 
സുൽത്താൻ ബത്തേരി: മണ്ഡലകാലം ആരംഭിച്ചതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന അയ്യപ്പ ഭക്തർക്ക് പൊൻകുഴി ശ്രീരാമ സന്നിധിയിലെ പൂങ്കാവനം ഇടത്താവളം അനുഗ്രഹമായി മാറി. അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ആയിരക്കണക്കിന് അയ്യപ്പ ഭക്തർക്കാണ് ഇടത്താവളം ഉപയോഗപ്പെടുത്തുന്നത്. വിരി വയ്ക്കുന്നതിനും ഭക്ഷണം പാചകം ചെയ്യുന്നതിനും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനും വിശ്രമിക്കുന്നതിനുമുള്ള സൗകര്യങ്ങളാണ് പൂങ്കാവനത്തിൽ ഒരുക്കിയിട്ടുള്ളത്. അഞ്ഞൂറോളം വാഹനങ്ങൾ പാർക്കു ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന അയ്യപ്പ ഭക്തർക്ക് കർണാടകയിലെ ബന്ദിപ്പൂർ വനമേഖല പിന്നിട്ട് സംസ്ഥാനത്തേക്ക് പ്രവേശിച്ചാൽ ആദ്യമെത്തുന്നത് പൊൻകുഴി ശ്രീരാമ ക്ഷേത്രമാണ്. കാവേരിയുടെ കൈവഴിയായ പൊൻകുഴി പുഴയുടെ ഓരത്താണ് ശ്രീരാമ സീതാദേവി ക്ഷേത്രം നിലകൊള്ളുന്നത്. ഇവിടെ സ്നാനം നടത്തുന്നതിനും വിശ്രമിക്കുന്നതിനുമായി അന്യസംസ്ഥാനത്ത് നിന്നുള്ള നിരവധി അയ്യപ്പഭക്തരാണ് ഇവിടെ വാഹനം നിർത്തി ക്ഷേത്ര ദർശനം നടത്തുന്നത്. അയ്യപ്പഭക്തർക്ക് വിരിവെക്കുന്നതിനും മറ്റുള്ള സൗകര്യം ഒരുക്കി ഭക്തരുടെ പ്രയാസങ്ങൾ ദുരീകരിക്കുക ലക്ഷ്യം വെച്ചാണ് ബത്തേരി ഹോഗണപതി ക്ഷേത്ര സമിതി ഇവിടെ പൂങ്കാവനം ഇടത്താവളം നിർമ്മിച്ചത്. കഴിഞ്ഞ വർഷം മുതലാണ് പൂങ്കാവനം എന്ന പേരിൽ ഇവിടെ ഇടത്താവളവും ശബരിമല ഭക്തർക്കുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയത്. മണ്ഡലകാലമായതോടെ ശബരിമല യാത്രികരെക്കൊണ്ട് ഇടത്താവളം നിറഞ്ഞു. വൃശ്ചികത്തിലെ ആദ്യ അഞ്ച് ദിനങ്ങൾ പിന്നിട്ടപ്പോഴെക്കും
ആയിരക്കണക്കിന ഭക്തരാണ് ഈ ദിവസങ്ങളിൽ ഇവിടെ വിരി വച്ചത്. ദേശീയപാത 766ൽ മൈസൂരു പിന്നിട്ടാൽ ശബരിമല ഭക്തർക്കായുള്ള പ്രധാന ഇടത്താവളമായി മാറിക്കഴിഞ്ഞു പൊൻകുഴി പൂങ്കാവനം
ശബരിമല ഭക്തർക്കായി നിർമിച്ച പൊൻകുഴിയിലെ പൂങ്കാവനം ഇടത്താവളം