 
സുൽത്താൻ ബത്തേരി: ബത്തേരി ടൗണിൽ എത്തുന്ന യാത്രക്കാർ ഇടവും വലവും എല്ലായിപ്പോഴും ശ്രദ്ധിച്ചുവേണം നടക്കാൻ. എവിടെ നിന്നാണ് തെരുവുനായ ചാടി വീഴുക എന്ന് പറയാനാവില്ല. സൂക്ഷിച്ചില്ലേൽ കടി വീഴും അത്രയ്ക്ക് രൂക്ഷമാണ് സുൽത്താൻ ബത്തേരി പട്ടണത്തിൽ അങ്ങോളമിങ്ങോളം തെരുവുനായ ശല്യം. അസംപ്ഷൻ ജംഗ്ഷൻ, ഗാന്ധി ജംഗ്ഷൻ, ചുങ്കം, കോട്ടക്കുന്ന്, പുതിയ ബസ് സ്റ്റാന്റ് പരിസരം, ടൗൺ സ്‌ക്വയറിന് സമീപം എന്നിവിടങ്ങളെല്ലാം തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രമാണ്. കൂട്ടമായും ഒറ്റയ്ക്കും അലഞ്ഞു തിരിയുന്ന ഈ തെരുവുനായ്ക്കൾ സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും നടന്നുപോകുന്ന വിദ്യാർത്ഥികളുടെയും വിവിധ ആവശ്യങ്ങൾക്ക് ടൗണിലെത്തുന്ന കാൽനടയാത്രക്കാരുടെയും ജീവന് തന്നെ ഭീഷണിയാവുന്നുണ്ട്. ടൗണിൽ പരസ്പരം പോരടിക്കുന്ന തെരുവുനായ കൂട്ടങ്ങളും യാത്രക്കാർക്ക് ഭീഷണിയാവുകയാണ്. ഇത്തരത്തിൽ കടിപിടി കൂടുന്ന തെരുവുനായ്ക്കൾ പെട്ടെന്ന് വാഹനങ്ങൾക്ക് മുന്നിലേക്ക് ചാടുന്നതും ഇരുചക്ര മുച്ചക്ര വാഹനങ്ങൾക്കും അപകടം വരുത്തി വയ്ക്കുകയാണ്. ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ അടക്കം തെരുവുനായ്ക്കൾ തമ്പടിക്കുന്നുണ്ട്. ഇതു കാരണം ഇവിടങ്ങളിൽ യാത്രക്കാർ ഭയപ്പാടോടെയാണ് വാഹനം കാത്തുനിൽക്കുന്നത്. കഴിഞ്ഞ ദിവസം ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഇരിപ്പിടത്തിനടിയിൽ കിടന്നിരുന്ന നായ യാത്രക്കാർക്ക് നേരെ അക്രമവാസനയുമായി കുരച്ചു കൊണ്ട് ചാടി വീണത് യാത്രക്കാരെ തെല്ലൊന്നുമല്ല അങ്കലാപ്പിലാക്കിയത്. തിരക്കുള്ള രാവിലെയും വൈകുന്നേരവും തെരുവുനായ്ക്കൾ പരസ്പരം കലഹിച്ച് കുരച്ചുകൊണ്ടു ഓടി വരുമ്പോൾ ഒതുങ്ങി നിൽക്കാൻ പോലും സാധിക്കാതെ വാഹനം കാത്ത് നിൽക്കുന്നവർ ബുദ്ധിമുട്ടുകയാണ്. റോഡ് മുറിച്ച് കടക്കുമ്പോൾ തെരുവുനായ്ക്കൾ കാൽനടയാത്രക്കാരുടെ പുറകെ ഓടിയെത്തുന്നതും നിത്യ സംഭവമാണ്. ഇത് അപകടങ്ങൾക്ക് വരെ കാരണമാകുന്നുണ്ട്. ഈയൊരു സാഹചര്യത്തിൽ തെരുവ് നായകളെ പിടികൂടി വന്ധ്യം കരിച്ച് ഇവയുടെ എണ്ണം നിയന്ത്രിക്കണമെന്നും നിലവിൽ ടൗണിൽ ഭീഷണിയാവുന്ന തെരുവുനായ്ക്കളെ പിടികൂടി മാറ്റണമെന്നുമാണ് ആവശ്യം.
സുൽത്താൻ ബത്തേരി ടൗമിലെ ഗാന്ധിജംഗ്ഷനിൽ തമ്പടിച്ച നായക്കൂട്ടം