kad
മുത്തങ്ങക്കടുത്ത കല്ലൂർ അറുപത്തിയേഴിലെ അടച്ചുപൂട്ടിയ കാടോരം പദ്ധതി

സുൽത്താൻ ബത്തേരി: വനപാതയോരത്ത് സഞ്ചാരികൾക്ക് വിശ്രിമിക്കുന്നതിനും ശുചിത്വം ഉറപ്പ് വരുത്തുന്നതിനും, സഞ്ചാരികളിൽ നല്ല ശീലം വളർത്തുന്നതിനുമായി ആരംഭിച്ച കാടോരം പദ്ധതി പൂർണ്ണ വിശ്രമിത്തിലായി. മുത്തങ്ങക്കടുത്ത കല്ലൂർ അറുപത്തിയേഴിലാണ് കാടോരം പദ്ധതി ആരംഭിച്ചത്. ആളൊന്നിന് 10 രൂപയാണ് വിശ്രമകേന്ദ്രത്തിലെ നിരക്ക്. വെള്ളം, പാത്രം എന്നിവയടക്കമുള്ള സൗകര്യങ്ങൾ ലഭിക്കും. ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിക്കാനുള്ള സൗകര്യവുമുണ്ട്. കുടുംബമായും കൂട്ടമായും എത്തുന്നവർക്ക് ഏറെ പ്രയോജനപ്പെട്ടിരുന്ന കാടോരം മാസങ്ങളായി പൂട്ടികിടക്കാൻ തുടങ്ങിയിട്ട്.
സുൽത്താൻ ബത്തേരി മുതൽ സംസ്ഥാന അതിർത്തി വരെയുള്ള 21 കിലോമീറ്റർ ദൂരത്തിൽ കൂടുതൽ ഭാഗവും കാടാണ്. വഴിയോരത്ത് കാടിനോട് ചേർന്ന് വാഹനങ്ങൾ നിർത്തിയിട്ട് ഭക്ഷണം കഴിക്കുന്നത് സഞ്ചാരികളുടെ ശീലമായി മാറിയിട്ടുണ്ട്. ഇവർ പുറത്തേയ്ക്ക് വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങൾ വന്യജീവികൾക്ക് ഏറെ ദോഷമുണ്ടാക്കുന്നു. ഭക്ഷണാവശിഷ്ടങ്ങൾ ഭക്ഷിക്കാനെത്തുന്ന വന്യജീവികൾ നാട്ടിലേയ്ക്ക് ഇറങ്ങി ജനങ്ങൾക്കും കർഷകരുടെ വളർത്തു മൃഗങ്ങൾക്കും ഒരുപോലെ ഭീഷണിയാകുന്നു. ഇത് ഒഴിവാക്കുകയെന്ന ലക്ഷ്യംവെച്ചുകൊണ്ടാണ് പദ്ധതി തുടങ്ങിയത്. നിയമം ലംഘിച്ച് മാലിന്യം വനമേഖലയിലേയ്ക്ക് വലിച്ചെറിയുന്നവർക്കും, വനപാതയിൽ വാഹനം നിർത്തിയിടുന്നവർക്കും രണ്ടായിരം രൂപ പിഴ ഈടാക്കുമെന്ന മുന്നറിയിപ്പും നൽകി. ആഭ്യന്തര ടൂറിസ്റ്റുകൾക്ക് പുറമെ കർണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമായി നിരവധി ടൂറിസ്റ്റുകളാണ് എത്തുന്നത്. കർണാടക അതിർത്തിയിൽ നിന്ന് കേരളത്തിലേയ്ക്ക് പ്രവേശിച്ചാൽ സുൽത്താൻ ബത്തേരി എത്തുന്നതുവരെ പൊതു വിശ്രമ സ്ഥലങ്ങളോ ശൗചാലയമോയില്ല. ഇതിന് പരിഹാരമായിട്ടാണ് സഞ്ചാരികൾക്ക് ഇരുന്ന് വിശ്രമിക്കുന്നതിനും പ്രാഥമിക കൃത്യങ്ങൽ നിർവ്വഹിക്കുന്നതിനും. കൈവശം കരുതിയിട്ടുള്ള ഭക്ഷണം കഴിക്കുന്നതിനുമായി വനം വകുപ്പ് കാടോരം പദ്ധതി തുടങ്ങിയത്. തുടക്കത്തിൽ നിരവധി ടൂറിസ്റ്റുകൾക്ക് ഉപകാരപ്രദമായിരുന്ന കാടോരത്തിന്റ പ്രവർത്തനം മന്ദഗതിയിലായി. കുടിവെള്ളമുൾപ്പെടെയുള്ളവയുടെ അപര്യാപ്തതയും ഇടയ്ക്ക് ടൂറിസം മേഖലയിലേയ്ക്കുള്ള പ്രവേശനം നിരോധിച്ചതും കാടോരത്തിന്റെ പ്രവർത്തനത്തെ താളം തെറ്റിച്ചു. കൃത്യമായ അറ്റകുറ്റപണികൾ നടത്താത്തതിനാൽ ടൂറിസ്റ്റുകളുടെ വിശ്രമത്തിന് വേണ്ടി തുടങ്ങിയ കാടോരം പദ്ധതിതന്നെ അങ്ങിനെ പൂർണ്ണ വിശ്രമത്തിലായി.


മുത്തങ്ങക്കടുത്ത കല്ലൂർ അറുപത്തിയേഴിലെ അടച്ചുപൂട്ടിയ കാടോരം പദ്ധതി