കോഴിക്കോട്: കലോത്സവ രണ്ടാം ദിനം ഉണരാൻ വൈകിയെങ്കിലും ആസ്വാദകർ പിണങ്ങിയില്ല. തിരശീല ഉയരും മുമ്പേ ആയിരങ്ങൾ സദസുകൾ സ്വന്തമാക്കിയിരുന്നു. കലോത്സവ മേളകളിൽ നിന്ന് അകറ്റിനിർത്തിയിരുന്ന ഗോത്ര കലകൾ കൂടി അരങ്ങിലെത്തിയതോടെ കാണികൾ ആവേശത്തിലായി. ഇടുക്കി ജില്ലയിലെ ആദിവാസി സമൂഹത്തിന്റെ മലപ്പുലയാട്ടം കാണാൻ വേദി 20 ടി.എ റസാഖിൽ ആളുകൾ തടിച്ചു കൂടി. കൊട്ടിനൊപ്പം ചുവടുവെച്ച് കാണികൾ ആർപ്പുവിളിച്ചു. സംഘനൃത്തവും ഒപ്പനയും നടന്ന മുഖ്യവേദിയായ വൈക്കം മുഹമ്മദ് ബഷീറിലും നാടകം അരങ്ങേറിയ എ ശാന്തകുമാറിലും ആസ്വാദകരാൽ തിങ്ങിനിറഞ്ഞു. പക്ഷേ, നാടക മത്സരം പുരോഗമിക്കവെ മൈക്കിനെ ചൊല്ലിയുണ്ടായ തർക്കം മേളയുടെ ശോഭ കെടുത്തി. പതിവിൽ വിപരീതമായി പരിപാടികൾ വൈകിയതും മത്സരാർത്ഥികളെയും രക്ഷിതാക്കളേയും വട്ടം കറക്കി. നൃത്ത വേദികളെ കുറിച്ചും നിരവധി പരാതികൾ ഉയർന്നു. കോൽക്കളി വേദിയിൽ പതിവു പോലെ വിദ്യാർത്ഥികളുടെ ശരീരത്തിൽ ചോര പൊടിഞ്ഞു. തിരുവാതിരക്കളി, കുച്ചിപ്പുടി, ഭരതനാട്യം, കേരളനടനം, നാടോടി നൃത്തം,കോൽക്കളി, തുടങ്ങിയ നൃത്ത ഇനങ്ങളും അരങ്ങേറി. സംഗീത ആസ്വാദകർക്കായി ലളിതഗാനവും മാപ്പിളപ്പാട്ടും അരങ്ങിലെത്തി.
വൈകി വൈകി മത്സരങ്ങൾ
അതിരാവിലെ അണിയറയിലെത്തി ചമയമണിഞ്ഞു കാത്തിരുന്നവർ സ്റ്റേജിലെത്തുമ്പോൾ വൈകിട്ട് 5 മണി!. പ്രധാന വേദിയായ ക്രിസ്ത്യൻ കോളേജ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 9 മണിക്ക് തുടങ്ങേണ്ട ഹൈസ്കൂൾ വിഭാഗം സംഘനൃത്തം ആരംഭിച്ചത് ഉച്ചയ്ക്ക് 12 ന്. ഇതോടെ തുടർന്ന് നടക്കേണ്ട മത്സരങ്ങളെല്ലാം വൈകി. മൈക്കിന്റെ തകരാറു മൂലം ഹൈസ്കൂൾ വിഭാഗം നാടക മത്സരം ഇടയ്ക്ക് നിർത്തിവെക്കേണ്ടി വന്നു. ടീമുകൾ കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യാത്തതിനാലാണ് പരിപാടികൾ ഏറെ വൈകിയതെന്ന് സംഘാടകരും എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ മൂലമാണ് ഇത്രയും വൈകിയതെന്ന് കുട്ടികളും രക്ഷിതാക്കളും പഴിചാരി.
