കോഴിക്കോട്: അഞ്ച് ദിനരാത്രങ്ങൾ കലാപ്രതിഭകൾ നിറഞ്ഞാടിയ കൗമാര കലാമാമാങ്കത്തിന് കോഴിക്കോട് നഗരത്തിൽ തിരശ്ശീല വീഴുമ്പോൾ വിജയ കിരീടം ചൂടി കോഴിക്കോട് സിറ്റി ഉപജില്ല. ചേവായൂരിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സിറ്റി സാഹിത്യ നഗരത്തിൽ കപ്പുയർത്തിയത്. കലോത്സവത്തിന്റെ ആദ്യദിനം മുതൽ വ്യക്തമായ ലീഡ് നിലനിർത്തിയ സിറ്റി 943 പോയിന്റോടെയാണ് ഒന്നാമതായത്. 929 പോയന്റുമായി ചേവായൂർ ഉപജില്ല രണ്ടാം സ്ഥാനവും 902 പോയന്റുമായി കൊടുവള്ളി ഉപജില്ല മൂന്നാം സ്ഥാനവും നേടി. 849 പോയന്റുമായി പേരാമ്പ്രയാണ് നാലാം സ്ഥാനത്ത്. സ്കൂളുകളിൽ ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തിൽ 322 പോയന്റുമായി മേമുണ്ട എച്ച്.എസ്.എസ് ഒന്നാംസ്ഥാനം സ്വന്തമാക്കി. 321 പോയന്റ് നേടിയ സിൽവർ ഹിൽസ് എച്ച്.എസ്.എസാണ് രണ്ടാം സ്ഥാനത്ത്. 255 പോയന്റോടെ പേരാമ്പ്ര എച്ച്.എസ്.എസ് മൂന്നാംസ്ഥാനത്തുമെത്തി. യു.പി വിഭാഗത്തിൽ ചേവായൂർ വിജയിച്ചപ്പോൾ സിറ്റി രണ്ടാമതെത്തി. സമാപന സമ്മേളനം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു. 19 മുതൽ 23 വരെ നഗരത്തിലെ 20 വേദികളിലായാണ് മത്സരങ്ങൾ അരങ്ങേറിയത്. 17 ഉപ ജില്ലകളിൽ നിന്നായി 319 ഇനങ്ങളിൽ 8000 ത്തോളം മത്സരാർത്ഥികൾ മേളയിൽ മാറ്റുരച്ചു.
ഗോത്രകല അന്യമാകില്ല
ഞങ്ങടെ നെഞ്ചിലുണ്ട്...
കോഴിക്കോട്: ചീനിയും തുടിയും ഉയർന്നു, താളവും പാട്ടും ആട്ടവും മുറുകി. ചുവടുവെച്ച് സദസും. സ്കൂൾ കലോത്സവ മാന്വലിൽ ഗോത്രകല ഉൾപ്പെടുത്തുമ്പോഴുണ്ടായ ആശങ്കകളെല്ലാം അകലുന്നതായിരുന്നു സദസിലെ തിരയിളക്കം. അന്യമാകില്ല, ഞങ്ങടെ നെഞ്ചിലുണ്ടെന്ന് ആർത്തുവിളിച്ച് കലയേയും കലാകാരൻമാരെയും കാണികൾ ചേർത്തുപിടിച്ചു. പണിയനൃത്തം (വട്ടക്കളി, കമ്പക്കളി), ഇരുളനൃത്തം, മലപ്പുലയാട്ടം, മംഗലംകളി, പളിയനൃത്തം എന്നീ ഗോത്രകലകളാണ് വേദിയിലെത്തിയത്. സ്കൂൾ കലോത്സവ ചരിത്രത്തിൽ ആദ്യമായാണ് ഗോത്രകലകൾ മത്സര ഇനങ്ങളാകുന്നത്. പതിവിൽ വിപരീതമായി ക്ലാസിക്കൽ നൃത്ത വേദികളേക്കാൻ ജനപ്രിയമാവുകയായിരുന്നു ഗോത്രകല വേദികൾ. മേളയുടെ രണ്ടാം ദിനം ടി.എ റസാഖ് വേദിയിൽ ആദ്യ ഇനമായെത്തിയ മലപ്പുലയാട്ടം കാണാൻ തിങ്ങി നിറഞ്ഞ സദസായിരുന്നു. പാട്ടിന്റെ താളത്തിൽ ആളുകൾ താളം ചവിട്ടുന്ന കാഴ്ചയും കലോത്സവ വേദിയിൽ വേറിട്ടതായി. തുടർന്നുള്ള ദിവസങ്ങളിൽ വേദിയിലെത്തിയ മംഗലംകളിയും പണിയ നൃത്തവും ഇരുളനൃത്തവും പളിയനൃത്തവും വലിയ കൈയടി നേടി. പല സ്കൂളുകളും തനത് ഗോത്രകലാകാരൻമാരെ കണ്ടെത്തിയാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്.
