meghanadhan

അച്ഛൻ ബാക്കിവച്ച പകരക്കാരനില്ലാത്ത അഭിനയ സിംഹാസനത്തിലേക്ക് അതു പോലൊരു വേഷം കിട്ടുകയെന്ന അടങ്ങാത്ത ആഗ്രഹം ബാക്കിവച്ചാണ് മേഘനാഥന്റെ മടക്കം. കുറച്ചുനാൾ മുമ്പ് ഒരു അഭിമുഖത്തിനു ചെന്നപ്പോൾ മേഘനാഥൻ പറഞ്ഞു: 'അച്ഛന്റെ മകനാണ് ഞാൻ. ജീവിതത്തിലങ്ങോളം ബാലൻ കെ. നായരെന്ന നടനെ സിനിമ വില്ലനാക്കിയപ്പോഴും ചലച്ചിത്രമേഖലയിലെ ഏറ്റവും വലിയ പുരസ്‌കാരമായ ദേശീയ അവാർഡ് ജേതാവാണ് എന്റെ അച്ഛൻ. ഞാനും വില്ലനാണ്. പക്ഷെ എം.ടിയുടെ 'ഓപ്പോളി"ലെ ഗോവിന്ദനെപ്പോലൊരു കഥാപാത്രം എന്റേയും സ്വപ്‌നമാണ്...!"

അമ്മയുടെ നാടായ ഷൊർണൂരിൽ ജീവച്ച മേഘനാഥൻ വിധിനിയോഗം പോലെ അച്ഛന്റെ നാടായ കോഴിക്കോട്ടെ ആശുപത്രിയിൽ ജീവൻ വെടിഞ്ഞിരിക്കുന്നു. അറുപതാം വയസിൽ,​ ആഗ്രഹിച്ച വേഷങ്ങളിലൊന്നും പകർന്നാടാനാവാതെ മഹാനടൻ ബാലൻ കെ.നായരുടെ മകൻ മേഘനാഥൻ ജീവിതം തീർത്തു മടങ്ങുമ്പോൾ അദ്ദേഹം തന്നെ പറഞ്ഞ വാക്കുകൾ ഓർത്തുപോവുന്നു: 'അമ്മയെ വിവാഹം ചെയ്തശേഷമാണ് അച്ഛൻ ഷൊർണൂരിലേക്ക് താമസം മാറിയത്. ഷൊർണൂരാണ് ഞാൻ പഠിച്ചത്. അതോടെ,​ പത്താം ക്ലാസായപ്പോൾ അച്ഛൻ എന്നെ മദ്രാസിലേക്ക് കൊണ്ടുപോയി. തുടർന്നുള്ള പഠനം അവിടെയായിരുന്നു. അച്ഛന്റെ കൂടെ താമസം. അപ്പോഴും ഇപ്പോഴും ഞാൻ അറിയപ്പെടുന്നത് ബാലൻ കെ. നായരുടെ മകനായിട്ടാണ്. അതിൽ വല്ലാത്ത അഭിമാനവും സന്തോഷവുമുണ്ട്. സിനിമയിൽ മുഖം കാണിക്കുന്നത് അച്ഛന്റെ കൂടെ 'അസ്ത്രം" എന്ന ചിത്രത്തിലൂടെയായിരുന്നു. ക്യാരക്ടർ റോൾ ചെയ്യുന്നത് 'പഞ്ചാഗ്‌നി" യിലും..."

'അച്ഛന്റെ മേൽവിലാസത്തിലാണ് സിനിമയിൽ വന്നതെങ്കിലും എനിക്കുവേണ്ടി മറ്റുള്ളവരുടെയടുക്കൽ ശുപാർശ ചെയ്യുന്ന രീതിയൊന്നും അച്ഛന് ഇല്ലായിരുന്നു. സിനിമ ശാശ്വതമായ ഒരു തൊഴിലല്ലെന്നും സിനിമ കിട്ടാതായാൽ ജീവിക്കാൻ മറ്റൊരു തൊഴിൽ പരിശീലിക്കണമെന്നും അച്ഛൻ പറയാറുണ്ടായിരുന്നു. ഞങ്ങൾക്ക് അന്ന് സ്വന്തമായി വർക്ക് ഷോപ്പ് ഉണ്ടായിരുന്നു. അതിന്റെ കാര്യങ്ങളൊക്കെ നോക്കി നടത്താൻ ചെറുപ്പത്തിലേ ശീലിപ്പിച്ചിരുന്നു. പിന്നീട് കൃഷിയിലേക്കും തിരിഞ്ഞു. അതുകൊണ്ടുതന്നെ സിനിമ എന്നെ വല്ലാതെ വിസ്മയിപ്പിച്ചില്ല..."- അന്ന് മേഘനാഥൻ പറഞ്ഞു.

