മേപ്പാടി: ഉരുൾപൊട്ടൽ ദുരന്തത്തിൽ അപ്രത്യക്ഷമായ മുണ്ടക്കൈ ഗ്രാമം ഉൾപ്പെട്ട പ്രദേശ വാർഡും ഇനി ഓർമ്മയാകും. വാർഡ് വിഭജനത്തിന്റെ ഭാഗമായി മുണ്ടക്കൈ വാർഡ് ഒഴിവാക്കി കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. നേരത്തെ മേപ്പാടി പഞ്ചായത്തിലെ പതിനൊന്നാം വാർഡായിരുന്നു മുണ്ടക്കൈ. ഇനി ചൂരൽമല വാർഡാണ് പതിനൊന്നായി അറിയപ്പെടുക. മുണ്ടക്കൈ വാർഡിൽ അവശേഷിക്കുന്ന കുടുംബങ്ങൾ ചൂരൽമല വാർഡിലാണ് ഉൾപ്പെടുക. ചുളിക്ക വാർഡ് പന്ത്രണ്ടാം വാർഡായി മാറും.
തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുൻപ് പുനരധിവാസം നടപടികൾ പൂർത്തിയാകുന്നതോടെ വോട്ടർമാരെ പുനരധിവാസം നടപ്പിലാക്കുന്ന സ്ഥലത്തേക്ക് വോട്ടർമാരുടെ പേരുകൾ മാറ്റേണ്ടിവരും. വാർഡ് വിഭജന നടപടികൾ പരോഗമിക്കുന്നതിനിടയിലാണ് ഉരുൾപൊട്ടൽ ദുരന്തം മുണ്ടക്കൈ ഗ്രാമത്തെ ഇല്ലാതാക്കിയത്. 22 വാർഡുകൾ ഉള്ള മേപ്പാടി ഗ്രാമപഞ്ചായത്തിൽ ഇനിമുതൽ 23 വാർഡ് ആയി മാറും. കൂടുതൽ വോട്ടർമാർ ഉണ്ടായിരുന്ന ചെമ്പോത്തറ, കാപ്പംകൊല്ലി, കുന്നമ്പറ്റ വാർഡുകൾ വിഭജിച്ച് മാനിവയൽ, കാപ്പംകൊല്ലി എന്നിവിടങ്ങളിൽ പുതിയ വാർഡുകൾ രൂപീകരിക്കും. കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചതോടെ ആക്ഷേപമുള്ളവർക്ക് ഡിലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറിക്കോ ജില്ലാ കളക്ടർക്കോ പരാതി നൽകാവുന്നതാണ്. മേപ്പാടി ഗ്രാമപഞ്ചായത്തിൽ ലിസ്റ്റിനെതിരെ കാര്യമായ പരാതികൾ ഇല്ലെന്നാണ് സൂചന. 1800 ന് മുകളിൽ വോട്ടർമാരുള്ള നാല് തദ്ദേശ വാർഡുകളായിരുന്നു മേപ്പാടിയിൽ ഉണ്ടായിരുന്നത്. ഈ വാർഡുകളുടെ അതിർത്തി പുനർ ക്രമീകരിച്ച് വോട്ടർമാരുടെ എണ്ണം ക്രമപ്പെടുത്തിയിട്ടുണ്ട്. എങ്കിൽ കൂടി ചില വാർഡുകളിൽ ഇപ്പോഴും കൂടുതൽ വോട്ടർമാർ ഉണ്ടെന്ന് പരാതി ഉയർന്നിട്ടുണ്ട്.
മേപ്പാടി ഗ്രാമപഞ്ചായത്തിൽ വാർഡ് വിഭജിക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ മാപ്പ്