ഇരുളടഞ്ഞില്ല ഇരുളനൃത്തം,
കൈകൂപ്പി അച്ഛനും മകളും
കോഴിക്കോട്: ഇരുളരുടെ കലാതിശയങ്ങൾ അഭ്രപാളിയിലെത്തിച്ച പളനിസ്വാമിയും അട്ടപ്പാടിയുടെ വനദേവതയെന്ന വിളിപ്പേരിൽ അറിയപ്പെടുന്ന മകൾ അനുപ്രശോഭിനിയ്ക്കും കലോത്സവം പകർന്നത് ആഹ്ലാദ ദിനം.
ലിപിയില്ലാത്ത തമിഴും മലയാളവും കന്നടയും കലർന്ന തങ്ങളുടെ ഭാഷയും ചുവടുകളും ഇരുളനൃത്തമായി പിറവി കൊണ്ടപ്പോൾ ആർപ്പുവിളികളോടെ ഏറ്റെടുത്ത സദസിനെ നോക്കി ഇരുവരും നന്ദിയോടെ കൈ കൂപ്പി. അനുപ്രശോഭിനിയുടെയും പളനിസ്വാമിയുടെയും പരിശീലനത്തിൽ നരിക്കുനി ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികളാണ് ഇരുളനൃത്തം വേദിയിലെത്തിച്ചത്. ഒന്നാന്തരം ഇരുളനർത്തകനായി, പ്രചാരകനായി രണ്ടു പതിറ്റാണ്ടോളമായി പളനിസ്വാമി രംഗത്തുണ്ട്. അയ്യപ്പനും കോശിയും സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്തു. ഇരുളരുടെ ഗോത്രാഭിമാനമായ പാട്ടും നൃത്തവും പരിരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി 2004ൽ ആരംഭിച്ച ആസാദ് കലാസംഘം ( ഗോത്രകലാമണ്ഡലം) നർത്തകരും കലാപ്രേമികളുമായ 25 പേരുടെ കൂട്ടായ്മ കൂടിയാണ്. അട്ടപ്പാടിയിലെ ഇരുള സമുദായത്തിന്റെ പരമ്പരാഗത നൃത്തമാണ് ഇരുളനൃത്തം. ക്ഷേത്രോത്സവങ്ങൾ, കൊയ്ത്തുകാലം, ജനന-മരണ ചടങ്ങുകൾ എന്നിവയിലാണ് ഇരുള നൃത്തം അവതരിപ്പിക്കുന്നത്.
ബാൻഡ് മേളത്തിൽ
പ്രൊവിഡൻസിന്റെ
മധുര പ്രതികാരം
കോടതി ഉത്തരവും വിവാദങ്ങളുമില്ലാതെ പ്രൊവിഡൻസ് ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ബാൻഡ് സംഘത്തിന് സംസ്ഥാന കലോത്സവത്തിലേക്ക് വണ്ടി കയറാം. കഴിഞ്ഞ വർഷം ബാൻഡ് മേള മത്സരത്തിൽ നിന്ന് അയോഗ്യരാക്കപ്പെട്ട്, ഒടുവിൽ ഹൈക്കോടതി ഉത്തരവുമായെത്തിയാണ് സംസ്ഥാന തലത്തിൽ എ ഗ്രേഡും ഒന്നാം സ്ഥാനവും നേടി മടങ്ങിയത്. അനുഭവം നീറ്റലായുള്ളതിനാൽ ഇത്തവണ ഉപജില്ല മുതൽ ഒന്നാംസ്ഥാനത്തിൽ കുറഞ്ഞതൊന്നും പ്രൊവിഡൻസ് സ്കൂളിലെ ഗൗരി നന്ദകിഷോറും സംഘവും സ്വപ്നം കണ്ടിരുന്നില്ല. മത്സരഫലം വന്നതോടെ ആവേശത്തിന്റെ കൊടുമുടിയിലായിരുന്നു കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും. വിധികർത്താക്കളെ ചൊല്ലിയുള്ള പതിവ് പരാതി ഒഴിവാക്കാൻ മുതിർന്ന ആർമി ഉദ്യോഗസ്ഥരെയാണ് സംഘാടകർ നിയോഗിച്ചത്. ഒരു ടീം മാത്രം പങ്കെടുത്ത ഹയർ സെക്കൻഡറി വിഭാഗം മത്സരത്തിൽ ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്. എസ്. എസ് സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി.