
കലാ സാഹിത്യ സംസ്കാരങ്ങളുടെ സംഗമ ഭൂമിയായ കോഴിക്കോട് വീണ്ടുമൊരു കലോത്സവം കൂടി വരവേൽക്കുകയാണ്. യുനെസ്കോ സാഹിത്യനഗരിയായി പ്രഖ്യാപിച്ച ശേഷം നഗരം ആതിഥേയത്വം വഹിക്കുന്ന ആദ്യ ജില്ലാ കൗമാര കലോത്സവമാണിത്. ആതിഥേയത്വത്തിന് പേരുകേട്ട നഗരം ജില്ലയുടെ എല്ലാ ഭാഗത്തുനിന്നുമുള്ള കുട്ടി കലാ പ്രതിഭകളെയും ആസ്വാദകരെയും വരവേൽക്കാൻ ജില്ല സുസജ്ജമായി. സാഹിത്യനഗരത്തിന്റെ കലാ-സാംസ്കാരിക പൈതൃകം കാണിക്കുന്നതാവും ഈ കലോത്സവം. തിരുവാതിരയ്ക്കും ഒപ്പനയ്ക്കും കഥകളിയ്ക്കുമെല്ലാമൊപ്പം പുതുതായി ഉൾപ്പെടുത്തിയ പണിയ നൃത്തം, മലപ്പുലയാട്ടം തുടങ്ങിയ കലാരൂപങ്ങളും ഇത്തവണ മുതൽ മേളയ്ക്ക് മാറ്റേകും.
ഏറ്റവും കൂടുതൽ തവണ തുടർച്ചയായി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിജയകിരീടം ചൂടിയ ജില്ല കൂടിയാണ് കോഴിക്കോട്. കൗമാര കലാ മാമാങ്കത്തിന് വലിയ വരവേൽപ്പാണ് നാട് എന്നും നൽകിപ്പോന്നത്. രണ്ടുവർഷം മുൻപ് കോഴിക്കോട് ആതിഥേയത്വം വഹിച്ച സംസ്ഥാന കലോത്സവത്തിനും ഉജ്ജ്വല വരവേൽപ്പാണ് നൽകിയത്. ആയിരക്കണക്കിന് ആസ്വാദകരാണ് ഓരോ വേദിയിലേക്കും ഒഴുകിയെത്തിയത്. കല ആസ്വദിക്കുന്ന കോഴിക്കോട്ടുകാർ ജില്ലാ കൗമാരമേളയ്ക്കും പൂർണ പിന്തുണ നൽകുമെന്ന് ഉറപ്പാണ്. മത്സരത്തിൽ വിജയിക്കുക എന്നതിലുപരി പങ്കെടുക്കുക എന്നതിന് തന്നെയാണ് ഇവിടെ മുൻതൂക്കം. കാണികൾക്ക് ആവേശവും പങ്കെടുക്കുന്നവർക്ക് സന്തോഷം നൽകുന്നതാവണം ഈ മത്സരങ്ങൾ.
20 വേദികൾ
കോഴിക്കോട്ടുകാരായ മണ്മറഞ്ഞ കലാകാരന്മാരുടെ പേരുകളാണ് മേളയിലെ 20 വേദികൾക്കും നൽകിയിരിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീർ, എ ശാന്തകുമാർ, എസ് കെ പൊറ്റക്കാട്, പി.വത്സല, യു.എ ഖാദർ, പുനത്തിൽ കുഞ്ഞബ്ദുള്ള, എൻ.എൻ കക്കാട്, എം,പി വീരേന്ദ്രകുമാർ, കെ.ടി.മുഹമ്മദ്, എൻ .പി മുഹമ്മദ് എന്നിവരുടെ പേരിലാണ് ഒന്നു മുതൽ പത്തുവരെയുള്ള വേദികൾ. 11 മുതൽ 18 വരെ വേദികൾക്ക് യഥാക്രമം കുഞ്ഞുണ്ണി മാസ്റ്റർ, ഗിരീഷ് പുത്തഞ്ചേരി, കടത്തനാട്ട് മാധവി അമ്മ, പ്രദീപൻ പാമ്പിരിക്കുന്ന്, എം.എസ്. ബാബുരാജ്, തിക്കോടിയൻ, പി.എം താജ്, കെ.എ കൊടുങ്ങല്ലൂർ എന്നിവരുടെ പേരുകളാണ് നൽകിയത്. ബാന്റ് മേളം മാത്രം നടക്കുന്ന ഫിസിക്കൽ എഡ്യുക്കേഷൻ കോളേജ് ഗ്രൗണ്ടാണ് 19-ാം വേദി. അവസാന വേദിയുടെ പേര് ടി.എ റസാഖ്, എന്നുമാണ്. കലാകാരൻമാർ എന്നതിലുപരി കോഴിക്കോടിനെ ലോകത്തിനു മുന്നിൽ അടയാളപ്പെടുത്തിയ ഈ അതുല്യ പ്രതിഭകളുടെ ഓർമകളിൽ നിന്നുമാണ് നാളെ ഈ നാടിനെ ലോകത്തിനു കാട്ടികൊടുക്കാൻ പോകുന്ന പ്രതിഭകൾ ഉയർന്നു വരുന്നത്.
