ഇന്ന് കൊടിയിറക്കം
കോഴിക്കോട്: ജനപ്രിയ ഇനങ്ങളായ മോഹിനിയാട്ടവും ചാക്യാർക്കൂത്തും നാടോടിനൃത്തവും
പൂരക്കളിയും, നങ്ങ്യാർക്കൂത്തും ചവിട്ടുനാടകവും വേദിയിലെത്തിയപ്പോൾ കൗമാര മഹോത്സവത്തിന്റെ മൂന്നാം ദിനം ആവേശ പൂരമായി. ഒഴുകിയെത്തിയ ആസ്വാദകരുടെ അകമഴിഞ്ഞ പിന്തുണ കലോത്സവ നഗരിയ്ക്ക് മാറ്റുകൂട്ടി. ഗോത്രജനതയുടെ തനതു കലകളായ പണിയ നൃത്തവും മംഗലം കളിയും അരങ്ങിനെ കൂടുതൽ മിഴിവുള്ളതാക്കി.
നാടകം അരങ്ങേറിയ എ. ശാന്ത കുമാർ വേദിയ്ക്കു മുന്നിലും പൂരക്കളി അരങ്ങേറിയ പ്രദീപൻ പാമ്പിരിക്കുന്ന് വേദിക്കരികിലേയ്ക്കും ആസ്വാദകർ ഒഴുകിയെത്തി. രാവേറയായിട്ടും താളമിട്ട് ആസ്വാദകർ ഒപ്പം നിന്നു. എം.പി വീരേന്ദ്രകുമാർ വേദിയിൽ നടന്ന നാടോടി നൃത്തം കാണാനും ആളുകൾ കൂട്ടമായെത്തി. തനിയാവർത്തനം ഉണ്ടായെങ്കിലും ഹൈസ്കൂൾ വിഭാഗം നാടോടി നൃത്തവും ചവിട്ടുനാടകവും സമ്മാനിച്ചത് മികച്ച ആസ്വാദനാനുഭവം. മത്സരാർത്ഥികൾ കുറഞ്ഞെങ്കിലും ചാക്യാർകൂത്ത് നിലവാരം പുലർത്തി. കടുത്ത മത്സരം നടന്ന മോഹിനിയാട്ടം ആസ്വാദകരിലും ആവേശമുയർത്തി. ഇന്നലെയും പരാതികൾക്ക് പഞ്ഞമുണ്ടായില്ല. സ്റ്റേജിനെ ചെല്ലിയും വിധി നിർണയത്തിലെ പാകപ്പിഴകളും പരാതികൾ നിരനിരയായെത്തി. വേദികൾ തമ്മിലുള്ള ദൂരവും പ്രധാന വേദിയ്ക്കരികിലെ റോഡിലെ തിരക്കും പ്രയാസമുണ്ടാക്കി. കഥകളി, ദഫ്മുട്ട്, ബാൻഡ് മേളം, ഇരുളനൃത്തം തുടങ്ങിയവ ഇന്ന് വേദികളിലെത്തും. ഇന്ന് നടക്കുന്ന സമാപന സമ്മേളനം എം.കെ.മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി .പി .മുസാഫർ അഹമ്മദ് അദ്ധ്യക്ഷത വഹിക്കും.
യുക്തയ്ക്ക് ഇരട്ടി മധുരം
രണ്ടാം തവണയും ഓട്ടൻതുള്ളലിലും മിമിക്രിയിലും ഒന്നാം സ്ഥാനം നേടിയതിന്റെ സന്തോഷത്തിലാണ് മേമുണ്ട ഹയർസെക്കൻഡറിയിലെ പ്ലസ് ടു വിദ്യാർത്ഥി യുക്ത നമ്പ്യാർ കെ. കഴിഞ്ഞ വർഷം രണ്ടിനങ്ങളിലും സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. മിമിക്രിയിൽ മൂന്നാം തവണയാണ് സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടുന്നത്. വിദേശത്ത് ജോലി ചെയ്യുന്ന അച്ഛൻ അനിൽകുമാറും അദ്ധ്യാപികയായ അമ്മ ഷൈനിയും സഹോദരൻ നിർമലുമാണ് യുക്തയുടെ നേട്ടങ്ങൾക്കു പിന്നിലെ ശക്തി.
വഴികാട്ടി അനുജത്തി
നേട്ടംതൊട്ട് അദ്രിനാഥ്
സഹോദരി ആദിലക്ഷ്മി പകർന്നു നൽകിയ വിജയപാഠത്തിൽ അദ്രിനാഥ് നേടിയത് നിറഞ്ഞ കെെയടി. ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ നാടോടിനൃത്ത മത്സരത്തിലാണ് മെഡിക്കൽ കോളേജ് ക്യാമ്പസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി പി. അദ്രിനാഥ് നേട്ടംകൊയ്തത്. ആദിലക്ഷ്മിയും അദ്രിനാഥും ഒരുമിച്ചാണ് നാടോടിനൃത്തം പഠിക്കുന്നത്.
ഉപജില്ല നാടോടിനൃത്തത്തിൽ ആദിലക്ഷ്മി എ ഗ്രേഡ് നേടിയിരുന്നു. കഴിഞ്ഞ വർഷം റവന്യു ജില്ലാ കലോത്സവത്തിൽ എ ഗ്രേഡ് മാത്രമായിരുന്നു. ഇക്കുറി മോണോആക്ടിലും അദ്രിനാഥിന് എ ഗ്രേഡ് ഉണ്ട്. ജെ.എസ് ഡാൻസ് കമ്പനിയിലെ സാബു ജോർജാണ് പരിശീലകൻ. വെള്ളിപറമ്പ് സ്വദേശികളായ പി. രജിലേഷ്, എ.കെ. മോനിഷ ദമ്പതികളുടെ മകനാണ്.