ബാലൻ കെ.നായരുടെ മകനായതിനാൽ തന്നെ സിനിമയിൽ വരുന്നതിന് മുമ്പേ മേഘനാഥന് മിക്ക സംവിധായകരെയും അറിയാമായിരുന്നു. അങ്ങനെയാണ് ബാലൻ കെ. നായരുടെ സുഹൃത്ത് പി.എൻ മേനോൻ സംവിധാനം ചെയ്ത 'അസ്ത്ര"ത്തിലൂടെ വെള്ളിത്തിരയിൽ മുഖം കാട്ടുന്നത്. മമ്മൂട്ടിക്കൊപ്പമായിരുന്നു ആ സിനിമ. പിന്നീട് ചെറുതും വലുതുമായി പല സിനിമകളിലും വേഷമിട്ടു. ഭരതൻ ചിത്രമായ 'ചമയ"ത്തിലെ കാമുകനും വില്ലനുമായ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. എങ്കിലും പിന്നീട് തുടരെത്തുടരെ വന്നതെല്ലാം വില്ലൻ വേഷങ്ങൾ. അതിൽ 'ചെങ്കോലി"ലെ കീരിക്കാടൻ സണ്ണിയും 'ഈ പുഴയുംകടന്നി"ലെ രഘുവും 'ചന്ദ്രനുദിക്കുന്ന ദിക്കി"ലെയും 'മറവത്തൂർകനവി"ലെയും വില്ലൻ വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടു.

കരിയറിൽ വഴിത്തിരിവായത് 'ആക്ഷൻ ഹീറോ ബിജു"വിലെ കഥാപാത്രമായിരുന്നു. അതിലെ രാജേന്ദ്രനെന്ന നിസ്സഹായനായ ഭർത്താവിന്റെ വേഷം മാറ്റത്തിനു തുടക്കമായി. രോഹിണിയുടെ ഭർത്താവിന്റെ വേഷമായിരുന്നു അതിൽ. 'വില്ലൻ വേഷം കുഴപ്പമില്ല. പക്ഷെ സിനിമയിൽ മിന്നിമറയുന്ന കഥാപാത്രങ്ങളാവുമ്പോൾ സങ്കടം തോന്നാറുണ്ട്. വില്ലൻ വേഷങ്ങളാണെങ്കിലും മിക്കവാറും ചിത്രങ്ങളിലും എനിക്ക് നാലോ അഞ്ചോ സീനുകൾ മാത്രമേ ഉണ്ടാകാറുള്ളൂ. അതിൽ കൂടുതലൊന്നും ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല. 'ഈ പുഴയുംകടന്ന്" എന്ന ചിത്രത്തിൽ നാലു സീനുകളിലേ അഭിനയിച്ചിട്ടുള്ളൂ. എങ്കിലും കഥയുടെ വലിയൊരു ഭാഗത്ത് മറ്റു കഥാപാത്രങ്ങളിലൂടെ എന്റെ സാന്നിദ്ധ്യം ചിത്രത്തിലുണ്ടായിരുന്നു."- അന്നത്തെ അഭിമുഖത്തിനിടെ മേഘനാഥൻ പറഞ്ഞു.

ഇടക്കാലത്ത് സിനിമ കുറഞ്ഞപ്പോൾ കർഷക വേഷത്തിലും മേഘനാഥനെ കണ്ടു. ഷൊർണൂരിൽ അമ്മയുടെ സമ്പാദ്യമായ പറമ്പിൽ തെങ്ങും കവുങ്ങും റബ്ബറും കുരുമുളകും നെൽകൃഷിയുമെല്ലാം തുടങ്ങി. സിനിമ കുറയുമ്പോൾ കൃഷിയും,​ കൃഷി കുറയുമ്പോൾ സിനിമയും- അതായിരുന്നു രീതി. സിനിമയെക്കുറിച്ചും കൃഷിയെക്കുറിച്ചും ചോദിക്കുമ്പോഴെല്ലാം മേഘനാഥന്റെ മറുപടി ഇതു മാത്രം: 'വലിയ സന്തോഷം!"