 
കോഴിക്കോട്: അതിരാണിപ്പാടവും തെരുവിന്റെ കഥയും പറഞ്ഞ എസ്.കെ പൊറ്റക്കാടും പാത്തുമ്മയുടെ ആടിനെ തന്ന വൈക്കം മുഹമ്മദ് ബഷീറും അരങ്ങുകാണാത്ത നടനായി തിക്കോടിയനും വേഷപ്പകർച്ച നടത്തിയ സാഹിത്യ നഗരം ഇന്ന് കലയുടെ ചിലങ്ക കെട്ടും. റവന്യൂ ജില്ലാ സ്കൂൾ കലോത്സവ കലാമത്സരങ്ങൾക്ക് മലബാർ ക്രിസ്ത്യൻ കോളേജ് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് തുടക്കമാകും. വെെക്കം മുഹമ്മദ് ബഷീർ, എസ്.കെ പൊറ്റക്കാട്, പി വത്സല, യു.എ ഖാദർ തുടങ്ങി 20 വേദികളിലാണ് 23 വരെ കലാപൂരം. പ്രധാന വേദിയായ മലബാർ ക്രിസ്ത്യൻ കോളേജ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ രാവിലെ 8.30ന് പതാക ഉയർത്തുന്നതോടെ വേദികൾ ഉണരും. തുടർന്ന് ജില്ലയിലെ അദ്ധ്യാപികമാരുടെ കൂട്ടായ്മയിൽ നൃത്താവിഷ്കാരം. മന്ത്രി എ.കെ .ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സാഹിത്യകാരൻ ബെന്യാമിൻ മുഖ്യാതിഥിയാവും. മേയർ ബീന ഫിലിപ്പ്, എം.പിമാരായ എം.കെ .രാഘവൻ, ഷാഫി പറമ്പിൽ, പി.ടി. ഉഷ തുടങ്ങിയവർ പങ്കെടുക്കും.
സാഹിത്യ നഗരത്തിൽ
പുതുമകളോടെ
യുനെസ്കോ സാഹിത്യ നഗരിയായി പ്രഖ്യാപിച്ച ശേഷം ആദ്യമായി ആതിഥ്യമരുളുന്ന കൗമാര കലോത്സവത്തിന് ഇക്കുറി പ്രത്യേകതകൾ ഏറെയുണ്ട്. മാന്വൽ പരിഷ്കരണത്തിന്റെ ഭാഗമായി ആദിവാസി ഗോത്ര കലകളായ ഇരുള നൃത്തം, പാലിയ നൃത്തം, പണിയ നൃത്തം, മംഗലം കളി, മലപുലയ ആട്ടം എന്നീ ഇനങ്ങൾ ബി.ഇ .എം ഹയർ സെക്കൻഡറി സ്കൂളിലെ വേദിയിൽ അരങ്ങേറ്റം കുറിക്കും. കോഴിക്കോടൻ മണ്ണിൽ എഴുത്തിന്റെ വേരുകൾ പടർത്തിയ സാഹിത്യകാരൻമാരുടെ പേരുകളിലാണ് വേദികൾ. 319 ഇനങ്ങളിലായി 17 ഉപജില്ലകളിൽ നിന്നുള്ള 8000 ത്തോളം മത്സരാർത്ഥികൾ മാറ്റുരയ്ക്കും. പ്രധാന വേദിയായ മലബാർ ക്രിസ്ത്യൻ കോളേജ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻറി വിഭാഗം തിരുവാതിരക്കളിയോടെ സ്റ്രേജ് മത്സരങ്ങൾക്ക് യവനിക ഉയരും. ഒപ്പന, സംഘനൃത്തം, മോണോആക്ട്, നാടോടി നൃത്തം, കുച്ചുപ്പുടി, കേരള നടനം എന്നിവയും ഇന്ന് വിവിധ വേദികളിലെത്തും. പൂർണമായും ഹരിത ചട്ടം പാലിച്ചാണ് കലോത്സവം. യു.പി, ഹെെസ്കൂൾ, ഹയർസെക്കൻഡറി വിഭാഗം ചിത്രരചന, കാർട്ടൂൺ, എണ്ണചായം. കൊളാഷ്, കവിതാ രചന, കഥാരചന, ഉപന്യാസ രചന, ക്യാപ്ഷൻ രചന, നിഘണ്ടു നിർമാണം, തർജമ, പോസ്റ്റർ നിർമാണം, പദപയറ്റ്, പദകേളി, പ്രശ്നോത്തരി, സമസ്യാപൂരണം, ക്വിസ്, പോസ്റ്റർ നിർമാണം എന്നീ മത്സരങ്ങൾ ഇന്നലെ പൂർത്തിയായി.
