speaker
സ്പീക്കർ

കോഴിക്കോട്: മാദ്ധ്യമങ്ങൾ ആത്മപരിശോധനയ്ക്ക് വിധേയമാകണമെന്നും സത്യസന്ധമായി വാർത്തകൾ അവതരിപ്പിക്കാൻ തയ്യാറാകണമെന്നും നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു. കോഴിക്കോട് പ്രസ്‌ക്ലബ്ബിന്റെ മാദ്ധ്യമ അവാർഡ് വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് വാർത്തകളുടെ ബ്രേക്കിംഗ് കാലമാണ്. ആദ്യം നൽകണമെന്ന മത്സരത്തിൽ വാർത്ത സത്യമാണോയെന്ന് പരിശോധിക്കുന്നില്ല. ഒരാളെ ശരിപ്പെടുത്തുന്ന നയമാണ് മാദ്ധ്യമങ്ങൾ സ്വീകരിക്കുന്നത്. കൺസ്ട്രക്ടീവ് മോ‌ഡിൽ നിന്ന് ഡിസ്ട്രക്ടീവ് മോഡിലേക്ക് കേരളത്തിലെ മാദ്ധ്യമങ്ങൾ മാറി. സർക്കാരിനെ മാദ്ധ്യമങ്ങൾക്ക് വിമർശിക്കാം. എന്നാൽ വിമർശനങ്ങൾ നിർമ്മാണാത്മകമാകണം, വിനാശകരമാകരുത്. കൈയിൽ മൈക്ക് ഉണ്ടെന്ന് കരുതി എന്തും ചോദിക്കാമെന്ന ധാരണ പാടില്ല. പല അന്തിച്ചർച്ചകളും ചോദ്യംചെയ്യലുകളായി മാറുന്നു. മാദ്ധ്യമപ്രവർത്തനം അപകടകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. മാദ്ധ്യമങ്ങൾ തിരുത്തൽശക്തികളാണെന്നും വളയാതെ, ഒടിയാതെ, നട്ടെല്ല് നിവർത്തി അഭിപ്രായം പറയാൻ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.