akri
സുൽത്താൻ ബത്തേരി മുനിസിപ്പൽ സ്റ്റേഡിയത്തിന് സമീപമുള്ള ആക്രി ഗോഡൗൺ കത്തി നശിച്ച നിലയിൽ

സുൽത്താൻ ബത്തേരി: ആക്രി സാധനങ്ങൾ സൂക്ഷിക്കുന്ന ഗോഡൗൺ കത്തി നശിച്ച് ലക്ഷങ്ങളുടെ നഷ്ടം. മുനിസിപ്പൽ സ്റ്റേഡിയം പരിസരത്തുള്ള തമിഴ്നാട് സ്വദേശി പെരുമാൾ സ്വാമിയുടെ ഗോഡൗൺ ആണ് ഇന്നലെ പുലർച്ചെ രണ്ടു മണിയോടെ കത്തിയമർന്നത്. തീപിടുത്തത്തിൽ ആർക്കും പരിക്കുകൾ ഇല്ല. കഴിഞ്ഞ 19 വർഷമായി പ്രവർത്തിച്ചുവരുന്ന ആക്രി ഗോഡൗണിനാണ് തീ പടർന്നത്. പുലർച്ചെയോടെ ഗോഡൗണിന്റെ ഒരു ഭാഗത്താണ് തീ പടരുന്നത് ഉടമസ്ഥനായ പെരുമാൾ സ്വാമിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടനെ വെള്ളമൊഴ്ച്ച് തീ അണക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട് സുൽത്താൻ ബത്തേരി കൽപ്പറ്റ എന്നിവിടങ്ങളിൽ നിന്ന് രണ്ട് യൂണിറ്റ് വീതം അഗ്നിശമന സേന അംഗങ്ങൾ എത്തിയാണ് നാലുമണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിൽ തീയണക്കാൻ സാധിച്ചത്. സുൽത്താൻ ബത്തേരി പൊലീസും ഓടിക്കൂടിയ സമീപവാസികളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. തീ പടർന്ന സമയത്ത് പെരുമാൾ സ്വാമിയും കുടുംബവും ജോലിക്കാരും അടക്കം അഞ്ചുപേർ ഗോഡൗണിലും സമീപത്തെ താമസസ്ഥലത്തും ഉറക്കത്തിലായിരുന്നു. തീ പടർന്നത് പെട്ടെന്ന് ശ്രദ്ധയിൽപ്പെട്ടതുകൊണ്ട് ആർക്കും പരിക്കുകൾ ഇല്ലാതെ രക്ഷപ്പെടാൻ സാധിച്ചു. ഗോഡൗണിലെ മേശയിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തോളം രൂപയും കത്തിനശിച്ചു. ഗോഡൗണിൽ തീ പടരാൻ ഉണ്ടായ സാഹചര്യത്തിൽ ദുരൂഹതയുണ്ടെന്നും ആരോപണമുയരുന്നുണ്ട്. സംഭവത്തിൽ സുൽത്താൻ ബത്തേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


സുൽത്താൻ ബത്തേരി മുനിസിപ്പൽ സ്റ്റേഡിയത്തിന് സമീപമുള്ള ആക്രി ഗോഡൗൺ കത്തി നശിച്ച നിലയിൽ