
സന്തോഷ് ട്രോഫി: കേരളം ഇന്ന് റെയിൽവേസിനെ നേരിടും
കോഴിക്കോട്: ഇന്ത്യൻ ഫുട്ബാൾചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള ടൂർണമെന്റായ സന്തോഷ് ട്രോഫിയുടെ, 78-ാം പതിപ്പിലെ പ്രാഥമിക റൗണ്ടിൽ കേരളം ഉൾപ്പെട്ട ഗ്രൂപ്പ് എച്ചിലെ മത്സരങ്ങൾക്ക് ഇന്ന് കോഴിക്കോട് തുടക്കമാകും.
സൂപ്പർ ലീഗ് കേരളയുടെ ആരവം ആവസാനിക്കുന്നതിന് മുൻപേ കോഴിക്കോട് കോർപ്പറേഷൻ ഡിയം തന്നെയാണ് സന്തോഷ് ട്രോഫിയ്ക്കും വേദിയാകുന്നത്. ഇന്ന് രാവിലെ 7.30ന് തുടങ്ങുന്ന ആദ്യ മത്സരത്തിൽ പോണ്ടിച്ചേരിയും ലക്ഷദ്വിപും തമ്മിൽ ഏറ്റുമുട്ടും. വൈകിട്ട് 3.30 ന് തുടങ്ങുന്ന ഗ്ലാമർ പോരാട്ടത്തിൽ ആതിഥേയരായ കേരളം റെയിൽവേസിനെ നേരിടും.
ഫുട്ബാൾ പൂരം
ഇന്നുമുതൽ മൂന്നുനാൾ കോഴിക്കോടിന് സന്തോഷ് ട്രോഫി പൂരമാണ്. 20,22, 24 തിയതികളിലായാണ് കോഴിക്കോട്ടെ മത്സരങ്ങൾ. 22ന് റെയിൽവേസും പോണ്ടിച്ചേരിയും രാവിലേയും, വൈകിട്ട് കേരളവും ലക്ഷദ്വീപും എറ്റുമുട്ടും. 24ന് ലക്ഷദ്വീപും റെയിൽവേസും വൈകിട്ട് 3.30ന് കേരളവും പോണ്ടിച്ചേരിയും മത്സരിക്കും.
ഗ്രൂപ്പ് എച്ച്.- കേരളം, ലക്ഷദ്വീപ്, പോണ്ടിച്ചേരി, റെയിൽവേസ്
യുവകേരളം
15 പുതുമുഖങ്ങൾ ഉൾപ്പെടെ 22 അംഗ ടീമാണ് കേരളത്തിന്റേത്. പൊലീസ് താരം ജി.സഞ്ജുവാണ് ക്യാപ്ടൻ. പാലക്കാട് കോട്ടപ്പാടം സ്വദേശിയും ഫോഴ്‌സ കൊച്ചി താരവുമായ എസ്. ഹജ്മൽ ആണ് വൈസ് ക്യാപ്ടൻ.15 പേർ പുതുമുഖങ്ങളാണ്. 17 വയസുള്ള മുഹമ്മദ് റിഷാദ് ഗഫൂറാണ് പ്രായം കുറഞ്ഞതാരം. ബിബി തോമസ് മുട്ടത്താണ് മുഖ്യപരിശീലകൻ. സി. ഹാരി ബെന്നി സഹപരിശീലകനും എം.വി നെൽസൺ ഗോൾകീപ്പിംഗ് കോച്ചുമാണ്. അഷ്‌റഫ് ഉപ്പളയാണ് ടീം മാനേജർ. 2022ലെ സന്തോഷ് ട്രോഫി ജേതാക്കളായ കേരളാ ടീമംഗങ്ങളായിരുന്ന നാലുപേർ ഇത്തവണ ടീമിലുണ്ട്. ക്യാപ്ടൻ ജി.സഞ്ജു, ഗോൾ കീപ്പർ എസ്. ഹജ്മൽ, സൽമാൻ കള്ളിയത്ത്, നിജോ ഗിൽബർട്ട് എന്നിവർ. സൂപ്പർ ലീഗിൽ നിന്നുള്ള 10 താരങ്ങൾ ടീമിലുണ്ട്.
റെയിൽവേ എക്കാലത്തും മികച്ച താരങ്ങളുടെ ടീമാണ്. ഇത്തവണ മലയാളികൾ തന്നെ ആറുപേരുണ്ട്. പക്ഷെ അവരെ വീഴ്ത്താൻ പറ്റുന്ന ടീമാണ് കേരളം. ജയം നമുക്ക് തന്നെ.
ബിബി തോമസ്
കേരളാ കോച്ച്
പ്രവേശനം സൗജന്യം
മത്സരം കാണാൻ പ്രവേശനം സൗജന്യമാണ്.