ചെറിയ ലോകം
വലിയ ഫിദൽ
കോഴിക്കോട്: വീടും സ്കൂളും നാട്ടിലെ കുഞ്ഞു കുഞ്ഞു പരിപാടികളുമായിരുന്നു എന്നും ഫിദലിന്റെ ലോകം. ആളുകൂടുന്ന വേദികളൊന്നും വലിയ പരിചയമില്ല. പക്ഷേ, ജില്ലാ സ്കൂൾ കലോത്സവത്തിൽ ഉറുദു കഥാരചനയുമായെത്തിയ പി.ഫിദൽ അലിയുടെ മുഖത്ത് ഒട്ടും വേവലാതിയില്ല. വിധിയെ തോൽപ്പിച്ച ആത്മവിശ്വാസത്തിൽ കലയിലും മുന്നേറാൻ തന്നെയായി രുന്നു തീരുമാനം. വീൽചെയറിലെത്തിയ ഫിദലിന് ഒന്നാം നിലയിലെ വേദിയിലായിരുന്നു മത്സരം. ആദ്യമൊന്ന് പകച്ചെങ്കിലും സംഘാടകർ കൂടെനിന്നപ്പോൾ താഴെ ഫിദലിന് വേദിയൊരുങ്ങി. നാലാം വയസിൽ മസ്കുലാർ ഡിസ്ട്രോഫി ബാധിച്ച ഫിദൽ ആദ്യമായാണ് ജില്ലാ സ്കൂൾ കലോത്സവത്തിനെത്തിയത്. കൂട്ടുകാരുമൊത്ത് കളിയൊന്നും പതിവില്ലാത്തതിനാൽ പുസ്തകങ്ങളും പെൻസിലുമായിരുന്നു കൂട്ട്. വായനയും ചിത്രരചനയുമായിരുന്നു പ്രിയം. ഭാവിയിൽ ഐ.ടി മേഖലയിൽ ജോലി ചെയ്യാനാണ് ഫിദലിന് താത്പര്യം.
കൂലിപ്പണിക്കാരാനായ അച്ഛൻ ഫിറോസിന്റെയും ജെ.ഡി.ടി ആശുപത്രിയിലെ ഫിസിയോളജി സ്റ്റാഫായ ഉമ്മ എം.പി അജ്നയുടെയും ആഭിമാനമാണ് പ്രതിസന്ധികളെ തോൽപ്പിച്ച് മുന്നേറുന്ന ഫിദലിന്റെ ജീവിതം. വെള്ളിമാടുകുന്ന് എൻ.ജി.ഒ ക്വാട്ടേർസിലാണ് താമസം. എന്തിനും ഏതിനും ഫിദലിന് കൂട്ടായി ചേച്ചി ആയിഷ ഫൈഹയും അനിയത്തി ഫിൽസ നാജിയയുമുണ്ട്. . ഇപ്പോൾ മൂന്ന് വർഷമായി പര സഹായമില്ലാതെ അനങ്ങാൻ കഴിയില്ല. ഡിസ്ട്രോഫി ബാധിച്ചവരുടെ സംഘടനയായ മൈൻഡ് ട്രസ്റ്റ് വീൽചെയർ നൽകിയതോടെ ഫിദലിന് യാത്രകളിപ്പോൾ എളുപ്പമാണ്. എന്നാലും കൂട്ടായി ഉമ്മയുണ്ട്. 
രചനയിൽ നിറഞ്ഞു
വിഷയ നാനാത്വം
കോഴിക്കോട് : കലോത്സവങ്ങളിൽ രചനാമത്സരങ്ങളെ എന്നും വ്യത്യസ്തമാക്കുന്നത് വിഷയ വൈവിധ്യമാണ്. ഇത്തവണയും പതിവ് തെറ്റിച്ചില്ല. സമകാലീന രാഷ്ട്രീയ സാമൂഹിക സംഭവങ്ങൾ ഓരോ മത്സരത്തിലും വിഷയമായെത്തി. പുഴ പറഞ്ഞത് , ഇവിടെ ഒരു പുഴ ഉണ്ടായിരുന്നു, ഒഴുകാനുണ്ട് ഇനിയും, എന്നിവയായിരുന്നു യഥാക്രമം യു പി, എച്ച്. എസ്, എച്ച് .എസ് .എസ് വിഭാഗത്തിലെ കവിതാ രചന വിഷയങ്ങൾ. സ്കൂൾ മുറ്റത്തെ കഥകൾ, പിന്തുടരുന്ന പുകച്ചുരുൾ, കൺകെട്ടു വിദ്യകൾക്കൊടുവിൽ എന്നിവയായിരുന്നു കഥാരചനയുടെ വിഷയങ്ങൾ. മലയാളിയുടെ ഉള്ളുലച്ച മുണ്ടക്കൈ, ചൂരൽമല ദുരന്തവും, ലോകത്തിന്റെ വിവിധയിടങ്ങളിൽ നടക്കുന്ന യുദ്ധവും നയതന്ത്രപ്രശ്നങ്ങളും വരെ മത്സരങ്ങളിൽ വിഷയമായെത്തി. പെൻസിൽ ഡ്രോയിംഗ്, ഓയിൽ പെയിന്റിംഗ്, വാട്ടർ കളറിംഗ് എന്നിവയുടെ വിഷയങ്ങളും വ്യത്യസ്തതയും ഇന്നിന്റെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നവയുമായി. കുട്ടികൾ ഫോൺ സ്ക്രീനിലേക്ക് മാത്രം ചുരുങ്ങുന്നു എന്ന പരാതികൾ ഉയരുന്ന കാലത്താണ് വൈവിദ്ധ്യങ്ങളായ ഇത്തരം ആശയങ്ങൾക്കു മേൽ കുട്ടികൾ രചനാ വൈഭവം തെളിയിച്ചത്.