എണ്ണായിരത്തോളം
മത്സരാർത്ഥികൾ
319 ഇനങ്ങളിലായി എണ്ണായിരത്തോളം മത്സരാർത്ഥികളാണ് ഇത്തവണ മേളയിൽ മാറ്റുരയ്ക്കുന്നത്. കുട്ടി പ്രതിഭകളുടെ സർഗാത്മകത മാറ്റുരയ്ക്കുന്ന രചനാ മത്സരങ്ങളാണ് ആദ്യ ദിനം അരങ്ങേറിയത്. സാമകാലിക പ്രസക്തമായ വിഷയങ്ങളായിരുന്നു രചനാമത്സരങ്ങൾക്ക് നൽകിയത്. പുതിയ കാലത്തിൽ എഴുത്തും വായനയും മരിക്കുന്നു എന്ന പരാതികൾ ഉയരുമ്പോഴും വലിയ ആവേശത്തോടെ തന്നെയാണ് രചനാ മത്സരങ്ങൾ നടന്നത്. എഴുത്തുകാരുടെ കൂടി ഭൂമികയായ കോഴിക്കോട്, സർഗാത്മകതയുടെ പുതിയൊരു തലമുറ വളരുന്നതിന്റെ അടയാളങ്ങളാണിത്. ലോകം എത്രമാറിയാലും എഴുത്തും വായനയുമെല്ലാം ഇവിടെ തന്നെ നിലനിൽക്കും.
നവ്യാനുഭവമാകാൻ
ഗോത്രകലകൾ
കലോത്സവ മാന്വൽ പരിഷ്കരണത്തിന്റെ ഭാഗമായി ഈ വർഷം മുതൽ ആദിവാസി ഗോത്രകലകളെയും പുതുതായി കൂട്ടിച്ചേർത്തിട്ടുണ്ട്. അട്ടപ്പാടിയിലെ ഇരുള വിഭാഗത്തിന്റെ ഇരുള നൃത്തം , കുമളിയിലെ പളിയ വിഭാഗത്തിന്റെ പളിയ നൃത്തം, വയനാട്ടിലെ പണിയ വിഭാഗത്തിന്റെ പണിയ നൃത്തം, കാസർഗോഡും കണ്ണൂരുമുള്ള മലവേട്ടുവന്മാരുടെയും മാവിലന്മാരുടെയും മംഗളംകളി, ഇടുക്കിയിലെ മലപ്പുലയൻ വിഭാഗത്തിന്റെ മലപ്പുലയാട്ടം, തുടങ്ങിയ ഇനങ്ങൾ ഇത്തവണ മേളയുടെ മുഖ്യ ആകർഷണങ്ങളാവും. തനത് സംസ്കാരങ്ങളെ അംഗീകരിക്കുന്ന നാടാണ് കേരളം എന്ന പ്രയോഗത്തിന് വസ്തുതാപരമായ ഉറപ്പു കൂടി നൽകുന്നതാണ് ഈ മാന്വൽ പരിഷ്കരണം. സവർണ കലകൾക്ക് മാത്രം വേദി ലഭിച്ചിരുന്നിടത്ത് നിന്നും കാലങ്ങളായി അരികവത്കരിക്കപ്പെട്ട് നിൽക്കുന്ന മനുഷ്യരുടെ സാംസ്കാരിക ജീവിതം കൂടെ കലോത്സവങ്ങൾ അടയാളപ്പെടുത്തുന്നു എന്നതും അഭിനന്ദനാർഹമാണ്. ഗോത്രകലകൾ ഉൾപ്പെട്ടതോടെ സ്കൂൾ കലോത്സവങ്ങളിൽ ഗോത്രവിഭാഗങ്ങളുടെ പങ്കാളിത്തം വലിയ രീതിയിൽ വർദ്ധിച്ചിട്ടുണ്ട്. എന്നാൽ പലയിടത്തും