വടകര : ദേശീയപാത വികസനത്തിന്റെ ഭാഗമായി കുഞ്ഞിപ്പള്ളി ഖബർസ്ഥാൻ സംരക്ഷിക്കുക, കുഞ്ഞിപ്പള്ളി ടൗൺ നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങളുയർത്തി ജനകീയ പ്രക്ഷോഭം നടത്താൻ ചോമ്പാൽ കുഞ്ഞിപ്പള്ളി സ്വതന്ത്ര മഹൽ കമ്മിറ്റി കൺവെൻഷൻ തീരുമാനിച്ചു. സമരത്തിന്റെ ഭാഗമായി 20ന് നാലിന് കുഞ്ഞിപ്പള്ളി പരിസരത്ത് സമര ജ്വാല നടക്കും. ദേശീയപാത വികസനത്തിന്റെ ഭാഗമായി കുഞ്ഞിപ്പള്ളി ടൗണിനെ സംരക്ഷിക്കാനായി ഉയരത്തൂണിൽ മേൽപാത പണിയണമെന്ന് ആവശ്യപ്പെട്ടു. കൺവെൻഷൻ ദേശീയപാത കർമ്മസമിതി ജില്ലാ കൺവീനർ എ .ടി .മഹേഷ് ഉദ്ഘാടനം ചെയ്തു. മഹൽ കമ്മിറ്റി ചെയർമാൻ ഹമീദ് എരിക്കിൽ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല, പി .കെ. കോയ, സാലിം പുനത്തിൽ എന്നിവർ പ്രസംഗിച്ചു.