പതിവു തെറ്റാതെ
പൈങ്കുളം പെരുമ
കോഴിക്കോട്: പതിവ് തെറ്റിയില്ല, കലോത്സവ വേദിയിൽ ഇത്തവണയും പൈങ്കുളം പെരുമ. കൂടിയാട്ടം, ചാക്യാർകൂത്ത്, നങ്ങ്യാർകൂത്ത് ഇനങ്ങളിൽ 34 പേരാണ് പൈങ്കുളം നാരായണ ചാക്യാരുടെ ശിക്ഷണത്തിൽ അരങ്ങിൽ എത്തിയത്. പ്രതിഫലം വാങ്ങാതെ, കലയെ സ്നേഹിക്കുന്ന ശിഷ്യരുടെ മഹാസമ്പത്തുണ്ടാക്കിയ നാരായണ ചാക്യാർ കഴിഞ്ഞ 37 വർഷമായി കലോത്സവ വേദികളിൽ നിറ സാന്നിദ്ധ്യമാണ്. കുട്ടികൾ മത്സരിച്ച് സമ്മാനം നേടുന്നതിലല്ല, അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിലാണ് ഈ ഗുരുവിന് സന്തോഷം.
ചാക്യർകൂത്തിൽ വേഷമിട്ട അഞ്ചു പേരിൽ മൂന്ന് പേരും ചാക്യാരുടെ വിദ്യാർത്ഥികൾ. കൂടിയാട്ടത്തിൽ നാല് ഗ്രൂപ്പും നങ്ങ്യാർ കൂത്തിൽ 3 പേരുമാണ് അരങ്ങിലെത്തിയത്. ഇത്തവണ 13 ജില്ലകളിൽ നിന്ന് ചാക്യാരുടെ വിദ്യാർത്ഥികൾ കലോത്സവ വേദിയിൽ എത്തുന്നുണ്ട്. കേരളത്തിലുടനീളം 400 വിദ്യാർത്ഥികളാണ് തൃശൂർ പാഞ്ഞാൾ പൈങ്കുളത്തെ വീട്ടിൽ താമസിച്ച് പഠിക്കുന്നത്.
1987 മുതൽ കലോത്സവ വേദികളിലുണ്ട് പൈങ്കുളം. കലാമണ്ഡലത്തിലായിരുന്നു പഠനം.വേദികളിൽ ചാക്യാർകൂത്ത് തുടങ്ങിയതോടെ പരിശീലകനായി. കൂടിയാട്ടത്തെ കലോത്സവത്തിന്റെ ഭാഗമാക്കാൻ പ്രധാന പങ്ക് വഹിച്ചു. കേരളത്തിനകത്തും പുറത്തും 4000ത്തിലധികം വേദികളിൽ അരങ്ങേറി. ഭാഷയും അക്ഷരവുമാണ് ഇന്നത്തെ കുട്ടികൾ നേരിടുന്ന പ്രധാന പ്രശ്നമെന്നും കലാസ്വാദനം കുറഞ്ഞു വരുന്ന ഇക്കാലത്ത് മനസിരുത്തി ആസ്വദിച്ചാൽ ഇവ മനസിലാക്കാമെന്നും ചാക്യാർ പറയുന്നു. കുട്ടികളെ സൗജന്യമായി പഠിപ്പിക്കുന്നതിലൂടെ കലാപ്രചാരണമാണ് ലക്ഷ്യമിടുന്നത്. കുട്ടികൾ തമ്മിൽ മത്സരിക്കുന്നു എന്ന പ്രയോഗം തന്നെ തെറ്റാണെന്നാണ് ഇദ്ദേഹത്തിന്റെ വാദം.
പണിയ നൃത്തം തനിമ ചോരാതെ..
ചുരമിറങ്ങിയെത്തിയ ഗുരുക്കൻമാരുടെ ശിക്ഷണത്തിൽ ഹൈസ്കൂൾ വിഭാഗം പണിയ നൃത്തത്തിൽ കപ്പിടിച്ച് ബി.എം ഗേൾസ് എച്ച്.എസിലെ പെൺപുലികൾ. കാക്കവയൽ സ്വദേശികളായ സുചിത്ര, സുധ, അശ്വതി, മണികണ്ഠൻ, ദിനിൽ കുമാർ, ഗോപാലൻ എന്നിവരായിരുന്നു പരിശീലകർ. ആഢംബരങ്ങളൊന്നുമില്ലാതെ തനത് വാദ്യമേളവും ഗോത്ര സൗന്ദര്യം തുളുമ്പുന്ന പാട്ടുകളും ചേലകളുമായിട്ടായിരുന്നു വയനാട്ടിലെ പണിയ വിഭാഗക്കാരുടെ തനത് കലാരൂപമായ പണിയ നൃത്തം. തങ്ങളുടെ തനത് കലാരൂപം അരങ്ങിൽ കാണാൻ വൈത്തിരി സ്വദേശികളായ ശങ്കരനും ബാലകൃഷ്ണനും വേദിക്ക് മുന്നിലുണ്ടായിരുന്നു. വിശേഷ അവസരങ്ങളിലും ഒഴിവു സമയങ്ങളിലും പണിയ കുടിലുകളിലാണ് നൃത്തം അവതരിക്കപ്പെടുന്നത്.