സ്റ്റേജിതര മത്സരങ്ങളോടെ തുടക്കം
കോഴിക്കോട്: സാഹിത്യനഗരത്തിൽ ഇനി അഞ്ചുനാൾ കൗമാര കലാപൂരം. മലബാർ ക്രിസ്ത്യൻ കോളേജ് ഹയർ സെക്കൻഡറി സ്‌കൂളിൽ റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന് ഇന്ന് തെളിയും. ജി.വി.എച്ച്.എസ്.എസ് നടക്കാവിൽ സ്റ്റേജിതര ഇനങ്ങളോടെയാണ് മേളയ്ക്ക് തുടക്കം. പ്രധാന വേദിയായ മലബാർ ക്രിസ്ത്യൻ കോളജ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ സ്റ്റേജിനങ്ങൾ നാളെ ആരംഭിക്കും. രാവിലെ 8.30ന് പതാക ഉയർത്തും. ജില്ലയിലെ അദ്ധ്യാപികമാരുടെ നൃത്താവിഷ്‌കാരത്തോടെ ചടങ്ങുകൾ ആരംഭിക്കും. മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സാഹിത്യകാരൻ ബെന്യാമിൻ മുഖ്യാതിഥിയാവും. മേയർ ബീന ഫിലിപ്പ്, എം.പിമാരായ എം.കെ രാഘവൻ, ഷാഫി പറമ്പിൽ, പി.ടി ഉഷ തുടങ്ങിയവർ പങ്കെടുക്കും. 319 ഇനങ്ങളിലായി 8000 ത്തോളം മത്സരാർത്ഥികൾ മേളയിൽ പങ്കെടുക്കും.
വേദികളിൽ ഇന്ന്
യു.പി. ഹെെസ്കൂൾ, ഹയർസെക്കൻറി വിഭാഗങ്ങളുടെ ചിത്രരചന, കാർട്ടൂൺ, എണ്ണചായം. കൊളാഷ്, കവിതാ രചന, കഥാരചന, ഉപന്യാസ രചന, ക്യാപ്ഷൻ രചന, നിഘണ്ടു നിർമാണം, തർജമ, പോസ്റ്റർ നിർമാണം, പദപയറ്റ്, പദകേളി, പ്രശ്നോത്തരി, സമസ്യാപൂരണം, ക്വിസ്, പോസ്റ്റർ നിർമാണം.
ജാഗ്രതയോടെ പൊലീസ് കണ്ണുകൾ
കലോത്സവത്തിന് മികച്ച സുരക്ഷയൊരുക്കാൻ പൊലീസ്. സിറ്റി പൊലീസ് കമ്മിഷണർ ടി നാരായണന്റെ നേതൃത്വത്തിലാണ് ക്രമീകരണം. ഗതാഗത നിയന്ത്രണമുള്ള സ്ഥലങ്ങളിൽ കൂടുതൽ പൊലീസിനെ നിയോഗിക്കും. പ്രധാന വേദിക്കരികിൽ കൺട്രോൾ റൂമും മറ്റ് വേദികളുടെ സമീപത്ത് ഔട്ട്പോസ്റ്റുകളുമുണ്ടാകും.