ഈ കലാരൂപങ്ങളുമായി ബന്ധപ്പെട്ടവരല്ല വിധികർത്താക്കളായി എത്തുന്നത് എന്ന ആക്ഷേപവുമുണ്ട്. പല സ്കൂളുകളിലും യൂട്യൂബും മറ്റും നോക്കിയാണ് കുട്ടികളെ പരിശീലിപ്പിച്ചത്. ഉപജില്ലാകലോത്സവങ്ങളിൽ ഇത്തരം പരാതി വ്യാപകമായതോടെ ജില്ലാ കലോത്സവങ്ങളിൽ അതത് ഗോത്രങ്ങളിലെ തനത് കലാകാരന്മാരെ വിധികർത്താക്കളാകാനുള്ള ശ്രമങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് നടത്തുന്നത്. ഗോത്രകലകൾ ജനകീയമാകുന്നതുവരെ കുറച്ചു വർഷത്തേക്കെങ്കിലും തനത് കലാകാരന്മാരെ ഉപയോഗിച്ച് മാത്രമേ പരിശീലനം നടത്താവൂ എന്നും, ഇതിൽ കൃത്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് കേരള ഫോക്ലോർ അക്കാദമിയും കിത്താർട്സും നിർദേശം നൽകിയിട്ടുണ്ട്.
മറികടക്കേണ്ട
പ്രതിസന്ധി
വിദ്യാർത്ഥികളുടെ സർഗാത്മകതയുടെ സംഗമഭൂമിയാണ് കലോത്സവമെങ്കിലും പലപ്പോഴും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും മത്സരങ്ങൾ മാത്രമായി ചുരുങ്ങിപ്പോകുന്നു എന്ന ആക്ഷേപം എല്ലാകാലത്തും നിലനിൽക്കുന്നുണ്ട്. പലപ്പോഴും ഏകപക്ഷീയമായ വിധി നിർണയങ്ങൾ കുട്ടികളെയും സമ്മർദ്ദത്തിലാക്കാറുണ്ട്. കുട്ടികളെ സമ്മർദ്ദത്തിലാക്കി എങ്ങനെയും വിജയം സ്വന്തമാക്കുക എന്ന പ്രവണത ഒട്ടും നല്ലതല്ല. അവരുടെ മാനസികാരോഗ്യത്തിന് കൂടി പ്രാധാന്യം നൽകുന്ന രീതിയിലാവണം മത്സരങ്ങളും വിധി നിർണയവും. കുട്ടികളുടെ സാമ്പത്തികാവസ്ഥയും പലപ്പോഴും കലോത്സവത്തിന്റെ മാനദണ്ഡങ്ങളാണ്. കലോത്സവത്തിലെ സ്റ്റേജിനങ്ങളിൽ പലപ്പോഴും ലക്ഷങ്ങളാണ് ഓരോ മത്സരാർത്ഥികളും മുടക്കേണ്ടി വരുന്നത്. കഴിവുണ്ടായിട്ടും സാമ്പത്തിക പ്രതിസന്ധിമൂലം ഇതിന് കഴിയാതെ മാറിനിൽക്കേണ്ടി വരുന്നവരുമുണ്ട്. ഇതിനൊരു പരിഹാര മാർഗം കണ്ടെത്താൻ മുൻകൈയെടുക്കേണ്ടത് സർക്കാർ തന്നെയാണ്.