കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർച്ച നേരിട്ട വെള്ളാർമല സ്‌കൂളിന് മണിപ്പാൽ ഫൗണ്ടേഷൻ സൗജന്യമായി നൽകിയ ബസുകൾ ഉപയോഗശൂന്യമായി കിടക്കുന്നു. സ്‌കൂൾ കോമ്പൗണ്ടിൽ പുതിയ രണ്ടു ബസുകൾ രണ്ടുമാസത്തോളമായി നിർത്തിയിട്ടിരിക്കുകയാണ്. ഡ്രൈവറുടെയും ബസിന്റെ മറ്റു ചിലവുകളും വഹിക്കാൻ ആരും ഉത്തരവാദിത്വം ഏറ്റെടുക്കാത്തതാണ് ബസ് കട്ടപ്പുറത്ത് ആകാൻ കാരണം. നിലവിൽ ചൂരൽ മലയിൽ നിന്നും കെ.എസ്.ആർ.ടി.സി ബസിൽ സൗജന്യമായാണ് വിദ്യാർത്ഥികളെ സ്‌കൂളിലേക്ക് എത്തിക്കുന്നത്. ഈ രണ്ടു ബസുകൾ ഉപയോഗപ്പെടുത്തുകയാണെങ്കിൽ കുട്ടികൾക്ക് ഏറെ സഹായകരമാകും. എന്നാൽ ഇന്ധനം ഉൾപ്പെടെയുള്ള ചിലവുകൾ സ്‌കൂൾ പി.ടി.എക്ക് വഹിക്കാൻ കഴിയില്ല. അതിനാൽ തന്നെ ബസ് ഓടിക്കുന്ന ചിലവ് ആര് കണ്ടെത്തും എന്ന് ചോദ്യമാണ് ഉയരുന്നത്. 70 ലക്ഷം രൂപയോളം ചെലവഴിച്ചാണ് മണിപ്പാൽ ഫൗണ്ടേഷൻ സ്‌കൂളിന് സൗജന്യമായി ബസ് നൽകിയത്. ബസുകൾ ഓടിക്കണമെങ്കിൽ ശരാശരി ഒരു മാസം 50,000 രൂപയെങ്കിലും ചിലവാകും. ഇത്രയും തുക കണ്ടെത്താൻ സ്‌കൂൾ പി.ടി.എക്ക് കഴിയില്ല. ജില്ലാ ഭരണകൂടം ഇടപെട്ട് വിഷയത്തിന് പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യം ശക്തമാണ്. ബസുകൾ ഉപയോഗപ്പെടുത്താനായില്ലെങ്കിൽ സംഭാവന നൽകിയ മണിപ്പാൽ ഫൗണ്ടേഷന് തന്നെ അത് തിരിച്ച് നൽകും. വിഷയത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് സ്‌കൂൾ പി.ടി.എ ആവശ്യപ്പെടുന്നത്.