരു നവീകരണ പ്രവർത്തനങ്ങളും ഇന്നുവരെ നടന്നിട്ടില്ല. ചിന്താവളപ്പിലെ പൊലീസ് ക്വാർട്ടേഴ്‌സ് സി.ഐ മുതലുള്ള ഉയർന്ന ഉദ്യോഗസ്ഥർക്ക് വേണ്ടി തയ്യാറാക്കിയതാണ്. അസൗകര്യങ്ങൾ മൂലം വിരലിലെണ്ണാവുന്ന ഉദ്യോഗസ്ഥർ മാത്രമാണ് ഇപ്പോൾ ഇവിടെയുള്ളത്.
20 വർഷത്തിലധികം പഴക്കമുള്ള കെട്ടിടങ്ങൾ
എങ്ങനെ ഓടും എക്സൈസ്
കോഴിക്കോട്: കണ്ടം ചെയ്യാൻ ഒരുമാസം ബാക്കി. എന്നിട്ടും തള്ളിയും കിതച്ചും പ്രതികൾക്ക് പിന്നാലെ പായുകയാണ് തല്ലിപ്പൊളി വണ്ടിയുമായി കോഴിക്കോട്ടെ എക്‌സൈസ് . ജീപ്പ് കണ്ടാൽ ആരും കയറില്ല. പിടിക്കപ്പെടുന്ന പ്രതികൾ തന്നെചോദിച്ചു, സാറേ നമുക്ക് നടന്ന് പോയാലോ...! പൊട്ടിപ്പൊളിയാത്ത ഒരു ഭാഗവുമില്ല തുളച്ചിറങ്ങുന്ന കമ്പികൾ നിറയുന്ന ജീപ്പിൽ. സ്റ്റിയറിംഗും ബ്രേക്കും എക്‌സലേറ്ററും ക്ലച്ചുമുണ്ട്. കിതച്ചോടുന്ന വണ്ടിക്ക് പകരം നല്ലൊരു വണ്ടിയും അടച്ചുറപ്പുള്ള ഒരു ഓഫീസുമാണ് കോഴിക്കോട്ടെ എക്‌സൈസ് റെയ്ഞ്ച് ഓഫീസിന്റെ സ്വപ്‌നം.
കോഴിക്കോട് കോർപ്പറേഷനിലെ എട്ട് പൊലീസ് സ്റ്റേഷനുകളാണ് കോഴിക്കോട് എക്‌സൈസ് റെയ്ഞ്ച് ഓഫീസിന് പരിധിയിൽ വരുന്നത്. ആവശ്യത്തിന് വാഹനമില്ലാത്തതിനാൽ ഇപ്പോഴത്തെ പ്രധാന ജോലി നഗരത്തിലെ മയക്കുമരുന്ന് വേട്ട മാത്രം. പുതിയറ കസബ പൊലീസ് സ്റ്റേഷനും മറ്റ് റവന്യൂ ഓഫീസുകളുമുള്ള കോമ്പൗണ്ടിലേത്തിയാൽ ഇത്രയും വലിയൊരു ഓഫീസ് എങ്ങനെയാണ് ഞെങ്ങി ഞെരുങ്ങി മുന്നോട്ട് പോകുന്നതെന്ന് ആരേയും അത്ഭുതപ്പെടുത്തും.
പലപ്പോഴും മയക്കുമരുന്ന് കേസുകളിൽ പ്രതികൾ പിടിയിലാവുന്നത് രാത്രിയാവും. പ്രതികളെ കൊണ്ട് വന്നാൽ അവരെ പാർപ്പിക്കാൻ ലോക്കപ്പില്ല. മയക്കുമരുന്നിന്റെ ലഹരിയിൽ ജീവനക്കാരെ അക്രമിക്കുന്നത് നിത്യ സംഭവമാണ്. പക്ഷേ, പിറ്റേദിവസം പുലരുമ്പോൾ ഇവരെ കോടതിയിൽ ഹാജരാക്കണം. അതുവരെ ഉറക്കമൊഴിഞ്ഞിരിക്കണം.
ജീവനക്കാർ
23 പേർ