ഒടിഞ്ഞ കൈയിൽ മുദ്ര ഭദ്രം,
ആദിദേവ് നേടി എ ഗ്രേഡ്
കോഴിക്കോട്: വേദന കടിച്ചമർത്തി മുദ്ര പിഴയ്ക്കാതെ കേരളനടനം ആടിയവസാനിപ്പിച്ചപ്പോൾ ആദിദേവിനെ തേടിയെ ത്തിയത് എ ഗ്രേഡിന്റെ മധുരം. ഒടിഞ്ഞുപോയ ഇടതുകൈയുമായാണ് കോഴിക്കോട് സാമൂതിരി ഹയർസെക്കൻഡറി സ്കൂളി ലെ പത്താംക്ലാസുകാരൻ ആദിദേവ് വേദിയിലെത്തിയത്. 15 ദിവസമായി കൈതണ്ടയിലെ ഒടിവും ചതവും കാൽമുട്ടിലെ മുറിവുമായി കഴിയുകയായിരുന്നു. ' ഓന്റെ ഏറെനാളത്തെ ആഗ്രഹാ.. ഞങ്ങളും സ്കൂളിലെ സാറുമാരും ആവതും പറഞ്ഞു നോക്കി. പകുതിക്ക് നിർത്താനാവില്ല. ഇതെന്റെ അവസാന കലോത്സവമാണെന്നാണ് അവൻ പറഞ്ഞത്.' കണ്ണീരോടെ അമ്മ സീമ പറഞ്ഞു. ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ കേരളനടനത്തിലാണ് ആദിദേവ് മത്സരിച്ചത്. സ്കൂൾ വിട്ട് വരുംവഴി ഒരു കുട്ടി കളിയായി തള്ളിയതായിരുന്നു. കൈ കുത്തി റോഡിൽ വീണു. പ്രാക്ടീസ് കൃത്യമായി നടക്കാത്തതിനാൽ പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ലെന്ന് ആദിദേവ് പറഞ്ഞു.
മാപ്പിളപ്പാട്ടിൽ
മിന്നി മീനാക്ഷി
കോഴിക്കോട്: തിക്കോടിയൻ വേദിയിൽ നടന്ന ഹൈസ്കൂൾ വിഭാഗം മാപ്പിളപ്പാട്ട് മത്സരത്തിൽ നിറഞ്ഞത് പുതുമയും തനിമയും. പെൺകുട്ടികളുടെ വിഭാഗത്തിൽ 21 പേരാണ് മത്സരിച്ചത്. ബദ്രുദ്ദീൻ പാറന്നൂർ രചിച്ച പാട്ട് ആലപിച്ച പ്രൊവിഡൻസ് ഹയർ സെക്കൻഡറി സ്കൂളിലെ കെ.കെ. മീനാക്ഷി ഒന്നാം സ്ഥാനം നേടി. മീനാക്ഷി കഴിഞ്ഞ വർഷം സംസ്ഥാന കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. മാപ്പിളപ്പാട്ട് കവി ബദ്രുദ്ദീൻ പാറന്നൂർ മത്സരവേദിയിലെത്തിയത് ഏറെ ശ്രദ്ധ പിടിച്ചുപറ്റി. 'കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ മത്സരം ഏറെ ഗുണമേന്മയുള്ളതായിരുന്നു. കുട്ടികൾ ശബ്ദ നിയന്ത്രണത്തിലും ഉച്ഛാരണത്തിലും പ്രത്യേക ശ്രദ്ധ ചെലുത്തുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചാം വർഷവും
പ്രത്യുഷ് ഒന്നാമൻ
നാല് വയസുമുതൽ നൃത്തം പഠിക്കുന്ന എം.കെ.പ്രത്യുഷിന് പയറ്റി തെളിഞ്ഞ വേദിയാണ് ഓരോ കലോത്സവവും. ഇത് അഞ്ചാം തവണയാണ് കുച്ചിപ്പുടിയിൽ ഒന്നാമനാകുന്നത്. നരിക്കുനി ജി.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥിയായ പ്രത്യുഷിന്ഭരതനാട്യത്തിൽ എഗ്രേഡും കേരളനടനത്തിൽ ഫസ്റ്റ് എ ഗ്രേഡും നേടി.സഹോദരൻ പ്രയാഗ് ഹൈസ്കൂൾ വിഭാഗം നാടോടിനൃത്തത്തിൽ പങ്കെടുക്കുന്നുണ്ട്. ബേക്കറി തൊഴിലാളിയായ അച്ഛൻ പ്രശാന്തും അമ്മ ജിഷയുമാണ് രണ്ടുപേരുടെയും ചാലക ശക്തികൾ. നരിക്കുനി എരവന്നൂരിൽ വാടകയ്ക്ക് താമസിക്കുന്ന ഇവരുടെ കലാജീവിതത്തിന് എല്ലാ സഹായവും നൽകുന്നത് വാടകവീടിന്റെ ഉടമസ്ഥരായ പ്രഭാകരനും പുഷ്പയുമാണ്.