court

വടകര: കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഈ മാസം 25നകം പൊലീസ് അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്ന് വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി. ഇന്നലെ കേസ് പരിഗണിച്ചപ്പോൾ പൊലീസ് റിപ്പോർട്ട് സമർപ്പിക്കാത്തതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.

പിടിച്ചെടുത്ത ഫോണുകളുടെ ഫോറൻസിക് പരിശോധനാ ഫലവും അന്വേഷണ പുരോഗതിയുടെ റിപ്പോർട്ടും ഹാജരാക്കാൻ രണ്ടാഴ്ച മുമ്പെ പൊലീസിന് കോടതി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇന്നലെ ഇവ ഹാജരാക്കിയിരുന്നില്ല. കൂടുതൽ സമയം ആവശ്യപ്പെടുകയും ചെയ്തു. ആദ്യം ഇന്നുതന്നെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് പറഞ്ഞ കോടതി, വരുന്ന തിങ്കളാഴ്ച വരെ സാവകാശം അനുവദിക്കുകയായിരുന്നു.

കേസെടുത്ത് എട്ട് മാസമായിട്ടും അന്വേഷണത്തിലെ മെല്ലെപ്പോക്ക് ചൂണ്ടിക്കാട്ടിയും കോടതി മേൽനോട്ടം ആവശ്യപ്പെട്ടുമാണ് പരാതിക്കാരനായ എം.എസ്.എഫ് നേതാവ് മുഹമ്മദ് കാസിം കോടതിയെ സമീപിച്ചത്. 29ന് വാദം തുടരും.