സ്കാൻ ചെയ്താൽ
വേദിയിലെത്താം
കോഴിക്കോട്: കലയുടെ ഉത്സവത്തിന് കാലത്തിനൊപ്പം വഴികാട്ടിയായി ട്രാൻസ്പോർട്ട് കമ്മിറ്റിയും കോഴിക്കോട് സിറ്റി പൊലീസും. ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ കലാപ്രതിഭകൾക്ക് 20 വേദികളിൽ എളുപ്പത്തിൽ എത്താം. ക്യു ആർ കോഡ് സ്കാൻ ചെയ്ത് വേദിയുടെ നമ്പർ ക്ലിക് ചെയ്താൽ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ വേദിയിലേക്കുള്ള റൂട്ട് മാപ്പ് വരും.
ട്രാഫിക് അസി.കമ്മിഷണർ കെ.എ.സുരേഷ് ബാബു കോഴിക്കോട് ഡി.ഡി ഇയും കലോത്സവ ജനറൽ കൺവീനറുമായ മനോജ് കുമാർ മണിയൂരിന് ക്യൂ ആർ കോഡ് നൽകി ലോഞ്ച് ചെയ്തു. ട്രാഫിക് സി.ഐ ഗോപകുമാർ.ഇ മുഖ്യാതിഥിയായി. ട്രാൻസ്പോർട്ട് കമ്മിറ്റി ഓർഗനൈസിംഗ് ചെയർമാൻ ആർ.കെ ഷാഫി അദ്ധ്യക്ഷത വഹിച്ചു. ട്രാൻസ്പോർട്ട് കൺവീനർ അഷ്റഫ് ചാലിയം സ്വാഗതം പറഞ്ഞു.
കള നിറയും വല്ലം
കോഴിക്കോട്: കലോത്സവത്തിൽ ഇതാദ്യമായി അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും കുട്ടികൾക്കും ഒരുമിച്ച് പങ്കെടുക്കാൻ അവസരമൊരുക്കി വല്ലം മെടയൽ മത്സരം. കലോത്സവത്തിൽ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച മത്സരം കലോത്സവം കാണാനെത്തിയവർക്കും കൗതുകക്കാഴ്ചയായി.
എല്ലാ വർഷവും ഗ്രീൻപ്രോട്ടോക്കോൾ നടപ്പാക്കുന്നതിന്റെ ഭാഗമായി കലോത്സവ വേദികളിലെ മാലിന്യം ശേഖരിക്കുന്നതിനായി വല്ലങ്ങൾ സ്ഥാപിക്കാറുണ്ട്. എന്നാൽ ആദ്യമായാണ് ഇത്തരമൊരു മത്സരം. രണ്ടുമുതൽ നാലുവരെ വല്ലങ്ങളാണ് ഓരോ വേദിയിലും ക്രമീകരിക്കുക. ഒരു മണിക്കൂറിൽ ഏറ്റവും കൂടുതൽ വല്ലം മെടഞ്ഞ ആളെയാണ് വിജയിയായി തെരഞ്ഞെടുത്തത്. മത്സരത്തിൽ നടക്കാവ് ഗേൾസ് എച്ച്.എസ്.എസിലെ അദ്ധ്യാപിക ഗിരിജ, തിരുവണ്ണൂർ ജി.യു.പി.എസിലെ അദ്ധ്യാപകൻ ശശി, ബാലുശ്ശേരി എച്ച്.എസ്.എസിലെ അദ്ധ്യാപിക ഷീജ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത്. വിജയികൾക്ക് മൺകൂജയാണ് സമ്മാനം.